‘അമ്മയുള്ളവന് ലോകം മുഴുവൻ’; ഉമ്മയുടെ ഓർമകളിൽ ഹൃദയംതൊട്ട് ശൈഖ് മുഹമ്മദ്
അന്തരിച്ച മാതാവിനുള്ള കത്തിൽ ഹൃദയം നിറയുന്ന സ്മരണകളുമായി ദുബൈ ഭരണാധികാരി
ദുബൈ: ‘ജീവിതം പലതും പഠിപ്പിച്ചു, ഉമ്മാ. പക്ഷേ, നീയില്ലാതെ എങ്ങനെ ജീവിക്കണമെന്ന് മാത്രം പഠിപ്പിച്ചില്ല. ഉമ്മയുള്ളവൻ സമ്പന്നനാണ്. ഉമ്മയുള്ളവന് ലോകം മുഴുവനുമുണ്ട്’ യുഎഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അന്തരിച്ച മാതാവിന് എഴുതിയ ഹൃദയ സ്പർശിയായ കത്തിലെ വാചകങ്ങളാണിത്. മാതാവ് ശൈഖ ലത്തീഫ ബിൻത് ഹംദാൻ ആൽ നഹ്യാനൊപ്പമുള്ള ബാല്യകാല ഓർമകളും ഉമ്മയുടെ പ്രാർഥനകളും ജീവിതത്തിലെ നേട്ടങ്ങളും വേർപാടിന്റെ വേദനയും പങ്കുവെക്കുന്ന കത്ത് വായനക്കാരുടെ ഹൃദയം തൊടുന്നു. ജീവിതത്തിൽ എത്ര വളർന്നാലും ഉമ്മയുടെ പ്രാർഥനകൾക്കും സ്നേഹത്തോടെയുള്ള തലോടലിനും അനുഗ്രഹങ്ങൾക്കും പകരംവെക്കാൻ മറ്റൊന്നിനുമാകില്ലെന്ന് ശൈഖ് മുഹമ്മദ് ഓർമിപ്പിക്കുന്നു. ശൈഖ് മുഹമ്മദിന്റെ പുതിയ പുസ്തകമായ ‘ലെറ്റേഴ്സ്’ സമാഹാരത്തിലാണ് ഉമ്മക്കുള്ള കത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്. മക്കൾ, കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ, യുഎഇയിലെ ജനങ്ങൾ, ലോകം എന്നിവരെ അഭിസംബോധന ചെയ്യുന്ന 26 കത്തുകളിലെ ഏറ്റവും ഹൃദയസ്പർശിയും വൈകാരികത നിറഞ്ഞതുമായതാണ് ഉമ്മക്കുള്ള കത്ത്. ബാല്യം മുതലുള്ള ഓർമകളിലൂടെയാണ് ശൈഖ് മുഹമ്മദ് കത്തിലൂടെ വായനക്കാരെ നയിക്കുന്നത്. അതിരാവിലെ മാതാവ് തയാറാക്കിയിരുന്ന റൊട്ടിയും കാപ്പിയും, മുഖത്തെ പുഞ്ചിരി, ഔഷധച്ചെടികളെക്കുറിച്ചും കുതിരകളെക്കുറിച്ചുമുള്ള സംഭാഷണങ്ങൾ, വീട്ടിൽ വളർത്തിയിരുന്ന മാൻകുട്ടികൾ, അഗതികൾക്കായി ഉമ്മ നടത്തിയ സഹായങ്ങൾ...അങ്ങനെ കുടുംബജീവിതത്തിന്റെ നനവാർന്ന ഓർമകളിലൂടെ മുന്നോട്ടുപോകുന്നു.=‘എന്റെ ഹൃദയമേ, ആത്മാവേ, മാതൃഭൂമിയേ, പ്രിയപ്പെട്ടവളേ’ എന്നാണ് മാതാവിനെ വിശേഷിപ്പിക്കുന്നത്. തന്റെ അസ്തിത്വത്തിന്റെയും ജീവിതത്തിന്റെയും വിജയത്തിന്റെയും ഉറവിടമായിരുന്നു ഉമ്മയെന്നും അദ്ദേഹം കുറിക്കുന്നു.
ജീവിതത്തിലെ നേട്ടങ്ങളെല്ലാം ഉമ്മയെ നേരിൽ കാണിച്ച് സന്തോഷം പങ്കിടാൻ കഴിയാത്തതിന്റെ വേദനയാണ് ‘ഉമ്മ, നീ ഇന്നുണ്ടായിരുന്നെങ്കിൽ...’ എന്ന വാചകം കത്തിൽ ആവർത്തിക്കുന്നതിലൂടെ നിറയുന്നത്. ‘എന്റെ ജീവിതത്തിൽനിന്ന് കുറച്ച് വർഷങ്ങൾ കൂടി ഉമ്മക്ക് നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ... ഉമ്മയുടെ ആയുസ്സ് നീട്ടാൻ എന്റെ ദിവസങ്ങളിൽനിന്ന് ചിലത് മാറ്റിവെക്കാൻ കഴിഞ്ഞിരുന്നെങ്കിൽ... ഒരിക്കൽക്കൂടി നിന്റെ ശബ്ദം കേൾക്കാൻ സ്വന്തം ജീവിതത്തിൽനിന്ന് കുറച്ചെങ്കിലും നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ’ — അമ്മയുടെ വിയോഗം സൃഷ്ടിച്ച ശൂന്യതയെക്കുറിച്ച് ശൈഖ് മുഹമ്മദ് എഴുതുന്നു.
‘വലിയൊരു പക്ഷി’യിൽ ലണ്ടനിലേക്കുള്ള ആദ്യ യാത്ര
മാതാവിനൊപ്പമുള്ള ബാല്യകാല ഓർമകളിൽ പ്രത്യേക സ്ഥാനമുണ്ട് ശൈഖ് മുഹമ്മദിന്റെ ആദ്യ വിദേശയാത്രക്ക്. കടലുകൾക്കു മുകളിലൂടെ പറക്കുന്ന ‘വലിയൊരു പക്ഷി’യിൽ കയറി ലണ്ടൻ എന്ന ദൂരദേശത്തേക്ക് പോകുന്നതിനെക്കുറിച്ച് ഉമ്മ പറഞ്ഞുതന്നത് അദ്ദേഹം ഓർത്തെടുക്കുന്നു. ആ യാത്രക്കായി മാതാവ് വാങ്ങിക്കൊടുത്ത ആദ്യത്തെ മനോഹരമായ ജാക്കറ്റും വിദേശത്തുനിന്ന് തിരിച്ചെത്തിയപ്പോൾ മാതാവിനായി കൊണ്ടുവന്ന ആദ്യ സമ്മാനവും ഇന്നും മായാത്ത ഓർമകളാണ്. അന്ന് മകനെ ദൂരദേശത്തേക്ക് യാത്രയാക്കിയ മാതാവിനോട് ഇന്ന് പറയാൻ ഒരുപാടുണ്ടെന്ന് ശൈഖ് മുഹമ്മദ് എഴുതുന്നു. ഒയുഎഇയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ എത്തുന്നതും കുട്ടികൾ സന്ദർശിക്കാൻ സ്വപ്നം കാണുന്നതും സ്വന്തം മക്കൾ അവിടെ പോകാൻ അമ്മമാർ ആഗ്രഹിക്കുന്നതും കാണാൻ മാതാവ് ഇന്നുണ്ടായിരുന്നെങ്കിൽ എന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.അന്തരിച്ച പിതാവും ദുബൈ ഭരണാധികാരിയുമായിരുന്ന ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന് 40 വർഷത്തോളം കരുത്തായി നിന്ന വ്യക്തിയായാണ് മാതാവിനെ ശൈഖ് മുഹമ്മദ് വിശേഷിപ്പിക്കുന്നത്. കുടുംബത്തിന്റെ താങ്ങും തണലുമായി നിലകൊണ്ട അവർ, മക്കളെ വളർത്തുന്നതിലും കുടുംബത്തെ ചേർത്തുപിടിക്കുന്നതിലും നിർണായക പങ്കുവഹിച്ചു.
രോഗികളെ പരിചരിക്കുകയും ദരിദ്രർക്ക് ഭക്ഷണം നൽകുകയും അനാഥരെ സംരക്ഷിക്കുകയും ചെയ്ത കാരുണ്യവതിയായ സ്ത്രീയെന്ന നിലയിലും മാതാവിനെ അദ്ദേഹം ഓർക്കുന്നു. ആവശ്യക്കാരായ സ്ത്രീകൾക്ക് ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും വിതരണം ചെയ്യാൻ ബാല്യകാലത്ത് അമ്മയോടൊപ്പം പോയിരുന്നതും കത്തിൽ വിവരിക്കുന്നു. ഉമ്മയുടെ ഗന്ധവും ആലിംഗനവും ഹൃദയത്തിലെ ഊഷ്മളതയും ഒരാൾക്ക് ഒരിക്കലും മറക്കാനാകില്ല. അമ്മയുടെ പ്രാർഥനകൾക്കും അനുഗ്രഹങ്ങൾക്കും ജീവിതകാലം മുഴുവൻ മക്കൾക്ക് ആവശ്യമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. ‘അമ്മയുള്ളവൻ സമ്പന്നനാണ്. അവന് ലോകം മുഴുവനുമുണ്ട്. മാതാവിനെ നഷ്ടപ്പെട്ടവന് സ്വന്തം ലോകമാണ് നഷ്ടമായത്’ എന്ന വാക്കുകൾ കത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗങ്ങളിലൊന്നാണ്. മാതാവിന്റെ സ്നേഹം ഒരിക്കലും പ്രായമാകുന്നില്ലെന്നും അവരുടെ വേർപാട് ഒരിക്കലും മറക്കാനാകില്ലെന്നും ശൈഖ് മുഹമ്മദ് എഴുതുന്നു. കടൽത്തീരത്തേക്ക് വീണ്ടും വീണ്ടും വന്നെത്തുന്ന തിരമാലകളെപ്പോലെ, ഓരോ ദിവസവും നഷ്ടബോധവും ഓർമകളും പുതുക്കിക്കൊണ്ടിരിക്കും.തന്റെ ഹൃദയത്തിൽനിന്ന് ഒരിക്കലും മായാത്ത മുഖത്തിനും ആത്മാവിനൊപ്പം നിലനിൽക്കുന്ന ഓർമയ്ക്കും രാജ്യത്തിന്റെ സ്മരണയിൽ എന്നും ജീവിക്കുന്ന മാതാവിനുമായി ദൈവത്തിന്റെ കാരുണ്യം തേടിയാണ് ശൈഖ് മുഹമ്മദ് കത്ത് അവസാനിപ്പിക്കുന്നത്.