സംഘർഷം മൂലം മാറ്റിവെക്കൽ; സിബിഎസ്​ഇ പ്ലസ് ടു പ്രത്യേക പരീക്ഷകൾ 23 മുതൽ

യുഎഇ, കുവൈത്ത്​, ബഹ്​റൈൻ, ഖത്തർ, ഒമാൻ, സൗദി അറേബ്യ രാജ്യങ്ങളിലാണ്​ പരീക്ഷകൾ

Update: 2026-10-13 12:22 GMT
Editor : Rafeeq MM | By : Gulf Desk

ദുബൈ: മിഡിലീസ്റ്റിലെ സംഘർഷത്തെത്തുടർന്ന് റദ്ദാക്കിയ സിബിഎസ്ഇ പ്ലസ്​ ടു ബോർഡ് പരീക്ഷകൾക്ക് പകരമായുള്ള പ്രത്യേക പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 23ന് ആരംഭിക്കുന്ന പരീക്ഷകൾ 28ന് അവസാനിക്കും. യുഎഇ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലാണ് പരീക്ഷ. യുഎഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, ഇറാൻ, എന്നീ രാജ്യങ്ങളിലെ വിദ്യാർഥികൾക്കായാണ് പ്രത്യേക പരീക്ഷ. 20 അക്കാദമിക് വിഷയങ്ങളിലും 20 നൈപുണ്യാധിഷ്ഠിത വിഷയങ്ങളിലുമായി 40 വിഷയങ്ങളിൽ പരീക്ഷ നടക്കും. മാർച്ച് 15നാണ് ഈ രാജ്യങ്ങളിലെ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കുന്നതായി സിബിഎസ്ഇ പ്രഖ്യാപിച്ചത്. മാർച്ച് 27ന് പ്രത്യേക മൂല്യനിർണയ പദ്ധതി അവതരിപ്പിച്ചിരുന്നു. ഈ പദ്ധതിപ്രകാരം ഫലം പ്രഖ്യാപിച്ച വിദ്യാർഥികൾക്ക് ഇപ്പോൾ പ്രത്യേക പരീക്ഷ എഴുതാൻ അവസരമുണ്ട്​. .

2026ലെ പ്രധാന പരീക്ഷയ്ക്കായി ലിസ്റ്റ് ഓഫ് കാൻഡിഡേറ്റ്സ് സമർപ്പിച്ച, സിബിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകളിലെ യോഗ്യരായ സ്ഥിരം വിദ്യാർഥികൾക്കാണ് പരീക്ഷയിൽ പങ്കെടുക്കാനാവുക. പ്രത്യേക മൂല്യനിർണയ പദ്ധതിയിലൂടെ ഫലം ലഭിച്ചവരായിരിക്കണം ഇവർ. താൽപര്യമുള്ള വിഷയങ്ങളിൽ പരീക്ഷ എഴുതാം. പുതിയ പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് നേരത്തെയുള്ള പ്രകടനത്തിന് പകരമാകും. പുതിയ പരീക്ഷയുടെ ഫലമായിരിക്കും അന്തിമം.


Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Gulf Desk

contributor

Similar News