തനിമ സാംസ്‌കാരിക വേദി പഠനയാത്ര സംഘടിപ്പിച്ചു
ദമ്മാം: തനിമ സാംസ്‌കാരിക വേദി ദമ്മാം ഘടകം പെരുന്നാളിനോടനുബന്ധിച്ച് പഠനയാത്ര സംഘടിപ്പിച്ചു. അൽബാഹ - താഇഫ് എന്നിവിടങ്ങളിലേക്കാണ് നാല് ദിനം നീണ്ടുനിന്ന യാത്ര ഒരുക്കിയത്. അൽബാഹയിലെ ദീ ഐൻ പൈതൃക ഗ്രാമത്തിലെ മാർബിൾ വീടുകൾ, പ്രകൃതിസൗന്ദര്യമാർന്ന പ്രിൻസ് ഹുസാം പാർക്ക്, നാലായിരത്തോളം ഒലിവ് മരങ്ങൾ കൊണ്ട് പ്രസിദ്ധമായ ഒലിവ് ഫാം, അകേഷിയയും ജുനിപ്പറും ഉൾപ്പെടെയുള്ള വൃക്ഷങ്ങളാൽ സമൃദ്ധമായ റഘ്ദാൻ ഫോറസ്റ്റ് പാർക്ക് തുടങ്ങിയ സ്ഥലങ്ങളും സഞ്ചാരികൾക്ക് മനോഹര അനുഭവമായി.
അൽ ബാഹയിൽ നിന്നുള്ള യാത്ര പിന്നീട് താഇഫിലേക്കും നീണ്ടു. കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതി ഭംഗിയോടൊപ്പം നൂറ്റാണ്ടുകളുടെ ചരിത്രവും ഇഴചേർന്നു കിടക്കുന്ന താഇഫിൽ ആദ്യമായി സന്ദർശിച്ചത് അൽ-ഹദ്ദാ വ്യൂ പോയിന്റ് ആയിരുന്നു. അൽ-ഷഫ മലനിരകൾ, അൽ-ഹദ്ദാ മലനിരകൾ, പുരാതനവും ചരിത്ര പ്രസിദ്ധവുമായ അദ്ദാസ് മസ്ജിദ്, ഇബ്‌ന് അബ്ബാസ് മസ്ജിദ്, അൽ-കൂ' മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളും സംഘം സന്ദർശിച്ചു. കൂടാതെ അൽ-ഹദ്ദാ ചുരം റോഡിന്റെ ആകാശ കാഴ്ച്ച കേബിൾ കാറിൽ കയറി സംഘം ആസ്വദിച്ചു.
കുട്ടികളുടെയും മുതിർന്നവരുടെയും ഗാനങ്ങൾ, വൈജ്ഞാനിക ചർച്ചകൾ, പ്രശ്‌നോത്തരി തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ യാത്രയെ സജീവമാക്കി. ചീഫ് കോഡിനേറ്റർ ഉബൈദ് മണാട്ടിൽ, വളണ്ടിയർമാരായ അൻസാർ, ഇബ്രാഹിം, നബീൽ, അനസ്, റയ്യാൻ എന്നിവർ നേതൃത്വം നൽകി.