പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം: ജിദ്ദയിൽ ഒരുക്കം പൂർത്തിയാകുന്നു
ചൊവ്വാഴ്ച സൗദി കിരീടാവകാശിയുമായി ചർച്ച, വിവിധ കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കും
റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനായി ജിദ്ദയിൽ ഒരുക്കം പൂർത്തിയാകുന്നു. സൗദിയിലേക്ക് മൂന്നാം തവണയാണ് മോദി എത്തുന്നത്. ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിലിന്റെ യോഗവും പുതിയ കരാറുകളും സന്ദർശനത്തിൽ ഒപ്പുവെക്കും. പങ്കെടുക്കുന്ന പരിപാടികളുടെ വിശദാംശങ്ങളും വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി സൗദിയിലെത്തുക. സൗദി കിരീടാവാകാശിയുമായി കൂടിക്കാഴ്ചയാണ് പ്രധാനപ്പെട്ടത്. ഇന്ത്യ സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ രണ്ടാം മീറ്റിങിൽ ഇരു രാഷ്ട്ര നേതാക്കളും സംബന്ധിക്കും. ബിസിനസ് പ്രമുഖരുമായുള്ള കൂടിക്കാഴ്ചയിൽ മോദി സംബന്ധിക്കും. ജിദ്ദയിലെ ഏതെങ്കിലും ഒരു ഫാക്ടറിയിലെ ഇന്ത്യക്കാരേയും പ്രധാനമന്ത്രി കാണും. എന്നാൽ പ്രവാസികളെ പങ്കെടുപ്പിച്ച് കമ്യൂണിറ്റി ഇവന്റ് ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞിട്ടില്ല. സൗദിയിലെ നിയോമിൽ പ്രധാനമന്ത്രി സന്ദർശിക്കുമെന്നാണ് വിവമെങ്കിലും ഇതിലും മന്ത്രാലയം സ്ഥിരീകരണം നൽകിയിട്ടില്ല.
പ്രതിരോധം, പ്രതിരോധ വ്യവസായം, പുനരുപയോഗ ഊർജം, ആരോഗ്യം എന്നിവക്ക് പുറമെ മീഡിയ, വിനോദം, കായികം എന്നീ മേഖലയിലെ സഹകരണ കരാറുകളും ധാരണാ പത്രങ്ങളും ഒപ്പുവെക്കും. ഇന്ത്യ മീഡിലീസ്റ്റ് യൂറോപ് വ്യവസായ ഇടനാഴി പുരോഗതിയും ചർച്ചയാകും. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം ഇതിന്റെ പുരോഗതിയിൽ സൃഷ്ടിച്ച പ്രതിബദ്ധങ്ങളും വിശകലനം ചെയ്യും. അടുത്ത മാസം മുംബൈയിൽ നടക്കുന്ന വിഷ്വൽ മീഡിയ സമ്മിറ്റിലേക്ക് സൗദിയെ ക്ഷണിക്കുകയും ചെയ്യും. സാമ്പത്തിക പ്രതിരോധ രംഗത്തെ സഹകരണമാകും സന്ദർശനത്തിലെ പ്രാധാന ചർച്ചാ മേഖലകൾ. 2024ൽ ഇന്ത്യാ സൗദി കര സൈനിക വിഭാഗം സംയുക്ത പരിശീലനം നടത്തിയിരുന്നു. 255 മില്യൺ മൂല്യം വരുന്ന ആയുധ വ്യവസായ രംഗത്തെ കരാർ ഇരു രാജ്യങ്ങളും തമ്മിലുണ്ട്. സാമ്പത്തിക രംഗത്തെ കരാറുകളും ഇരുവരും ഒപ്പുവെക്കും. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം സൗദി ഇന്ത്യയുടെ അഞ്ചാമത്തെയും ഇന്ത്യ സൗദിയുടെ രണ്ടാമത്തെയും വ്യാപാര പങ്കാളിയാണ്. സന്ദർശനത്തിൽ പൊതുമാപ്പ്, പ്രവാസികളുടെ ക്ഷേമം, കൂടുതൽ തൊഴിലിനുള്ള അവസരം എന്നിവയിൽ ചർച്ചകളുണ്ടാകുമോ എന്നതിൽ വ്യക്തതയില്ല.