അംബേദ്കർ ജയന്തി ആഘോഷം;വംശീയതക്കെതിരെ സാഹോദര്യ രാഷ്ട്രീയം ശക്തിപ്പെടുത്തണമെന്ന് പ്രവാസി സെമിനാർ

Update: 2025-04-19 11:14 GMT
Editor : razinabdulazeez | By : Web Desk
Advertising

റിയാദ്: രാജ്യത്തെ മുഴുനീളം ഗ്രസിച്ച വംശീയതക്കും ഫാഷിസത്തിനുമെതിരെ ഭരണഘടനയുടെ മുഖവുര വിഭാവന ചെയ്യുന്ന സാഹോദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും രാഷ്ട്രീയത്തെ ശക്തിപ്പെടുത്താൻ പ്രവാസി വെൽഫെയർ സംഘടിപ്പിച്ച അംബേദ്കർ സെമിനാർ ആഹ്വാനം ചെയ്തു. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന 'വംശീയ കാലത്തെ അംബേദ്കറും ഭരണഘടനയും' എന്ന സെമിനാറിൽ പ്രവാസി വെൽഫെയർ സെൻട്രൽ പ്രോവിൻസ് വൈസ് പ്രസിഡന്റ് അംജദ് അലി അധ്യക്ഷത വഹിച്ചു. ബത്ഹ ഏരിയ പ്രസിഡന്റ് അഡ്വ. ജമാൽ വിഷയമവതരിപ്പിച്ചു. ഭരണഘടന ശിൽപി എന്നതിനപ്പുറം ജാതീയതയെ അഡ്രസ്സ് ചെയ്ത രാഷ്ട്രതന്ത്രജ്ഞനാണ് അംബേദ്കറെന്നും സാമ്പത്തിക അസമത്വം, ജാതി വെറി, വംശീയത, ഇസ്‌ലാമോഫോബിയ തുടങ്ങിയ സമസ്യകളെ ഭരണഘടനയുടെ ആമുഖത്തിലൂടെ ഒരു പ്രവചന സ്വഭാവത്തിൽ മുന്നിൽ കാണുകയും പരിഹാരം നിർദ്ദേശിക്കുകയും ചെയ്ത അസാധാരണ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും വിഷയാവതാരകൻ ചൂണ്ടിക്കാട്ടി. ഉന്നതമായ അക്കാദമിക പിൻബലവും ആർജവവും ഇഛാശക്തിയുള്ള ബാബാ സാഹിബിന്റെ പ്രയത്നങ്ങളാണ് നമ്മുടെ രാജ്യം ഒരു മതേതര രാഷ്ട്രമായി മാറിയത്. അത് നിലനിർത്താൻ നാം വിട്ടുവീഴ്ച്ച ചെയ്യരുതെന്ന് മുൻ പ്രവാസി പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട് പറഞ്ഞു. ഭരണഘടനയുടെ ആമുഖം വായിച്ച് മീഡിയ ഫോറം പ്രസിഡന്റ് വി. ജെ നസ്റുദ്ദീനും പൊതുസമൂഹത്തിന്റെ ഭക്ഷണത്തിലും കലയിലും സാഹിത്യത്തിലും തിട്ടൂരങ്ങൾ ഇറക്കുന്ന സർക്കാർ നയങ്ങളെ വിമർശിച്ച് 'കേരളമിത്രം' എഡിറ്റർ ജയൻ കൊടുങ്ങല്ലൂരും സംസാരിച്ചു. ഭരണഘടന മൂല്യങ്ങൾ കാറ്റിൽ പറത്തി ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനും ഫെഡറലിസം ഇല്ലാതാക്കാനും ശ്രമിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ പോരാടുവാൻ നവോദയ കേന്ദ്ര കമ്മിറ്റി അംഗം സുധീർ കുമ്മിളും ആഹ്വാനം ചെയ്തു. അംബേദ്കർ ജന്മദിനത്തിൽ നടന്ന ഓൺലൈൻ ക്വിസ് പരിപാടിയിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ വെച്ച് നടന്നു. ഒന്നാം സ്ഥാനം നേടിയ ബഷീർ ഫതഹുദ്ദീനുള്ള സമ്മാനം ശിഹാബ് കൊട്ടുകാട് നൽകി. രണ്ടാം സമ്മാനാർഹയായ നഹൽ റയ്യാന് അംജദ് അലിയും മൂന്നാം സമ്മാനം ഉമർ സഈദിന് എം. പി ഷഹ്ദാനും നൽകി. പ്രോത്സാഹന സമ്മാനങ്ങൾക്കർഹരായ മുഹമ്മദ് ഇബ്രാഹിം, ഐദിൻ എൻ ഷരീഫ്, സുർസി ഷഫീഖ് എന്നിവർക്ക് വി ജെ നസ്റുദ്ദീൻ, ജയൻ കൊടുങ്ങല്ലൂർ, സുധീർ കുമ്മിൾ എന്നിവർ സമ്മാനിച്ചു. ലബീബ് മാറഞ്ചേരി അവതാരകനായിരുന്നു. പ്രവാസി ജനറൽ സെക്രട്ടറി എം.പി ഷഹ്ദാൻ സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ അഷ്‌റഫ്‌ കൊടിഞ്ഞി നന്ദിയും പറഞ്ഞു. ഫാമിലികളടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. അബ്ദുറഹ്മാൻ ഒലയാൻ, മഹ്‌റൂഫ്, ബാസിത് കക്കോടി, അഫ്സൽ ഹുസൈൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News