സൗദി ഫലക് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു
ബഹിരാകാശ പര്യവേക്ഷണങ്ങളിൽ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്ന പഠനങ്ങൾക്കായാണ് ദൗത്യം
റിയാദ്: സൗദിയുടെ ഫലക് ഗവേഷണ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. പര്യവേക്ഷകർക്കുള്ള ഗവേഷണങ്ങൾക്കായാണ് ഫലക് എന്ന പേരിൽ ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്നു മുതൽ അഞ്ചു ദിവസം വരെ നീണ്ടു നിൽകുന്നതായിരിക്കും ദൗത്യം.
സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ ഒൻപത് എന്ന റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഏപ്രിൽ 1ന് പുലർച്ചെ 4.46 നായിരുന്നു വിക്ഷേപണം.
ബഹിരാകാശ പര്യവേക്ഷണങ്ങളിൽ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്ന പഠനങ്ങൾക്കായാണ് ഈ ദൗത്യം. ബഹിരാകാശത്തിൽ ദീർഘകാലം തുടരുമ്പോഴാണ് ഇത്തരം പ്രയാസങ്ങൾ അനുഭവപെടുക. ഇതിനായുള്ള ശാസ്ത്രീയ വിശദീകരണം, പരിഹാര മാർഗങ്ങൾ എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം. ദൗത്യം വിജയകരമായി പൂർത്തിയാക്കിയാൽ ദീർഘകാലം പഠനങ്ങൾക്കായി തുടരുന്ന ഗവേഷകർക്ക് ഏറെ ഗുണം ചെയ്യുന്ന ഫലങ്ങളായിരിക്കും ലഭിക്കുക.
ഫലക് സ്‌പേസ് സയൻസ് ആൻഡ് റിസേർച്, മുഹമ്മദ് ബിൻ സൽമാൻ ചാരിറ്റബിൾ ഫൗണ്ടേഷൻ എന്നിവയുടെ പിന്തുണയോടെയാണ് ഗവേഷണ ദൗത്യം. ചുൻ വാങ്, ജാനേക്കെ മിക്കൽസൺ, എറിക് ഫിലിപ്പ്‌സ്, റാബിയ റുഗെ തുടങ്ങിയവരാണ് ദൗത്യത്തിന്റെ ഭാഗമാവുന്നത്. 3 മുതൽ 5 ദിവസത്തോളമായിരിക്കും ദൗത്യം നീണ്ടുനിൽക്കുക. സാമൂഹ്യ നന്മ മുൻ നിർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.