റിയാദ് സീസൺ 2025;വിനോദ വിസ്മയത്തിലെത്തിയത് 80 ലക്ഷം സന്ദർശകർ
ഇക്കഴിഞ്ഞ ഒക്ടോബർ 10 നാണ് ഈ വർഷത്തെ റിയാദ് സീസൺ ആരംഭിച്ചത്
റിയാദ്: റിയാദ് സീസൺ 2025 ലെ സന്ദർശകരുടെ എണ്ണം 80 ലക്ഷം കവിഞ്ഞതായി സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് അറിയിച്ചു. ഇക്കഴിഞ്ഞ ഒക്ടോബർ 10 നാണ് ഈ വർഷത്തെ റിയാദ് സീസൺ ആരംഭിച്ചത്. മിഡിൽ ഈസ്റ്റിലും ലോകത്ത് തന്നെയും ഏറ്റവും പ്രധാനപ്പെട്ട വിനോദ പരിപാടികളിൽ ഒന്നായി മാറിയിരിക്കുകയാണിത്. വൈവിധ്യമാർന്ന പരിപാടികളോടെ തുടക്കം മുതലേ ശക്തമായ പൊതുജന പങ്കാളിത്തമാണ് റിയാദ് സീസണിൽ കാണാനായത്.
സീസൺ സോണുകളിൽ സന്ദർശകരുടെ വലിയ തിരക്കാണ് രേഖപ്പെടുത്തുന്നത്. ഭക്ഷണം, കല, ഫാഷൻ, കരകൗശല വിദ്യകൾ എന്നിവയിലൂടെ വിവിധ രാജ്യങ്ങളുടെ സംസ്കാരവും പൈതൃകവും ഹൈലൈറ്റ് ചെയ്യുന്ന അൽ-സുവൈദി പാർക്കിലാണ് കൂടൂതൽ ആളുകളെത്തുന്നത്. തിയേറ്ററുകൾ, ഗാനമേളകൾ, വിനോദ ഷോകൾ എന്നിവയുടെ കേന്ദ്രമായ ബൊളിവാർഡ് സിറ്റി, ബൊളിവാർഡ് വേൾഡ് എന്നിവയിലും വൻ ജനത്തിരക്കാണ്.
റിയാദ് മോട്ടോർ ഷോയിലും നിരവധി പേരാണ് എത്തുന്നത്. പ്രധാന കായിക ഇവന്റുകളും പൊതുജന താൽപര്യം വർധിപ്പിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള പ്രധാന ബോക്സിങ് മത്സരങ്ങൾ അവതരിപ്പിച്ച ദി റിങ് IV ബോക്സിങ് നൈറ്റാണ് കായിക ഇവന്റുകളിൽ മുന്നിൽ. കഴിഞ്ഞ ആഴ്ചകളിലെ ഏറ്റവും കൂടുതൽ സന്ദർശകരുള്ള ഇവന്റുകളിൽ ഒന്നായും ഇത് മാറി. ആഗോള കണ്ടന്റ് ക്രിയേറ്റർ മിസ്റ്റർബീസ്റ്റ് അവതരിപ്പിക്കുന്ന ദി ബീസ്റ്റ് ലാന്റും സീസൺ തുറന്നത് മുതൽ ഉയർന്ന തിരക്ക് രേഖപ്പെടുത്തി.