നിക്ഷേപകർക്ക് നേട്ടം; 115 കോടി റിയാൽ ലാഭവിഹിതം പ്രഖ്യാപിച്ച് അൽമറായി കമ്പനി
ഓരോ ഓഹരിക്കും 1.15 റിയാൽ വീതം ലഭിക്കും
റിയാദ്: സൗദിയിലെ പ്രമുഖ ഭക്ഷ്യോൽപാദന കമ്പനിയായ അൽമറായി 2025 സാമ്പത്തിക വർഷത്തേക്കുള്ള ലാഭവിഹിതം പ്രഖ്യാപിച്ചു. കമ്പനിയുടെ ഡയറക്ടർ ബോർഡ് ആകെ 115 കോടി റിയാൽ ലാഭവിഹിതം വിതരണം ചെയ്യാൻ ശിപാർശ ചെയ്തു. സൗദി സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ തദാവുലിൽ കമ്പനി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. മൊത്തം ഒരു ബില്യൺ ഓഹരികൾക്കാണ് ലാഭവിഹിതം ലഭിക്കുക. അതനുസരിച്ച് ഓരോ ഓഹരിയ്ക്കും 1.15 റിയാൽ വീതം ലാഭവിഹിതമായി ലഭിക്കും. ഇത് ഓഹരിയുടെ മുഖവിലയുടെ 11.5 ശതമാനമാണ്.
ഈ ശിപാർശയ്ക്ക് കമ്പനിയുടെ ജനറൽ അസംബ്ലിയിൽ അംഗീകാരം ലഭിച്ച ശേഷമാകും ലാഭവിഹിതം വിതരണം ചെയ്യുക. അസംബ്ലിയുടെ തീയതി സർക്കാർ അധികൃതരുടെ അനുമതി ലഭിച്ചതിന് ശേഷം അറിയിക്കുമെന്ന് അൽമറായി വ്യക്തമാക്കി. ലാഭവിഹിതം യഥാസമയം ലഭിക്കുന്നതിനായി ഓഹരി ഉടമകൾ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് കമ്പനി നിർദേശിച്ചിട്ടുണ്ട്. പൊതുയോഗം കഴിഞ്ഞ് രണ്ടാമത്തെ വ്യാപാര ദിനം അവസാനിക്കുമ്പോൾ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി സെന്ററിൽ രജിസ്റ്റർ ചെയ്ത ഓഹരി ഉടമകൾക്കായിരിക്കും ഈ ലാഭവിഹിതം ലഭിക്കുക.