‘മെയ്ഡ് ഇൻ സൗദി’ വിപണി 180 രാജ്യങ്ങളിലേക്ക് പടർന്നു- സൗദി വ്യവസായ ധാതുവിഭവ മന്ത്രി

‘മെയ്ഡ് ഇൻ സൗദി’ വിപണിയിൽ 3700-ൽ അധികം ദേശീയ കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്

Update: 2025-12-16 10:33 GMT
Editor : Mufeeda | By : Web Desk

റിയാദ്: സൗദിയിൽ നിർമിക്കുന്ന ഉത്പന്നങ്ങളുടെ വിപണി 180 രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി സൗദി വ്യവസായ ധാതുവിഭവ മന്ത്രി ബന്ദർ അൽ ഖുറൈഫ്. റിയാദിൽ നടക്കുന്ന മൂന്നാമത് ‘മെയ്ഡ് ഇൻ സൗദി അറേബ്യ’ പ്രദർശന ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ്ഡ് ഇൻ സൗദി അറേബ്യ പരിപാടി എണ്ണയിതര കയറ്റുമതിയിൽ റെക്കോർഡ് വളർച്ച കൈവരിക്കാൻ സഹായിച്ചതായും അൽ ഖുറൈഫ് ചൂണ്ടിക്കാട്ടി.

2024-ൽ ഇത് 51.5 ലക്ഷം കോടി റിയാൽ എത്തി. 2025-ന്റെ ആദ്യ പകുതിയിൽ തന്നെ രാജ്യ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അർധ വാർഷിക മൂല്യമായ 3.07 ലക്ഷം കോടി റിയാലാണ് രേഖപ്പെടുത്തിയത്. ‘മെയ്ഡ് ഇൻ സൗദി’ വിപണിയിൽ 3700-ൽ അധികം ദേശീയ കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിലൂടെ ലോക വിപണിയിലേക്ക് കയറ്റിയയക്കപ്പെടുന്ന ഉത്പന്നങ്ങളുടെ എണ്ണം 19,000-ൽ കൂടുതലായെന്നും മന്ത്രി വ്യക്തമാക്കി.

സൗദി വ്യവസായത്തിന്റെ വികസനം, ഉത്പന്നങ്ങളുടെ ഗുണനിലവാരം, പ്രാദേശിക - അന്താരാഷ്ട്ര വിപണികളിലെ അവയുടെ മത്സരശേഷി എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള പ്രധാന വേദിയാണ് ‘മെയ്ഡ് ഇൻ സൗദി’ പ്രദർശനം. ദേശീയ വ്യവസായങ്ങളുടെ വളർച്ചയെ പിന്തുണക്കുന്ന തന്ത്രപരമായ പങ്കാളിത്തങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന അവസരമാണിതെന്നും മന്ത്രി പറഞ്ഞു.‍ 2021ലാണ് ഈ പരിപാടി ആരംഭിച്ചത്.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News