ഖത്തർ എനർജിയുടെ ദുഖാൻ സൗരോർജ പ്ലാന്റിന്റെ നിർമാണം ഈ വർഷം തുടങ്ങും
കഴിഞ്ഞ വർഷം സെപ്തംബറിലാണ് ദുഖാൻ മെഗാ സൗരോർജ പദ്ധതി പ്രഖ്യാപിച്ചത്
Update: 2025-04-07 13:54 GMT
ദോഹ: ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പദ്ധതികളിലൊന്നായ ദുഖാൻ സൗരോർജ പ്ലാന്റിന്റെ നിർമാണം ഈ വർഷം തന്നെ തുടങ്ങും. പദ്ധതിയുടെ നിർമാണം തുടങ്ങുമെന്ന് ഖത്തർ ടിവിയാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് ഖത്തർ എനർജി ദുഖാൻ മെഗാ സൗരോർജ പദ്ധതി പ്രഖ്യാപിച്ചത്.
പദ്ധതി ഖത്തറിന്റെ സൗരോർജ ഉൽപാദന ശേഷി ഗണ്യമായി ഉയർത്തും. പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷ ഉൽപാദനം 4000 മെഗാവാട്ടായി ഉയരും. 2030ഓടെ ഖത്തറിന്റെ ആകെ വൈദ്യുതി ഉൽപാദന ശേഷിയുടെ 30ശതമാനവും സൗരോർജമാക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം. ഇതിന് പുറമേ 230 കോടി റിയാൽ നിക്ഷേപത്തിൽ 875 മെഗാവാട്ട് ശേഷിയുള്ള രണ്ട് കൂറ്റൻ സൗരോർജ നിലയങ്ങൾ മിസൈദിലും റാസ് ലഫാനിലുമായി ഈ ഏപ്രിൽ മാസത്തോടെ പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.