ലുസൈൽ സ്‌കൈ ഫെസ്റ്റിവലിന് നാളെ കൊടിയേറും
അൽ സദ്ദ് പ്ലാസയാണ് ശനിയാഴ്ച വരെ നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ കേന്ദ്രം
ദോഹ: ഖത്തറിൽ ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങളിൽ പ്രധാന ആകർഷണമായ ലുസൈൽ സ്‌കൈ ഫെസ്റ്റിവലിന് നാളെ കൊടിയേറും. അൽ സദ്ദ് പ്ലാസയാണ് ശനിയാഴ്ച വരെ നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ കേന്ദ്രം.
ഖത്തറിലും മേഖലയിലും ആദ്യമായാണ് ഈ ആകാശ വിസ്മയം ഒരുങ്ങുന്നത്. വൈകുന്നേരം നാല് മുതൽ രാത്രി 10 വരെ നീണ്ടു നിൽക്കുന്ന ദൃശ്യ വിരുന്ന് പുതിയ അനുഭവമാകും കാഴ്ചക്കാർക്ക് സമ്മാനിക്കുക. 3000ത്തോളം ഡ്രോണുകൾ വർണക്കാഴ്ചകൾ സമ്മാനിക്കും. എയർ ക്രാഫ്റ്റുകളിൽ നിന്നുള്ള പെയിന്റിങ്, വെടിക്കെട്ട്, അന്തരാഷ്ട്ര എയറോബാറ്റിക്‌സ്, സ്‌കൈ ഡൈവിങ്, സ്‌കൈറൈറ്റിംഗ് പ്രകടനങ്ങൾ, ഹൈ-സ്പീഡ് ജെറ്റ് ഡിസപ്ലേകൾ എന്നിവയെല്ലാം സ്‌കൈ ഫെസ്റ്റിവലിന്റെ ഭാഗമാണ്.
ദാന അൽ ഫർദാന്റെ സംഗീത ഷോയും ആസ്വാദകർക്ക് വിരുന്നൊരുക്കും. ആകാശക്കാഴ്ചകൾക്കൊപ്പം രുചിവൈവിധ്യങ്ങളുമായി ഭക്ഷ്യമേളയും നടക്കും. മൂന്ന് ദിവസവും വെടിക്കെട്ടും ഒരുക്കിയിട്ടുണ്ട്.