സമുദ്ര പൈതൃകവുമായി സിൻയാർ ഫെസ്റ്റിവൽ നാളെ മുതൽ
കതാറ കൾച്ചറൽ വില്ലേജാണ് വേദി
ദോഹ: ഖത്തറിന്റെ സമുദ്ര പൈതൃകവുമായി സെൻയാർ ഫെസ്റ്റിവൽ നാളെ കതാറ ബീച്ചിൽ ആരംഭിക്കും. പരമ്പരാഗത മത്സ്യബന്ധന രീതിയായ ഹദ്ദാഖ് മത്സരവും ലിഫ ഫെസ്റ്റിവലും ഉൾപ്പെടെ ഖത്തറിന്റെ സമ്പന്നമായ പാരമ്പര്യം വിളിച്ചോതുന്ന വിവിധ പരിപാടികൾ ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും.
ഹാൻഡ്-ലൈൻ മത്സ്യബന്ധനമായ ഹദ്ദാഖ് ആണ് സെൻയാർ ഫെസ്റ്റിവലിലെ പ്രധാന ആകർഷണം. ക്ഷമയും വൈദഗ്ധ്യവും ആവശ്യമുള്ള ഈ പരമ്പരാഗത രീതി ഉപയോഗിച്ച് ഏറ്റവും വലിയ മത്സ്യത്തെ പിടിക്കുന്നതിനായി മത്സരാർത്ഥികൾ മാറ്റുരയ്ക്കും. മത്സ്യബന്ധനത്തിലെ വൈദഗ്ധ്യം മറ്റ് പ്രധാന മത്സര വിഭാഗമാണ്. ഇത്തവണ 54 ടീമുകളിലായി 600 മത്സരാർത്ഥികൾ ഫെസ്റ്റിവലിൽ പങ്കെടുക്കും.
സീലൈനിലാണ് ആദ്യഘട്ട മത്സരങ്ങൾ നടക്കുന്നത്. ഈ മാസം 25 വരെ നീണ്ടുനിൽക്കുന്ന സെൻയാർ ഫെസ്റ്റിവലിൽ ഖത്തറിന് പുറമെ മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളും പങ്കെടുക്കുന്നുണ്ട്. ഫെസ്റ്റിവൽ നടക്കുന്ന കതാറയിൽ വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.