ഖത്തർ സ്റ്റാർസ് ലീഗിൽ അൽസദ്ദിന് തുടർച്ചയായ മൂന്നാം കിരീടം
അൽഅഹ്‌ലിയെ എതിരില്ലാത്ത അഞ്ച് ഗോളിന് വീഴ്ത്തിയാണ് സദ്ദിന്റെ കിരീടധാരണം
ദോഹ: ഖത്തർ സ്റ്റാർസ് ലീഗിൽ അൽസദ്ദിന് തുടർച്ചയായ മൂന്നാം കിരീടം. അവസാന മത്സരത്തിൽ അൽ അഹ്‌ലിയെ എതിരില്ലാത്ത അഞ്ച് ഗോളിന് വീഴ്ത്തിയാണ് സദ്ദ് കിരീടം നേടിയത്. സീസണിലെ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വന്നു ഇത്തവണ സ്റ്റാർസ് ലീഗ് ജേതാക്കളെ കണ്ടെത്താൻ. അൽദുഹൈലും സദ്ദും തമ്മിലുള്ള അകലം രണ്ട് പോയിന്റ് മാത്രം. തോൽക്കാതിരുന്നാൽ കിരീടം സ്വന്തം. നാലാമതുള്ള അൽഅഹ്‌ലിയെ എതിരില്ലാത്ത അഞ്ച് ഗോളിന് വീഴ്ത്തിയാണ് സദ്ദിന്റെ കിരീടധാരണം.
അൽസദ്ദിന്റെ തുടർച്ചയായ മൂന്നാമത്തെയും ലീഗിലെ പതിനെട്ടാമത്തെയും കിരീടമാണിത്. 52 പോയിന്റുള്ള സദ്ദിന് പിന്നിൽ 50 പോയിന്റുമായി ദുഹൈൽ രണ്ടാം സ്ഥാനത്തും 41 പോയിന്റുള്ള അൽഗരാഫ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. 21 ഗോളുകൾ അടിച്ചു കൂട്ടിയ അൽ റയ്യാന്റെ ബ്രസീലിയൻ താരം റോജർ ഗ്വെയ്ഡസാണ് ടോപ് സ്‌കോറർ. സദ്ദിന്റെ അക്രം അഫീഫ് 18 ഗോളുമായി രണ്ടാം സ്ഥാനത്തുണ്ട്.