പെരുന്നാൾ ആഘോഷ നിറവിൽ ഖത്തറിലെ പ്രവാസി സമൂഹം
ഒരുമാസം നീണ്ട വ്രതവിശുദ്ധിയുടെ ദിനങ്ങൾക്ക് ശേഷം പെരുന്നാൾ ആഘോഷ നിറവിൽ ഖത്തറിലെ പ്രവാസി സമൂഹം.രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി എഴുനൂറിലേറെ കേന്ദ്രങ്ങളിലാണ് പ്രാർഥനയ്ക്ക് സൗകര്യം ഒരുക്കിയിരുന്നത്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയ്ക്കായി പ്രാർഥിച്ചും ഐക്യദാർഢ്യം പ്രകടിപ്പിച്ചുമാണ് വിശ്വാസികൾ ഈദ് ഗാഹുകളിൽ നിന്നും മടങ്ങിയത്.
രാജ്യത്താകമാനം 700 ലേറെ കേന്ദ്രങ്ങളിൽ പെരുന്നാൾ നമസ്‌കാരം നടന്നു. നേരത്തെ പള്ളികളും ഈദ് ഗാഹും ഉൾപ്പെടെ 690 ഇടങ്ങളെന്നായിരുന്നു ഔഖാഫ് അറിയിച്ചതെങ്കിലും ജനത്തിരക്ക് പരിഗണിച്ച് കൂടുതൽ ഇടങ്ങളിൽ സൗകര്യം ഏർപ്പെടുത്തുകയായിരുന്നു.
വിവിധ ഇടങ്ങളിൽ ഖുതുബയുടെ മലയാള പരിഭാഷയും ഏർപ്പെടുത്തിയിരുന്നു. ലഹരിക്കെതിരായ സാമൂഹിക ബോധവൽകരണും കുടുംബങ്ങളിലെ രക്ഷിതാക്കളുടെ ഉത്തരവാദിത്തവും ഖതീബുമാർ ഉത്‌ബോധിപ്പിച്ചു.കുടുംബാംഗങ്ങളെ സന്ദർശിച്ചും സൗഹൃദം ഊഷ്മളമാക്കിയുമാണ് പ്രവാസികൾ പെരുന്നാൾ ദിനം ആഘോഷമാക്കിയത്.
നാട്ടിൽ നിന്നും മക്കൾക്കൊപ്പം പെരുന്നാൾ ആഘോഷിക്കാനെത്തിയവരും ഇത്തവണ ഏറെയുണ്ട്. മൂന്ന് ദിവസം നീളുന്ന വെടിക്കെട്ടാണ് പെരുന്നാളിനോട് അനുബന്ധിച്ച് പ്രധാന കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. കതാറ, വക്ര സൂഖ്,ലുസൈൽ എന്നിവിടങ്ങളിലാണ് വെടിക്കെട്ട് നടക്കുക. ലുസൈലിൽ സ്‌കൈ ഫെസ്റ്റിവൽ നടക്കുന്ന ഏപ്രിൽ മൂന്ന് മുതൽ അഞ്ചുവരെയുള്ള ദിവസങ്ങളിലാണ് വെടിക്കെട്ട് നടക്കുക.