പെരുന്നാളാഘോഷത്തിന് ഒരുങ്ങി എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം
2022 ലോകകപ്പ് ഫുട്‌ബോളിന് ശേഷം നടന്ന എല്ലാ പെരുന്നാളിനും ഖത്തറിലെ പ്രധാന ഈദുഗാഹുകളിലൊന്നാണ് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം
ദോഹ: പെരുന്നാളാഘോഷത്തിന് ഒരുങ്ങി ലോകകപ്പ് ഫുട്‌ബോൾ മത്സര വേദിയായ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം. കഴിഞ്ഞ തവണ മുപ്പതിനായിരത്തിലേറെ പേരാണ് ഇവിടെ പ്രാർഥനയ്ക്കും ആഘോഷങ്ങൾക്കുമായി എത്തിയത്.
2022 ലോകകപ്പ് ഫുട്‌ബോളിന് ശേഷം നടന്ന എല്ലാ പെരുന്നാളിനും ഖത്തറിലെ പ്രധാന ഈദുഗാഹുകളിലൊന്നാണ് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം. കഴിഞ്ഞ പെരുന്നാളിന് 30000ത്തിലേറെ പേർ സ്റ്റേഡിയത്തിൽ നമസ്‌കാരത്തിനും തുടർന്നു നടന്ന ആഘോഷ പരിപാടികൾക്കും എത്തിയതായി ഖത്തർ ഫൗണ്ടേഷൻ അറിയിച്ചിരുന്നു. ഇത്തവണയും വിപുലമായ സൗകര്യങ്ങളാണ് വിശ്വാസികൾക്കായി ഒരുക്കിയിരിക്കുന്നത്.
സ്റ്റേഡിയത്തിന്റെ 6,13,17,24,28,35, 39 ഗേറ്റുകളിലൂടെയാണ് പ്രവേശനം. വെസ്റ്റ് കാർ പാർക്ക്, ഇ.സി ഹോസ്പിറ്റാലിറ്റി പാർക്കിങ്, ഓക്‌സിജൻ പാർക്ക് എന്നിവിടങ്ങളിൽ പാർക്കിങ് സൗകര്യവുണ്ട്. ഓക്‌സിജൻ പാർക്കിൽ നിന്നും അൽ ഷഖബിൽ നിന്നും ട്രാം സർവീസുണ്ടാകും. നമസ്‌കാരത്തിന് പിന്നാലെ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. എജ്യുക്കേഷൻ സിറ്റി പള്ളിയിൽ പെരുന്നാൾ നമസ്‌കാരം ഉണ്ടായിരിക്കില്ലെന്നും അധികൃതർ അറിയിച്ചു.