ആണവ കരാർ: യുഎസ്-ഇറാൻ ചർച്ച നാളെ ഒമാനിൽ

യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഖ്ചിയും തമ്മിലാണ് ചർച്ച

Update: 2025-04-11 09:34 GMT
Advertising

മസ്‌കത്ത്: ഏപ്രിൽ 12 ന് നടക്കുന്ന യുഎസ്-ഇറാൻ ചർച്ചകൾക്ക് ഒമാൻ വേദിയാകും. മധ്യസ്ഥൻ എന്ന നിലയിൽ ഒമാൻ നിഷ്പക്ഷത പുലർത്തുന്നതാണ് രാജ്യത്ത് ചർച്ച സംഘടിപ്പിക്കാൻ കാരണം. ഒരു ആണവ കരാറിൽ എത്തിച്ചേരുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയും ഇറാനും ചർച്ചയിൽ പങ്കെടുക്കുന്നത്.

യുഎസ് ഇറാനുമായി നേരിട്ട് ചർച്ച നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാന്റെ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഖ്ചിയും തമ്മിലാണ് ചർച്ച.

''ചർച്ച സമാധാനത്തിലേക്ക് നയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇറാൻ ഒരിക്കലും ഒരു ആണവായുധം കൈവശം വയ്ക്കാൻ പോകുന്നില്ലെന്ന് ഞങ്ങൾക്ക് വളരെ വ്യക്തമായിരുന്നു, അതാണ് ഈ കൂടിക്കാഴ്ചയിലേക്ക് നയിച്ചതെന്ന് ഞാൻ കരുതുന്നു'' യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.

ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ ശനിയാഴ്ച ഉച്ചയ്ക്ക് മസ്‌കത്തിൽ എത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചതായി അറേബ്യൻ സ്‌റ്റോറീസ് റിപ്പോർട്ട് ചെയ്തു. 'ഇത്തരം ചർച്ചകളിൽ ഒമാൻ യഥാർത്ഥത്തിൽ നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നത്. മധ്യസ്ഥൻ എന്നതിലുപരി കൈമാറ്റങ്ങളുടെ സഹായകനായാണ് പ്രവർത്തിക്കുന്നത്,' ഇന്റർപ്രെറ്റർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ജോനാഥൻ കാംബെൽ-ജെയിംസ് പറഞ്ഞു.

'പരമാവധി സമ്മർദ്ദം' വീണ്ടും ഏർപ്പെടുത്തുമെന്ന് ഫെബ്രുവരിയിൽ പ്രസിഡന്റ് ട്രംപ് പറഞ്ഞതുമുതൽ യുഎസും ഇറാനും തമ്മിലുള്ള ബന്ധം പിരിമുറുക്കത്തിലാണ്. എന്നാൽ, ചർച്ചകൾ സമാധാനത്തിലേക്ക് നയിക്കുമെന്ന് റൂബിയോ പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News