Writer - razinabdulazeez
razinab@321
മസ്കത്ത്: ഇറാൻ-അമേരിക്ക ആണവ ചർച്ചയിലെ മധ്യസ്ഥത ഒമാന്റെ നയതന്ത്രമേഖലയിലെ തിളക്കമുള്ള ഒരു പൊൻതൂവൽ കൂടിയായി. ചർച്ചക്ക് വേദിയൊരുക്കിയ ഒമാനെ പ്രശംസിച്ച് വിവിധ ലോക രാജ്യങ്ങൾ രംഗത്തെത്തി. രണ്ടാം ഘട്ട ചർച്ച അടുത്ത ശനിയാഴ്ച വീണ്ടും മസ്കത്തിൽ നടക്കും. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുടെ മധ്യസ്ഥതയിലായിരുന്നു കഴിഞ്ഞ ദിവസം നടന്ന രണ്ടര മണിക്കൂർ നീണ്ടു നിന്ന ചർച്ച. ചർച്ച ക്രിയാതമകവും സൃഷ്ടിപരവുമായിരുന്നുവെന്ന് അമേരിക്കയും ഇറാനും വ്യക്തമാക്കിയിരുന്നു. ചർച്ചയെ പോസീറ്റിവും ക്രിയാത്മകമെന്നും വിശേഷിപ്പിച്ച വൈറ്റ് ഹൗസ്, സംഭാഷണത്തിന് സൗകര്യമൊരുക്കിയതിന് ഒമാനോട് നന്ദിപറയുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും നമ്മുടെ ഇരു രാജ്യങ്ങളുടെയും അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ പ്രസിഡന്റ് ട്രംപിൽനിന്ന് തനിക്ക് നിർദ്ദേശമുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്ത യു.എസ്. പ്രത്യേക ദൂതൻ വിറ്റ്കോഫ് അറിയിച്ചു. മസ്‌കത്തിൽ ചർച്ചകൾ നടത്തിയതിനും തന്റെ രാജ്യത്തിനും അമേരിക്കയ്ക്കും ഇടയിൽ മധ്യസ്ഥത വഹിക്കാൻ നടത്തിയ ശ്രമങ്ങൾക്കും ഇറാൻ വിദേശകാര്യ മന്ത്രി സുൽത്താനേറ്റിനോട് നന്ദി അറിയിച്ചു. ഉന്നതതല ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ച ഒമാനെ കുവൈത്ത് പ്രശംസിച്ചു. ഒമാന്റെ നയതന്ത്ര ശ്രമങ്ങൾക്കും സമാധാനപരമായ മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കുന്നതിനുമുള്ള സംരംഭങ്ങൾക്ക് പിന്തുണ നൽകുമെന്ന് ബഹ്‌റൈൻ അറിയിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ ഉൾപ്പെടെ മേഖലയിലെ സംഭവവികാസങ്ങൾ ഒമാൻ വിദേശകാര്യ മന്ത്രിയും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ടെലിഫോണിലൂടെ ചർച്ച ചെയ്തു. ക്രിയാത്മക സംഭാഷണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഒമാൻ നടത്തിയ ശ്രമങ്ങളെ സൗദി സ്വാഗതം ചെയ്തു. ചർച്ചകൾക്ക് സുൽത്താനേറ്റ് ആതിഥേയത്വം വഹിച്ചതിനെ ഈജിപ്തും ജോർഡനും സ്വാഗതം ചെയ്തു. അതേമസമയം യുഎസ് ഇറാൻ രണ്ടാം ഘട്ട ചർച്ച അടുത്ത ശനിയാഴ്ച മസ്കത്തിൽ നടക്കും.