മസ്‌കത്തിൽ ഇറാൻ-യുഎസ് ആദ്യ റൗണ്ട് ചർച്ചകൾ അവസാനിച്ചു
ചർച്ച 'പോസിറ്റീവ്' ആണെന്ന് ഉദ്യോഗസ്ഥർ
മസ്‌കത്ത്: മസ്‌കത്തിൽ ഇറാൻ-യുഎസ് ആദ്യ റൗണ്ട് ചർച്ചകൾ അവസാനിച്ചു. അന്തരീക്ഷം 'പോസിറ്റീവ്' ആണെന്ന് ഉദ്യോഗസ്ഥർ. ചർച്ച അടുത്ത ആഴ്ചയും തുടരാൻ ഇരുപക്ഷവും സമ്മതിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. രണ്ടര മണിക്കൂറിലധികം നീണ്ട പരോക്ഷ ചർച്ചകൾക്ക് ശേഷം, വിദേശകാര്യ മന്ത്രി അബ്ബാസ് അരഘിയും യുഎസ് മിഡിൽ ഈസി പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫും ചർച്ചാ വേദി വിടുമ്പോൾ ഒമാനി വിദേശകാര്യ മന്ത്രിയുടെ സാന്നിധ്യത്തിൽ ഏതാനും മിനിറ്റ് സംസാരിച്ചുവെന്നും ഇറാൻ മന്ത്രാലയം പറഞ്ഞു.
ഇറാനിയൻ ആണവ പദ്ധതിയെക്കുറിച്ചും ഇറാന് മേലുള്ള ഉപരോധങ്ങൾ നീക്കം ചെയ്യുന്നതിനെക്കുറിച്ചും ഇറാനിലെയും യുഎസിലെയും ഉന്നത ഉദ്യോഗസ്ഥർ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ അല് ബുസൈദി വഴി അതത് ഭരണകൂടങ്ങളുടെ വീക്ഷണങ്ങൾ കൈമാറി.
അതേസമയം, ഇറാൻ-യുഎസ് ചർച്ചയുടെ ആത്യന്തിക ലക്ഷ്യം പ്രാദേശികവും ആഗോളവുമായ സമാധാനമാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി പറഞ്ഞു. മസ്‌കത്തിൽ നടന്ന ഇറാൻ-യുഎസ് ചർച്ചകൾ സൗഹൃദപരമായ അന്തരീക്ഷത്തിലായിരുന്നുവെന്നും കാഴ്ചപ്പാടുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനും ആത്യന്തികമായി പ്രാദേശികവും ആഗോളവുമായ സമാധാനം കൈവരിക്കുന്നതിനും സഹായകമായെന്നും അദ്ദേഹം പറഞ്ഞു.
'ഇറാൻ -യുഎസ് സംഭാഷണത്തിന്റെയും ചർച്ചകളുടെയും പ്രക്രിയ ആരംഭിക്കുന്നതിന് മധ്യസ്ഥത വഹിച്ചതിൽ അഭിമാനമുണ്ട്, കാഴ്ചപ്പാടുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനും ആത്യന്തികമായി പ്രാദേശികവും ആഗോളവുമായ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ കൈവരിക്കുന്നതിനും സഹായകമായ സൗഹൃദ അന്തരീക്ഷത്തിൽ നടന്ന ഈ ഇടപെടലിന് ഇരു രാജ്യങ്ങളോടും നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഈ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്നതിന് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയും കൂടുതൽ ശ്രമങ്ങൾ നടത്തുകയും ചെയ്യും' - ഇരുപക്ഷവും തമ്മിലുള്ള ആദ്യ റൗണ്ട് കൂടിക്കാഴ്ച അവസാനിച്ചതിന് തൊട്ടുപിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിൽ സയ്യിദ് ബദർ പ്രസ്താവനയിൽ പറഞ്ഞു.