സ്വര്‍ണത്തിന് 26 ശതമാനം നഷ്ടം; ഇപ്പോള്‍ വാങ്ങണോ, കാത്തിരിക്കണോ ?

മിഡില്‍ ഈസ്റ്റില്‍ തുടരുന്ന സംഘര്‍ഷം തന്നെയാണ് സ്വര്‍ണവില ഇടിവിനുള്ള പ്രധാനകാരണം

Update: 2026-10-24 05:59 GMT

മുംബൈ: റെക്കോഡ് വിലയില്‍ നിന്നും ചീട്ടുകൊട്ടാരം തകരുന്നത് പോലെയാണ് സ്വര്‍ണത്തിന്റെ വിലയിടിഞ്ഞത്. അതിവേഗത്തിലായിരുന്നു സ്വര്‍ണത്തിന്റെ ഉയര്‍ച്ചയും താഴ്ചയും. ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് രാജ്യാന്തര വിപണിയില്‍ 26 ശതമാനമാണ് സ്വര്‍ണത്തിന് വിലയിടിവുണ്ടായത്. കേരളത്തിലെ കണക്കെടുക്കുകയാണെങ്കില്‍ 2026 ജനുവരി 29നാണ് കേരളത്തില്‍ സ്വര്‍ണം ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അന്ന് 1,31,160 രൂപയായിരുന്നു വില. ഇന്നത്തെ വില 1,04,480 രൂപയാണ്. 26,680 രൂപയുടെ കുറവാണുണ്ടായത്. ശതമാനക്കണക്കില്‍ നോക്കുകയാണെങ്കില്‍ 20.34 ശതമാനം കുറഞ്ഞു.

Advertising
Advertising

മിഡില്‍ ഈസ്റ്റില്‍ തുടരുന്ന  സംഘര്‍ഷം തന്നെയാണ് സ്വര്‍ണവില ഇടിവിനുള്ള പ്രധാനകാരണം. ഇനി സ്വര്‍ണത്തിന്റെ യാത്ര എങ്ങോട്ടാവും. സ്വര്‍ണം വാങ്ങാന്‍ ഒരുങ്ങുന്നവര്‍ ഇപ്പോള്‍ വാങ്ങണോ അതോ കാത്തിരിക്കണോ ?.

കമ്മോഡിറ്റി അനലിസ്റ്റുകളുടെ പ്രവചനപ്രകാരം സ്വര്‍ണത്തിന്റെ വില ഉയരുന്നത് പൂര്‍ണമായും അവസാനിച്ചുവെന്ന് പറയാനാവില്ല. മിഡില്‍ ഈസ്റ്റിലടക്കം അനിശ്ചിതാവസ്ഥ തുടരുന്നുണ്ടെങ്കിലും കേന്ദ്രബാങ്കുകള്‍ സ്വര്‍ണത്തില്‍ കാണിക്കുന്ന വാങ്ങല്‍ താല്‍പര്യം മഞ്ഞലോഹത്തിന് കരുത്താകുമെന്നാണ് ചില അനലിസ്റ്റുകളുടെ പ്രവചനം.ഹ്രസ്വകാലത്തേക്ക് സ്വര്‍ണവിലയില്‍ ഇടിവുണ്ടായെങ്കിലും ദീര്‍ഘകാലത്തില്‍ വില ഉയരാന്‍ തന്നെയാണ് സാധ്യതയെന്നാണ് പ്രവചനം.

സ്വര്‍ണത്തിന് ഇനി നിര്‍ണായകമാവുക ഒക്‌ടോബര്‍ 27-28 തീയതികളില്‍ നടക്കുന്ന യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ യോഗമാണ്. ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയാല്‍ അത് സ്വര്‍ണത്തെ നെഗറ്റീവായി സ്വാധീനിക്കും. സ്വാഭാവികമായി വില കുറയുകയും ചെയ്യും.

നിലവിലെ വിലയിരുത്തല്‍ പ്രകാരം ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകളില്‍ കാല്‍ ശതമാനത്തിന്റെ വര്‍ധന വരുത്തിയേക്കും. അങ്ങനെയെങ്കില്‍ സ്വര്‍ണത്തിലെ നിക്ഷേപതാല്‍പര്യം കുറയുകയും വില ഇടിയുകയും ചെയ്യും. എന്നാല്‍, ഇപ്പോള്‍ മിഡില്‍ ഈസ്റ്റില്‍ തുടരുന്ന സംഘര്‍ഷത്തില്‍ അയവുണ്ടാവുകയും സമാധാനം തിരികെ വരികയും ചെയ്താല്‍ അത് സ്വര്‍ണത്തിന് കരുത്താകുകയും വില ഉയരുകയും ചെയ്യും.

മഞ്ഞലോഹത്തില്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ അതിന് വേണ്ടി മാറ്റിവെച്ച മുഴുവന്‍ തുകയും ഇപ്പോള്‍ സ്വര്‍ണത്തിലിറക്കേണ്ട. ഒരു ഭാഗം മാത്രം സ്വര്‍ണത്തില്‍ നിക്ഷേപിച്ച് കാത്തിരിക്കുക. യുദ്ധത്തിന്റെ ഗതിയും ഫെഡറല്‍ റിസര്‍വ് അടക്കമുള്ള കേന്ദ്രബാങ്കുകള്‍ നടത്തുന്ന തുടര്‍ നീക്കങ്ങളും സൂക്ഷ്മമായി വിലയിരുത്തി മാത്രം മതി തുടര്‍ നിക്ഷേപം.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News