എഐ ചിത്രങ്ങള്‍ പണികൊടുത്തു, കടക്കെണിയില്‍ ഗെറ്റി ഇമേജസ്; പാപ്പരത്ത നടപടികളിലേക്ക്

കൊച്ച് ഗ്രൂപ്പിൻ്റെ പിന്തുണയോടെ പുനഃസംഘടനാ നടപടികളിലേക്ക്

Update: 2026-10-22 12:27 GMT

ന്യൂയോര്‍ക്ക്: ലോകത്തിലെ പ്രമുഖ സ്റ്റോക്ക് ഫോട്ടോഗ്രഫി, വാര്‍ത്താചിത്ര സേവന കമ്പനികളിലൊന്നായ ഗെറ്റി ഇമേജസ് സാമ്പത്തിക പ്രതിസന്ധിയില്‍. പ്രതിസന്ധി മറികടക്കാന്‍ പാപ്പരത്ത പുനഃസംഘടനാ നടപടികളിലേക്ക് കടന്നിരിക്കുകയാണ് സ്ഥാപനം. നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ വീണ്ടും സ്വകാര്യ കമ്പനിയാകും. വന്‍ കടബാധ്യതയും എഐ ഉപയോഗിച്ച് ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന സാങ്കേതികവിദ്യകള്‍ നല്‍കുന്ന വെല്ലുവിളിയും കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുകയായിരുന്നു. 2026 ജൂണ്‍ 30ലെ കണക്കനുസരിച്ച് ഗെറ്റി ഇമേജസിന്റെ മൊത്തം കടം ഏകദേശം 210 കോടി ഡോളറാണ്.

Advertising
Advertising

ഗെറ്റി കുടുംബവും കൊച്ച് ഇക്വിറ്റി ഡെവലപ്മെന്റും ചേര്‍ന്ന് 53.3 കോടി ഡോളര്‍ വരെ പുതിയ നിക്ഷേപം നടത്തുന്നതാണ് പുനഃസംഘടനാ പദ്ധതിയുടെ പ്രധാന ഭാഗം. ഇതോടെ കമ്പനിയുടെ പൂര്‍ണ ഉടമസ്ഥാവകാശം ഇവര്‍ക്കാകും. നിലവിലെ ഓഹരിയുടമകള്‍ക്ക് അവരുടെ ഓഹരി നിക്ഷേപം നഷ്ടമാകും. യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതിയിലാണ് ഗെറ്റി ഇമേജസ് പാപ്പരത്ത നടപടികള്‍ ആരംഭിച്ചത്. കമ്പനിയുടെ കടബാധ്യത പുനഃക്രമീകരിക്കുകയും സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. പുനഃസംഘടനയ്ക്കായി കൊച്ച് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥാപനം 14.3 കോടി ഡോളര്‍ വരെ ധനസഹായവും നല്‍കും. ഈ നടപടികള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പാപ്പരത്ത നടപടികള്‍ക്കിടയിലും പ്രവര്‍ത്തനം സാധാരണ നിലയില്‍ തുടരുമെന്നാണ് ഗെറ്റി ഇമേജസ് അറിയിച്ചിരിക്കുന്നത്. ജീവനക്കാര്‍, ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെയുള്ള കണ്ടന്റ് പ്രൊവൈഡര്‍മാര്‍, ഉപഭോക്താക്കള്‍, പങ്കാളികള്‍, വിതരണക്കാര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെ ഈ പുനഃസംഘടന ബാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഗെറ്റി ഇമേജസും എതിരാളിയായ ഷട്ടര്‍‌സ്റ്റോക്കും തമ്മില്‍ 370 കോടി ഡോളറിന്റെ ലയനത്തിന് നേരത്തേ പദ്ധതിയിട്ടിരുന്നെങ്കിലും റെഗുലേറ്റര്‍ തടസ്സങ്ങളെ തുടര്‍ന്ന് കരാര്‍ ഉപേക്ഷിക്കുകയായിരുന്നു. വാര്‍ത്താ വെബ്‌സൈറ്റുകള്‍, പത്രങ്ങള്‍, മാസികകള്‍, പരസ്യ ഏജന്‍സികള്‍, സിനിമാ-മീഡിയ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ചിത്രങ്ങളും വീഡിയോകളും നല്‍കുകയാണ് ഗെറ്റി ഇമേജസിന്റെ പ്രധാന ബിസിനസ്. 

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News