സൗദിയില്‍ ആക്രമണം; എണ്ണവില മൂന്ന് ശതമാനം ഉയര്‍ന്നു

ബ്രെന്റ് ക്രൂഡോയിലിന്റെ വിലയില്‍ ഈ വര്‍ഷം മാത്രം 80 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്

Update: 2026-10-22 09:42 GMT

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ബ്രെന്റ് ക്രൂഡോയിലിന്റെ വിലയില്‍ 3.23 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ബാരലിന് 112.27 ഡോളറായാണ് വില ഉയര്‍ന്നത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയില്‍ വില 99 ഡോളറിലെത്തി.

ഹൂതികള്‍ ആക്രമണം ശക്തമാക്കുന്നത് സൗദി അറേബ്യയില്‍ നിന്നുള്ള എണ്ണവിതരണത്തെ ബാധിക്കുമെന്ന ആശങ്കയാണ് വിപണികളില്‍ പ്രതിഫലിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലും പ്രതിസന്ധിയുണ്ടാകുമെന്ന് ആശങ്കയുണ്ട്. ഇതും എണ്ണവില ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ആക്രമണം ശക്തമാക്കുന്നത് എണ്ണവിലയില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്.

Advertising
Advertising

ബ്രെന്റ് ക്രൂഡോയിലിന്റെ വിലയില്‍ ഈ വര്‍ഷം മാത്രം 80 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതേസമയം, യുഎസിലേക്ക് റഷ്യയില്‍ നിന്ന് ഡീസല്‍ കയറ്റുമതി ആരംഭിച്ചിട്ടുണ്ട്. മിഡ് ടേം തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ഉപരോധം മറികടന്ന് റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ യുഎസ് തീരുമാനിച്ചത്.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചും ക്രൂഡ് ഓയിൽ വിലയിലെ വർധന നിർണായകമാണ്. ഇന്ത്യ വൻതോതിൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ അന്താരാഷ്ട്ര വിപണിയിൽ വില ഉയരുന്നത് ഇറക്കുമതി ചെലവ് വർധിപ്പിക്കാം. ദീർഘകാലം ഉയർന്ന വില തുടരുകയാണെങ്കിൽ ഇന്ധനച്ചെലവ്, ഗതാഗതച്ചെലവ്, പണപ്പെരുപ്പം എന്നിവയിലും സമ്മർദമുണ്ടാകാം.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News