വാഷിങ്ടൺ: 'പൾപ്പ് ഫിക്ഷൻ' എന്ന ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ സിനിമയിലെ വരികൾ ബൈബിൾ വചനമെന്ന നിലയിൽ പെന്റഗണിലെ പ്രാർഥനായോഗത്തിൽ അവതരിപ്പിച്ച യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വിവാദത്തിൽ. ക്വന്റിൻ ടാരന്റിനോ സംവിധാനം ചെയ്ത ചിത്രത്തിൽ സാമുവൽ എൽ. ജാക്‌സൺ അവതരിപ്പിച്ച വിഖ്യാത ഡയലോഗുകളാണ് ഹെഗ്സെത്ത് 'ഇസെക്കിയേൽ ബൈബിൾ' വചനങ്ങളായി അവതരിപ്പിച്ചത്.
ഇറാൻ യുദ്ധത്തിനായി സൈന്യത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രാർഥനാ യോഗത്തിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. തകർന്നു വീണ വിമാനങ്ങളിലെ പൈലറ്റുമാരെ രക്ഷപ്പെടുത്തുന്ന രക്ഷാപ്രവർത്തകർക്ക് വേണ്ടിയുള്ള പ്രാർഥന എന്ന നിലയിലാണ് അദ്ദേഹം ഈ വരികൾ വായിച്ചത്.
''അവരോടു ഞാൻ ക്രോധത്തോടെയുള്ള ശാസനകളാൽ വലിയ പ്രതികാരം ചെയ്യും, അവരുടെമേൽ പ്രതികാരം നടത്തുമ്പോൾ ഞാൻ കർത്താവാണെന്ന് അവർ അറിയും'' എന്നാണ് ബൈബിൾ വചനം. എന്നാൽ ഹെഗ്സെത്ത് വായിച്ച വരികൾ സിനിമയിലെ ഡയലോഗിനോട് ഏറെ സാമ്യമുള്ളവയായിരുന്നു. പൾപ്പ് ഫിക്ഷനിലെ വരികളിൽ സൈനിക പശ്ചാത്തലത്തിന് അനുസരിച്ച് മാറ്റം വരുത്തിയാണ് അദ്ദേഹം അവതരിപ്പിച്ചത്.
''നീതിമാന്റെ പാത സ്വാർLതയുടെയും ദുഷ്ടമനുഷ്യരുടെ സ്വേച്ഛാധിപത്യത്തിന്റെയും അനീതികളാൽ ചുറ്റപ്പെട്ടിരിക്കുന്നു'' എന്നാണ് സിനിമയിലെ ഡയലോഗ്. ''വീണുപോയ വൈമാനികന്റെ പാത സ്വാർഥതയുടെയും ദുഷ്ടമനുഷ്യരുടെ സ്വേച്ഛാധിപത്യത്തിന്റെയും അനീതികളാൽ ചുറ്റപ്പെട്ടിരിക്കുന്നു'' എന്നാണ് ഹെഗ്സെത്ത് പറഞ്ഞത്. പ്രാർഥനയുടെ ഒടുവിൽ ''ഞാൻ കർത്താവാണെന്ന് നീ അറിയും'' എന്ന വരിക്ക് പകരം ''ഞാൻ സാൻഡി വൺ ആണെന്ന് നീ അറിയും'' എന്നാണ് ഹെഗ്സെത്ത് പറഞ്ഞത്.
സംഭവം വിവാദമായതോടെ, പ്രാർഥന ''പൾപ്പ് ഫിക്ഷൻ'' സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി ഷോൺ പാർനെൽ സമ്മതിച്ചു. എങ്കിലും ഹെഗ്സെത്ത് ബൈബിൾ തെറ്റായി ഉദ്ധരിച്ചു എന്ന് പറയുന്നത് വ്യാജ വാർത്തയാണെന്നും അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ പ്രതികരിച്ചു.
ഇറാൻ യുദ്ധത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളെ ഹെഗ്സെത്ത് രൂക്ഷമായി വിമർശിച്ചു. മാധ്യമപ്രവർത്തകരെ ബൈബിളിലെ 'പരീശന്മാരോട്' ഉപമിച്ച അദ്ദേഹം, പത്രപ്രവർത്തകരുടെ ഹൃദയങ്ങൾ കഠിനമാണെന്നും അവർ ഭരണകൂടത്തെ ഇകഴ്ത്തിക്കാട്ടാൻ മാത്രമാണ് ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. ആറ് ആഴ്ച പിന്നിട്ട ഇറാൻ യുദ്ധം അമേരിക്ക ജയിച്ചുകഴിഞ്ഞു എന്ന ഭരണകൂടത്തിന്റെ അവകാശവാദത്തിൽ മാധ്യമങ്ങൾ സംശയം പ്രകടിപ്പിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.
ഫോക്‌സ് ന്യൂസ് അവതാരകനായിരുന്ന ഹെഗ്സെത്തിനെ പ്രതിരോധ സെക്രട്ടറിയായി നിയമിച്ച ട്രംപിന്റെ നടപടി നേരത്തെ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പുതിയ വിവാദം അദ്ദേഹത്തിനെതിരെയുള്ള ഡെമോക്രാറ്റിക് ജനപ്രതിനിധികളുടെ ഇംപീച്ച്മെന്റ് നീക്കങ്ങൾക്ക് ആക്കം കൂട്ടുമെന്നാണ് കരുതപ്പെടുന്നത്.