റെക്കോർഡുകൾ തൂക്കാനൊരു ലോകകപ്പ് ; കളിയാവേശത്തിന് ഇനി പത്ത് നാൾ ദൂരം

Update: 2026-06-01 16:28 GMT

ഓരോ ലോകകപ്പും ഒരുപിടി റെക്കോർഡുകളുടെ കൂടി വേദിയാണ്. ഗോളടിയിലും അസിസ്റ്റിലും തുടങ്ങി ക്ലീൻ ഷീറ്റിലുമെല്ലാം റെക്കോർഡുകൾ വാരിക്കൂട്ടാൻ ഓരോ താരങ്ങളും കാത്തിരിക്കുകയാണ്. അത്തരത്തിൽ ഈ വർഷം ടീമുകൾക്കും താരങ്ങൾക്കും തകർക്കാനാവുന്ന റെക്കോർഡുകൾ ഏതെല്ലാം?

ലോകകിരീടത്തിൽ ഏറ്റവും കൂടുതൽ തവണ മുത്തമിട്ട ടീം ബ്രസീലാണ്. 1958, 1962, 1970, 1994, 2002 എന്നിങ്ങനെ അഞ്ച് തവണയാണ് കാനറികൾ ലോകഫുട്‍ബോളിന്റെ രാജാക്കന്മാരായി മാറിയത്. ഈ വർഷം കിരീടം നേടാനായാൽ ജർമനിക്ക് ഈ റെക്കോർഡിനൊപ്പം പിടിക്കാം. 1954, 1974, 1990, 2014 ലോകകപ്പുകളാണ് ജർമനി സ്വന്തമാക്കിയത്.

Advertising
Advertising

നിലവിലെ ജേതാക്കളായ അർജന്റീനക്കും ഒരു റെക്കോർഡ് സ്വന്തമാക്കാൻ അവസരമുണ്ട്. ഈ വർഷം കിരീടം നേടാനായാൽ ലോകകപ്പ് നിലനിർത്തുന്ന മൂന്നാമത്തെ രാജ്യമായി അർജന്റീന മാറും. നേരത്തെ ബ്രസീൽ (1958, 1962), ഇറ്റലി (1934, 1938) ടീമുകൾ മാത്രമാണ് ലോകകപ്പ് ചരിത്രത്തിൽ കിരീടം നിലനിർത്തിയ ടീമുകൾ.

അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സി രണ്ട് വ്യക്തിഗത റെക്കോർഡുകൾ സ്വന്തം പേരിലാക്കാനുള്ള ശ്രമത്തിലാണ്. ഒന്ന് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും ഗോൾവേട്ടക്കാരൻ എന്ന നേട്ടം, നിലവിൽ ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ പേരിലാണ് ഈ റെക്കോർഡുകളുള്ളത്, 24 മത്സരങ്ങളിൽ നിന്ന് 16 ഗോളാണ് താരത്തിന്റെ സമ്പാദ്യം. തൊട്ട് പിന്നലുള്ള മെസ്സി 13 ഗോളുകൾ നേടിയിട്ടുണ്ട്, മൂന്നാം സ്ഥാനത്തുള്ള എംബാപ്പെ 12 തവണയാണ് ലോകകപ്പ് വേദിയിൽ വലകുലുക്കിയത്.

കൂടുതൽ ലോകകപ്പുകളിൽ പന്തുതട്ടിയ റെക്കോർഡും ഈ വർഷം മെസ്സി സ്വന്തം പേരിലാക്കും. പോർച്ചുഗീസ് സൂപ്പർ താരം റൊണാൾഡോയും മെസ്സിയും ഈ വർഷം കളിക്കുന്നത് അവരുടെ ആറാം ലോകകപ്പാണ്. ടീമിലിടം പിടിക്കാനായാൽ മെക്സിക്കൻ ഗോൾകീപ്പർ ഒച്ചാവോയും ഈ നേട്ടത്തിലെത്തും.

ഏറ്റവും കൂടുതൽ ഗോൾ പിറന്ന ലോകകപ്പ് 2022ലെ ഖത്തർ എഡിഷനായിരുന്നു. അന്ന് 64 മത്സരങ്ങളിൽ നിന്ന് 172 ഗോളുകളാണ് താരങ്ങൾ അടിച്ചുകൂട്ടിയത്. ഈ വർഷം ടീമുകളുടെ എണ്ണം 32ൽ നിന്ന് 48 ആയി ഉയർത്തിയതോടെ മത്സരങ്ങളുടെ എണ്ണം 104 ആയി വർധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഖത്തർ ലോകകപ്പിന്റെ പേരിലുള്ള ഈ റെക്കോർഡ് തകരുമെന്നുറപ്പ്.

കഴിഞ്ഞ രണ്ട് ലോകകപ്പുകളിൽ ഫൈനൽ കളിച്ച ദിദിയർ ദേശാംപ്സിന്റെ ഫ്രഞ്ച് പടക്ക് ഈ വർഷം കൂടി കലാശപ്പോരിന് ടിക്കറ്റെടുക്കാനായാൽ തുടർച്ചയായ മൂന്ന് ഫൈനൽ കളിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറാം. ബ്രസീൽ, ജർമനി ടീമുകളാണ് ഈ നേട്ടം കൈവരിച്ചത്.    

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News