വിസ പ്രതിസന്ധിയും രാഷ്ട്രീയച്ചൂടും; അനിശ്ചിതത്വങ്ങൾക്കിടെ ഇറാൻ ടീം ലോകകപ്പിലേക്ക്
ടെഹ്റാൻ: യു.എസ് വിസ അനിശ്ചിതത്വവും രാഷ്ട്രീയ തർക്കങ്ങളും തുടരവേ ലോകകപ്പിൽ പങ്കെടുക്കാൻ ഒരുങ്ങി ഇറാൻ. തുർക്കിയയിൽ പരിശീലനത്തിലായിരുന്ന ടീം സ്പെയിൻ വഴി ഞായറാഴ്ചയോടെ മെക്സിക്കോയിലെ ടിഹുവാനയിൽ എത്തിച്ചേരും. യു.എസ്, മെക്സികോ വിസകൾ ടീമിന് പൂർണമായി ലഭിച്ചോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ സംയുക്ത ആക്രമണങ്ങൾക്ക് പിന്നാലെയാണ് ടീമിന്റെ ലോകകപ്പ് പങ്കാളിത്തം പ്രതിസന്ധിയിലായത്. സുരക്ഷാ കാരണങ്ങളാൽ യു.എസിലെ അരിസോണയിൽ നടത്താനിരുന്ന പരിശീലന ക്യാമ്പ് മെക്സിക്കോയിലേക്ക് മാറ്റിയിരുന്നു. യുദ്ധത്തെത്തുടർന്ന് ആഭ്യന്തര ലീഗുകൾ നിർത്തിവെച്ചതിനാൽ ഇറാൻ ടീമിന്റെ തയാറെടുപ്പുകൾ തുർക്കിയയിലാണ് നടന്നുവന്നത്.
അതിനിടയിൽ ഇറാൻ പ്രതിനിധി സംഘത്തെ കർശനമായി നിരീക്ഷിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു. കായികതാരങ്ങളോട് എതിർപ്പില്ലെന്നും എന്നാൽ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധമുള്ള ആരെയും പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്നുമാണ് യു.എസ് നിലപാട്.
ഏപ്രിലിൽ കാനഡയിൽ വെച്ച് ഇറാൻ ഫെഡറേഷൻ അധികൃതർക്ക് വിസ നിഷേധിക്കപ്പെടുകയും കസ്റ്റംസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറുകയും ചെയ്തതിനെത്തുടർന്ന് ഫിഫ യോഗം ബഹിഷ്കരിച്ച് മടങ്ങിയിരുന്നു. ഒരുവേള ഇറാൻ ലോകകപ്പ് ബഹിഷ്‍കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഫിഫയുടെ ഇടപെടലുകളെത്തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു.
ജൂൺ 11-ന് ആരംഭിക്കുന്ന ലോകകപ്പിൽ ഗ്രൂപ്പ് ജിയിലാണ് ഇറാൻ മത്സരിക്കുന്നത്. ജൂൺ 15-ന് ന്യൂസിലാൻഡിനെതിരെയാണ് ഇറാന്റെ ആദ്യ മത്സരം. തുടർന്നുള്ള മത്സരങ്ങളിൽ ബെൽജിയം, ഈജിപ്ത് എന്നിവരാണ് എതിരാളികൾ.