ആർത്തിയെന്ന് തെറ്റിദ്ധരിച്ച ആ വാക്കുകൾ; ഇന്ന് ആർസിബിയുടെ വിജയചരിത്രം! ആരാണ് ബാംഗ്ലൂരിന്റെ തലവര മാറ്റിയ മോ ബൊപാത് എന്ന തന്ത്രജ്ഞൻ?

2024ൽ മോ ബൊപാത്‌ ആർസിബിയുടെ ഡയറക്ടർ ആയി ചുമതലയേറ്റ മുതലാണ് ടീമിന്റെ തലവര മാറുന്നത്

Update: 2026-06-01 08:40 GMT

ജൂൺ 3 - 2025

ജോഷ് ഹേസൽവുഡ് ഓഫ്സ്റ്റമ്പിന് പുറത്തെറിഞ്ഞ ഒരു ഹാഫ് വോളി ഡെലിവറി പഞ്ചാബിന്റെ ശശാങ്ക് സിംഗ് ഒരു ലോഫ്റ്റഡ് ഷോട്ടിലൂടെ എക്സ്ട്രാ കവറിന് മുകളിലൂടെ അടിച്ചൊരു സിക്സർ നേടുന്നു. സിക്സർ അടിച്ച ടീം പരാജയഭാരത്തോടെ തലകുനിച്ചു കളം വിടുമ്പോൾ സിക്സർ വഴങ്ങിയ ടീം സന്തോഷം കൊണ്ട് കണ്ണീരണിയുകയായിരുന്നു.  

പതിനെട്ട് വർഷത്തെ കാത്തിരിപ്പിനാ ആ രാത്രി അന്ത്യമായി, മുട്ടുകുത്തിയിരുന്ന് മുഖം പൊത്തി കരഞ്ഞ വിരാട് അയാളുടെ കരിയറിൽ അതുവരെ അന്യം നിന്നിരുന്ന ഐ പി എൽ ട്രോഫിയിലും മുത്തമിട്ടു. ഗ്രൗണ്ടിൽ പലയിടങ്ങളിലായി വിജയിച്ച ടീം അംഗങ്ങളുടെ - മാനേജ്‌മെന്റ് സ്റ്റാഫുകളുടെ - മുഖ്യ പരിശീലകൻ ആന്റി ഫ്ളവറിന്റെ - ഉപദേഷ്ടാവ് ദിനേശ് കാർത്തികിന്റെ അഭിമുഖ സംഭാഷണങ്ങൾ നടന്ന് കൊണ്ടിരിക്കുന്നതിനിടയ്ക്ക് അത്ര പരിചിതമല്ലാത്തൊരു മുഖം സുനിൽ ഗവാസ്കറുമായി സംസാരിക്കുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട ചില സംവിധാനങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും ഐ പി എല്ലിലത് വരെ കണ്ടിട്ടില്ല.

Advertising
Advertising

അതിവൈകാരികമല്ലാതെ, ആറ്റിക്കുറുക്കിയുള്ള സംസാരം. ചോദിച്ചതിനെല്ലാം വീക്ഷണത്തോടെയുള്ള കൃത്യമായ മറുപടികൾ. ഒരു ചോദ്യത്തിന് മറുപടിയെന്നോണം അയാൾ പറഞ്ഞ മറുപടിയിങ്ങനെയാണ്, "അടുത്ത വർഷത്തെ ട്രോഫി നേടണമെന്നാണ് ആഗ്രഹം, ആഗ്രഹമല്ല , ഞങ്ങളെക്കൊണ്ടതിന് സാധിക്കും"

അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലെ വിരാടിന്റെ കണ്ണീരിന്റെ നനവ് മാറിയിട്ടില്ല, ഔദ്യോഗികമായി ജേതാക്കൾ ആയെങ്കിലും ആ കിരീടത്തിൽ മുത്തമിടാൻ മിനിറ്റുകൾ കൂടെ കാത്തിരിക്കണം, അതിന് മുന്നേയാണ് അടുത്ത വർഷത്തെ ട്രോഫിയെ കുറിച്ച് സംസാരിക്കുന്നത്.!ഇതാരാണ് ഇത്ര ആർത്തിയുള്ള മനുഷ്യനെന്ന ചിന്തകളുടെയൊടുക്കത്തിലാണ് തിരച്ചിലുകൾ മോ ബൊപാത് എന്ന ഇംഗ്ലണ്ട്കാരനിലേക്ക് നീളുന്നത്.!


മേയ് 31 - 2026

അർഷദ്‌ ഖാന്റെ സ്ലോട്ടിൽ വന്നൊരു ഫുൾ ലെങ്ത് പന്തിനെ മനോഹരമായി ലോങ്ങ് ഓണിന് മുകളിലൂടെ സിക്സർ നേടി വിരാട് കോഹ്‌ലിയിലൂടെ മോ ബൊപാതിന്റെ വാക്കുകൾക്ക് ആദരം.!ഇന്നിപ്പോൾ അതേ ഗ്രൗണ്ടിൽ ഒരിക്കൽ കൂടെ രജത് പട്ടീദാറിനും സംഘത്തിനും കിരീടധാരണം സാധ്യമാകുമ്പോൾ അന്നയാൾ കാണിച്ച 'ആർത്തി'യുടെ പിന്നാമ്പുറ വിശേഷങ്ങൾ കൂടെ അറിയേണ്ടതുണ്ട്.

2024ൽ മോ ബൊപാത്‌ ആർസിബിയുടെ ഡയറക്ടർ ആയി ചുമതലയേറ്റ മുതലാണ് അവരുടെ തലവര മാറുന്നത്. അതേവർഷം ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച തിരിച്ചുവരവുകൾ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന തരത്തിൽ പത്താം സ്ഥാനത്ത് നിന്ന് പ്ലേയ് ഓഫിലേക്ക്, അടുത്ത വർഷം ആധികാരികമായ കിരീടധാരണം. ഇന്നിപ്പോൾ അതിനൊരു തുടർച്ചയും.

സത്യത്തിൽ എല്ലാവരും കരുതുന്ന പോലെ രജത് പട്ടീദാർ ക്യാപ്റ്റൻ ആയ ശേഷമല്ല ആർ സി ബിയുടെ 'ടേൺ അറൗണ്ട്' സംഭവിക്കുന്നത്, വളരെ സുശക്തമായ ഒരു വിന്നിങ് ടീമിനെ മാത്രമാണ് രജതിന് ഇതുവരെ നയിക്കേണ്ടി വന്നിട്ടുള്ളത്. തോൽവി അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ അയാൾക്കെന്ത് ചെയ്യാൻ സാധ്യമാവുമെന്നൊരു ഘട്ടം അവരെ തേടിയെത്തുന്ന കാലം മാത്രമേ അയാളിലെ നായകത്വവും പരീക്ഷിക്കപ്പെടൂ.

ടാലന്റ് റിക്രൂട്ട് ചെയ്യുകയും ലേലം സംബന്ധമായ തന്ത്രങ്ങൾ മെനയുന്നതിൽ തുടങ്ങി പരിശീലകരെ നിയമിക്കുന്നതും അവർക്ക് കൃത്യമായ 'ക്ലാരിറ്റി ഓഫ് റോൾസ്' നൽകി പരുവപ്പെടുത്തിയെടുക്കുന്നതും ലോക്കൽ - ഇന്ത്യൻ ടാലന്റ്സിനെ കണ്ടെത്തി സ്‌ക്വാഡ് ഡെവലപ്പ് ചെയ്യുന്നതിലും പ്രധാനി മോ ബൊപാത് ആണ്. ടീമിന്റെ 'സ്റ്റൈൽ ഓഫ് പ്ലേ' ഡിഫൈൻ ചെയ്യുന്നതിന്റെയും അനലറ്റിക്കൽ ഡാറ്റ ഓപ്പറേറ്റ് ചെയ്യുന്നതിന്റെയും ക്യാപ്റ്റൻ - സീനിയർ താരങ്ങൾ തുടങ്ങിയവരുടെ കൂടെ ചെറു ഗ്രൂപ്പുകളാക്കി ഫീൽഡ് എക്സ്പിരിമെന്റ് നടത്തി ഒരു സക്സസ്ഫുൾ ടീം ഡെവലപ്പ് ചെയ്യുന്നതിന്റെ ചുമതലയും ഈ ഡയറക്ടർക്ക് തന്നെ.!



 ഒരു വിന്നിങ് കോറിനെ നിലർത്തിയും  ദേവദത് പടിക്കലിന് ബാക്ക് അപ്പെന്ന രീതിയിൽ ഏത് സ്ലോട്ടിലും ഉപകാരിയാവുന്ന വെങ്കിടേഷ് അയ്യരിനെ ലേലം ചെയ്തെടുത്തതും പ്രകടമായ ഉദാഹരണങ്ങളിലൊന്ന്. വേറൊരു ടീമിലും ഗതി പിടിക്കാത്ത പടിക്കലിന് ആർ സി ബിയെന്ന ഫ്രാഞ്ചൈസിയിൽ മാത്രം നേട്ടം കൊയ്യാനാകുന്നത് അയാളുടെ 'ക്ലാരിറ്റി ഓഫ് റോൾ' കൊണ്ട് മാത്രമാണ്. ഫാൻസി ഷോട്ടുകളുടെ സഹായമില്ലാതെ, കോപ്പിബുക്ക് ഷോട്ടുകളിലൂടെ മാത്രം 170 നോടടുത്ത സ്ട്രൈക്ക് റേറ്റിൽ 600+ റൺസ് കോഹ്‌ലിക്ക് സാധ്യമാവുന്നതും കരിയർ എൻഡിൽ പീക് ഫോമിൽ കളിക്കുന്ന ഭുവനേശ്വർ ഈ ബാറ്റേഴ്‌സ് ഗെയിമിലും വേറിട്ട് നിൽക്കുന്നതും ഒരു പിഞ്ച് ഹിറ്ററിൽ നിന്നും ഏറ്റവും വിശ്വസ്തനായ ബാറ്ററായി കൃണാൽ മാറുന്നതും വെറും യാദൃച്ഛികമല്ല.

നമ്മൾ കാണുന്ന രണ്ടര മാസത്തെ ഗ്ലാമർ ടൂര്ണമെന്റിനപ്പുറം കളത്തിനകത്തും പുറത്തും ഹോംവർക്ക് ചെയ്ത്‌ ഫലത്തിനായി കാത്തിരുന്ന ഒരു ഡയറക്ടറുടെ നിശ്ചയദാർഢ്യമായിരുന്നു , ആത്മവിശ്വാസായിരുന്നു 'ആർത്തിയെന്ന്' തെറ്റുധരിച്ച ആ വാക്കുകളെന്ന് ഒരു വർഷത്തിനിപ്പുറം കാലം തെളിയിക്കുന്നു..!

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - സോനു സഫീര്‍

Writer

Similar News