വാരണാസി | Short Story

| കഥ

Update: 2024-10-11 15:01 GMT
Advertising

''മായാ..''

ട്രെയിനിന്റെ നീണ്ടചൂളം വിളികള്‍ക്കിടയില്‍ അവന്‍ അവളെ വിളിച്ചു. ജനാലയിലൂടെ വെയില്‍ ഒളിച്ചുനോട്ടം തുടങ്ങിയിരുന്നു. ഈ യാത്ര തുടങ്ങിയിട്ട് ഇത് നാലമത്തെ പകലാണ്. വാരണാസി എത്താറായിരിക്കുന്നു.

''മായാ..''

ശിവന്‍ ഒരിക്കല്‍ കൂടി വിളിച്ചു. ഉറക്കത്തില്‍ നിന്ന് കണ്ണുതുറക്കും മുമ്പേ അവളുടെ കൈകള്‍ എന്റെ കൈവെള്ളയില്‍ മുറുകെപിടിച്ചു കഴിഞ്ഞിരുന്നു.

ബാഗ് എടുത്ത് വാതിലില്‍ എത്തിയപ്പോഴേക്കും അവിടം ജനനിബിഡമായിരുന്നു. എങ്ങനെയോ പുറത്തിറങ്ങി. മായ അപ്പൊഴും തന്റെ കയ്യില്‍ മുറുകെ പിടിച്ചിരുന്നു. മറുകയ്യില്‍ കറുത്ത ലെതര്‍ബാഗ് സുരക്ഷിതമായിരുന്നു. മായ പാലക്കാടുകാരിയാണ്. കണ്ണടയ്ക്കുള്ളില്‍ നീലക്കണ്ണുകള്‍ എപ്പോഴും എന്തെങ്കിലും പരതിക്കൊണ്ടിരിക്കും. നീണ്ടുമെലിഞ്ഞ ശരീരപ്രകൃതി. നെറ്റിയില്‍ കുഞ്ഞുനാളില്‍ മുറ്റത്ത് തലയിടിച്ചുവീണു പൊട്ടിയ ഒരു പാടുണ്ട്.

സ്റ്റേഷന്‍ വിട്ടിറങ്ങി കാറില്‍ വീട്ടിലേക്ക് തിരിച്ചപ്പോഴേക്കും മായ ക്ഷീണിച്ചിരുന്നു. ഇത് ഇപ്പോള്‍ 7ാം മാസമാണ്. അതിനിടയില്‍ വാരണാസിയിലേക്ക് കിട്ടിയ സ്ഥലം മാറ്റം ആകെപ്പാടെ ഒരങ്കലാപ്പുസൃഷ്ടിച്ചിരുന്നു. പ്രണയിച്ച് കെട്ടിയതുകൊണ്ട് വീട്ടുകാരില്‍ നിന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല.

നേരം സന്ധ്യയാകാറായിരുന്നു. തല്‍ക്കാലത്തേക്ക് ഇന്ന് ലോഡ്ജില്‍ താമസിക്കാം.

''പ്രിയതമ എന്തു പറയുന്നു?'' ഞാന്‍ മായയെ കളിയാക്കി കൊണ്ടു ചോദിച്ചു.

''പോ അവിടുന്ന്'' അവള്‍ കെറുവിച്ചു. ആ രാത്രി റൂമിലെ ചുവരുകളില്‍ പതിഞ്ഞ നിയോണ്‍ വെട്ടങ്ങളില്‍ നോക്കി കഥകള്‍ പറഞ്ഞു.

''സാബ് സാബ് ദര്‍വാസാ ഘോല്‍നാ.. '' ദൂരെ ക്ഷേത്രങ്ങളിലെ മണിയൊച്ചകള്‍ മുഴക്കുന്നു. വാരാണസി ഉണര്‍ന്നു കഴിഞ്ഞു. കതകിലെ വെല്‍കം ഹോളിലൂടെ പുറത്തേക്ക് നോക്കി. സമയം ആറര ആയതെ ഉള്ളു. കറുത്ത പാന്റും വെള്ളകുര്‍ത്തയും മഞ്ഞ ഷാളും ഇട്ട പൊക്കം കുറഞ്ഞ ഒരാളാണ്. കതക് തുറന്നതും അയാള്‍ പറഞ്ഞു തുടങ്ങി.

''സാബ് മേം രമണ്‍ നായിക്, ആപ് കി കമ്പനി വാലോം നേ ഭേചാ ഹേ മുഛേ. ആപ് കല്‍ ഫോണ്‍ കിയാ ധാ'' .....

''ഹാ കിയാ ധാ''

''ആപ് കാ പത്‌നി കാരിയിംഗ് ഹേ.... കമ്പനി സേ ആപ് ഓര്‍ പത്‌നി കേ ലിയെ എക് തോഫാ ഭേജാ ഹേ?''

രമണ്‍ തന്റെ കയ്യിലിരുന്ന എന്‍വലപ്പ് എനിക്ക് വെച്ച് നീട്ടി.

''മേദ്ധിക്കണം മാഷേ''

തനിക്കറിയാവുന്ന മലയാളത്തില്‍ രമണ്‍ നായിക് പറഞ്ഞൊപ്പിച്ചു. മായ അപ്പോഴേക്കും എന്റെ പുറകിലെത്തിയിരുന്നു. മായക്ക് ഒരു ചിരി പാസ്സാക്കി രമണ്‍ സെറ്റപ്പിറങ്ങി നടന്നു. മായ കവര്‍ വാങ്ങി പൊട്ടിച്ചു. അടുത്തുള്ള ഗവ. ആശുപത്രിയിലേക്കുള്ള കത്താണ്. മായയുടെ പ്രസവ ചിലവുകള്‍ കമ്പനി വഹിച്ചുകൊള്ളുമെന്നുള്ള രേഖeമൂലമുള്ള അറിയിപ്പ്.

കമ്പനിയുടെ ആനുകൂല്യങ്ങള്‍ പോലെ അത്ര ലളിതമായിരുന്നില്ല അവിടുത്തെ ജോലി. വാരാണാസി ബ്രാഞ്ചിലെ കഥകള്‍ വാമൊഴി പാട്ടു പോലെ നിറഞ്ഞു നിന്നിരുന്നു. അവിടെ അവസാനം പോസ്റ്റിലിരുന്ന ആളുകാണിച്ച കള്ളത്തരത്തിന് ശിക്ഷ നല്‍കിയത് നടുറോഡില്‍ കല്ലെറിഞ്ഞു കൊന്നുകൊണ്ടായിരുന്നു. പിന്നീട് അയാളുടെ നിരപരാധിത്വം തെളിഞ്ഞിട്ടും കമ്പനിക്കും മാനേജര്‍ക്കും യാതൊരു കുലുക്കവും ഉണ്ടായില്ല. അന്ന് കേസന്വേഷിച്ച എസ്‌ഐ സമ്പാദിച്ചത് കമ്പനിയിലെ അക്കൗണ്ട് സെക്ഷനിലെ മിസ്സലേനിയന്‍ എക്‌സപന്‍സായി മാത്രമൊതുങ്ങി.

കുളികഴിഞ്ഞ് അടുത്തുള്ള അപ്പാര്‍ട്ട്‌മെന്റുകളില്‍ ശിവനും മായയും ചെന്നു. അത്ര ഊഷ്മളമായ സ്വീകരണമല്ല ലഭിച്ചത്. മദ്രാസികള്‍ എന്ന പൊതുലേബലില്‍ ഇവിടെ മലയാളിയും തമിഴനും തെലുങ്കനും ജീവിക്കുന്നത്. ഈ ഒരു അസ്വസ്ഥത ഏറ്റവും അധികം ബാധിച്ചത് മായയെ ആണ്.

ശിവന്‍ ഓഫീസില്‍ പോകുന്ന സമയത്ത് മായയ്ക്ക് വീട്ടുകാര്യങ്ങളില്‍ ബുദ്ധിമുട്ട് കൂടിക്കൂടി വന്നു. രമണ്‍ നായിക് വീണ്ടും എത്തി. സാബ് ഞാനടുത്ത ആഴ്ച നാട്ടിലേക്ക് പോവും. ഞാനൊരു വേലക്കാരിയെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. നിങ്ങളുടെ നാട്ടുകാരിയാണ്. അവള്‍ നാളെ മുതല്‍ ജോലിക്ക് വന്നു കൊള്ളും.

ആ രാത്രി സ്വപ്നങ്ങള്‍ക്ക് വിട്ടുകൊടുത്ത് ശിവന്റെ മാറില്‍ ചാഞ്ഞ് മായ ഉറങ്ങി. പിറ്റേന്ന് രാവിലെ തന്നെ ജോലിക്കാരി എത്തി. വട്ടമുഖത്തിലെ വലിയ പൊട്ടാണ് ഞങ്ങളെ ആകര്‍ഷിച്ചത്. ഇളം ക്രീം നിറത്തിലെ സാരിയാണ് വേഷം. മുപ്പത്തിയഞ്ച് വയസ്സു തോന്നിക്കും. പേര് ദുര്‍ഗ്ഗ എന്നാണ്. വാരണാസിയില്‍ വന്നിട്ട് ഇപ്പോള്‍ 6-7 വര്‍ഷങ്ങളായി, താമസിയാതെ ദുര്‍ഗ്ഗ വീട്ടിലെ ഒരംഗമായി മാറി. ശിവന് അതൊരു ആശ്വാസമായി.

സായാഹ്നങ്ങള്‍ തമാശകള്‍ പറഞ്ഞ് മാഞ്ഞു കൊണ്ടിരുന്നു. മായയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയതു. എന്റെ അഭാവം നികത്തിയത് ദുര്‍ഗ്ഗയാണ്. മരുന്നും ജോലികളും ദുര്‍ഗ്ഗ അനായസേന ഒതുക്കിയിരുന്നു.

മായയുടെ ഡെലിവറി ഡേറ്റ് അടുത്തു. കമ്പനിയിലെ ജോലിത്തിരക്കുകള്‍ കൂടിക്കൂടി വന്നു. തിങ്കളാഴ്ച കമ്പനിയില്‍ ഓവര്‍ടൈം വര്‍ക്കിനിടയിലാണ് ദുര്‍ഗ്ഗ വിളിച്ചത്.

''സാബ് ജി, മായമ്മ പ്രസവിച്ചു. പെണ്‍കുട്ടിയാണ്.''

അറിയാവുന്ന എല്ലാ ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞ് ശിവന്‍ ഓഫിസില്‍ നിന്ന് ഇറങ്ങി. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ആറ് മണികഴിഞ്ഞിരുന്നു. ആശുപത്രി വരാന്തയില്‍ ദുര്‍ഗ്ഗ കാത്തിരിപ്പുണ്ടായിരുന്നു. ശിവനെ കണ്ടതും അവള്‍ എഴുന്നേറ്റു.

കുഞ്ഞ് ഇങ്കുബേറ്ററിലാണ്, പേടിക്കാന്‍ ഒന്നുമില്ല. തൂക്കം സ്വല്‍പം കുറവാണ്. ഒന്നു രണ്ടാഴ്ച അതില്‍ കിടത്തേണ്ടി വരും. കഴിഞ്ഞ ആറ്,ഏഴ് മാസങ്ങള്‍ അനുഭവിച്ച കാര്യങ്ങള്‍, സ്വപ്നങ്ങള്‍, കാത്തിരിപ്പ് എല്ലാം ഒരു ഞൊടിയിടയില്‍ ശിവന്റെ മനസ്സിലൂടെ കടന്നുപോയി. ശിവന്റെ ചിന്തകള്‍ മനസ്സിലാക്കിയെന്നോളം ദുര്‍ഗ്ഗ പറഞ്ഞു.

''സാബ്, ഇത്രയും കാത്തില്ലെ ഇനി രണ്ടാഴ്ചകള്‍ കൂടി കാത്തിരുന്നു കൂടെ''

ദിവസങ്ങള്‍ക്ക് ദൈര്‍ഘ്യം കൂടി വന്നു. രണ്ടാഴ്ച എന്നത് മൂന്നാഴ്ചയായി. ജോലിയില്‍ ശ്രദ്ധിക്കുവാന്‍ സാധിച്ചതെയില്ല. എങ്ങനെയാണ് ഒരച്ഛന് അത് കഴിയുക.

വെള്ളിയാഴ്ച ദിവസം കമ്പനി മാനേജര്‍ ഓഫീസിലേക്ക് വിളിപ്പിച്ചു. വാരാന്ത്യ സെയില്‍സില്‍ കുറയുന്ന ആഴ്ചകളില്‍ ചീത്തവിളിക്കുന്ന പതിവ് അദ്ദേഹം മുടക്കാറില്ല. എന്തിനും തയ്യാറായിട്ടാണ് ശിവന്‍ അകത്തേക്ക് കയറിയത്. പക്ഷെ, മാനേജര്‍ക്ക് ഒപ്പം ഒരു പൊലീസുകാരനും ഉണ്ടായിരുന്നു.

പണ്ടത്തെ ആ മിസ്സലേനിയസ് എസ്‌ഐ തന്നെയാണ് തന്നെ കാത്തിരിക്കുന്നത് എന്ന് മനേജരുടെ മുഖത്ത് എഴുതി വെച്ചിരുന്നു.

''നിങ്ങളാണൊ ശിവന്‍?''

''അതെ''

''ഈ ഫോട്ടൊയിലുള്ള ആരെയങ്കിലും നിങ്ങള്‍ക്ക് പരിചയമുണ്ടൊ?''

എന്താണ് നടക്കുന്നതെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. ഓരോ മുഖങ്ങളും ഇതിനുമുമ്പ് കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല.

'ദുര്‍ഗ്ഗ' കയ്യില്‍ കിട്ടിയ ഫോട്ടൊ എസ്‌ഐക്ക് വെച്ചു നീട്ടി. മാനേജരും എസ്‌ഐയും മുഖത്തോട് മുഖം നോക്കി.

''ശിവന്‍, പ്ലീസ് കം വിത്ത് മീ.''

ആജ്ഞരൂപേണ ഉള്ള റിക്വസ്റ്റ്, അത് പൊലീസുകാരുടെ ട്രേഡ് മാര്‍ക്കാണ്. ശിവനെ പൊലീസ് ജീപ്പിലേക്ക് കയറ്റി വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോഴെക്കും അവിടം ജനസഞ്ചയമായിരുന്നു. എല്ലാ കണ്ണുകളും ശിവനിലേക്ക് തറയ്ക്കുന്നതുപോലെ. വണ്ടി ചെന്ന് നിന്നത് ആശുപത്രിയിലാണ്. അവിടെ ശിവനെക്കാത്ത് ഒരാള്‍കാത്ത് നില്‍പ്പുണ്ടായിരുന്നു.

രമണ്‍!

''രമണ്‍, എന്താ ഇവിടെ? ദുര്‍ഗ്ഗ എവിടെ?''

''മായമ്മാ'' ദുര്‍ഗ്ഗ വിളിച്ചു. മായ പതുക്കെ കണ്ണ് തുറന്നു. അരണ്ട വെളിച്ചം മാത്രമെ കാണുന്നുള്ളു. ജനാലകളും വാതിലുകളും അടച്ചിട്ടിരിക്കുന്നു. അസ്വസ്ഥമാക്കുന്ന എന്തൊ ഗന്ധം മുറിക്കുള്ളില്‍ തളംകെട്ടി നിന്നിരുന്നു. കൈകള്‍ അനക്കാന്‍ കഴിയാത്ത വിധം അവശതയായിരുന്നു മായക്ക്.

''ദുര്‍ഗ്ഗാ ആ ലൈറ്റ് ഒന്നിടുമോ? നേഴ്‌സ് എവിടെ? കുഞ്ഞിനെ ഇങ്കുബേറ്ററില്‍ നിന്ന് എടുത്തിട്ട് എവിടെ?

ദുര്‍ഗ്ഗാ ദുര്‍ഗ്ഗാ'' മായ വീണ്ടും വിളിച്ചു. പെട്ടന്ന് മുറി മുഴുവന്‍ കൊള്ളിയാന്‍ മിന്നിയതുപോലെ പ്രകാശം പരന്നു. അടുത്ത് ദുര്‍ഗ്ഗ മാത്രമല്ല ഉണ്ടായിരുന്നത്. ചുറ്റും പത്തുപന്ത്രണ്ട് പേരുണ്ടായിരുന്നത് മായയെ അമ്പരപ്പിച്ചു. കൂടുതലും പുരുഷന്മാരാണ്.

''ദുര്‍ഗ്ഗാ എന്റെ കുഞ്ഞെവിടെ? ഞാന്‍ ഇതെവിടെയാണ്? ദുര്‍ഗ്ഗാ''

ദുര്‍ഗ്ഗ അടുത്തേക്ക് വന്നു.

'' മായമ്മാ, എനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്. മായ ഒന്നും മനസ്സിലാകാതെ നെറ്റി ചുളിച്ചു. എന്റെ പേര് ദുര്‍ഗ്ഗ എന്നല്ല. അതില്‍ ഇനി വലിയ കാര്യമില്ല. ഞാനിനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചുകേള്‍ക്കണം'' അവള്‍ പതിയെ മുടിയിഴകളില്‍ തലോടി.

''മായമ്മ ഇപ്പോള്‍ ആശുപത്രിയിലല്ല. വാരണാസിയില്‍ തന്നെയുള്ള ശിവദാസപുരത്തിലാണ്'' കൈകളില്‍ സിറിഞ്ച് ആഴ്ന്നിറങ്ങി.

''ശിവദാസപുരത്തെ പറ്റി മായമ്മ കേട്ടിട്ടില്ലേ'' മായ ഒന്നും മനസ്സിലാകാതെ ദുര്‍ഗ്ഗയെ നോക്കി.

''ഇല്ല മായമ്മ കേട്ടിട്ടില്ല. എനിക്കറിയാം'' ദുര്‍ഗ്ഗ തുടര്‍ന്നു.

''മുംബൈയിലെ ചുവന്ന തെരുവുകളെ പറ്റി കേട്ടിട്ടില്ലെ അതുപോലെ വാരാണാസിയുടെ സ്വന്തം ചുവന്ന തെരുവാണ് ഈ എന്റെ നാട്. മായമ്മാ ഒരുപാട് വിശേഷങ്ങള്‍ പറയാനുണ്ടെനിക്ക്. ഈ പൈസ കണ്ടൊ? ഇതില്‍ പാതി മായമ്മയുടെ മകളുടെതാണ്. ബാക്കി പാതി മായമ്മയുടെയും പിന്നെ അല്‍പ്പം കമീഷന്‍ അത് ഞാനെടുത്തിട്ടുണ്ട്''

മായക്ക് എന്തൊക്കയെ പറയണമെന്നുണ്ടായിരുന്നു. നാവു പൊന്തുനില്ല. കണ്ണുകളിലേക്ക് ഇരുട്ടുവീണു.

ദുര്‍ഗ്ഗ മനുഷ്യക്കടത്ത് ശൃംഖലയിലെ കഴുകന്‍ തന്നെയായിരുന്നു. ഏറ്റവും ബലഹീനരായ ഇരകളെ അവള്‍ തിരഞ്ഞെടുക്കം. പലവേഷങ്ങളില്‍ ഇരകളുമായി അടുത്ത് ഇടപഴകും. എത്രയെത്ര തിരോധാനങ്ങള്‍ എല്ലാ അന്വേഷണങ്ങള്‍ അവസാനിച്ചത് ഈ ചുവന്ന തെരുവില്‍. ദൂരെ മഹാനദിയുടെ തീരങ്ങളില്‍ ദീപക്കാഴ്ചകള്‍ തെങ്ങി. രാവിന്റെ ആലസ്യം പടരാത്ത ഒരു ഹൃദയം അപ്പോള്‍ കുഞ്ഞിനെ തേടി പുറത്തിറങ്ങി. എതിരെ വന്ന ആരെയൊക്കെയോ മായ അടിച്ചുവീഴ്ത്തി. കോണിമുറികളില്‍ ഏറിയിറങ്ങിയ അവളുടെ മുന്നില്‍ ഇനിയൊരു കതക് മാത്രം. കതകിനപ്പറം ആരുടേയോ സംസാരങ്ങള്‍ കേള്‍ക്കുന്നുണ്ട്. മായ ചെവി കൂര്‍പ്പിച്ചു. ശിവന്‍. കതകുകള്‍ തള്ളി തുറന്ന് ശിവന്റെ അടുക്കലേക്ക് മായ ഓടി. അവിടെ ചോരയില്‍ കളിച്ച് ഒരു ശരിരം കിടപ്പുണ്ടായിരുന്നു.

ഒരു നിമിഷം മായ നിശബ്ദമായി പിന്നെ, ആ ശവശരീത്തിനെ മടിയിലിരുത്തി. പതുക്കെ ചെവിയില്‍ കുഞ്ഞെവിടെ എന്തൊ ചോദിക്കും പോലെ ഓയ പിറുപിറുത്തു. ''ദുര്‍ഗ്ഗ എന്റെ കുഞ്ഞെവിടെ ദുര്‍ഗ്ഗാ. എന്റെ കുഞ്ഞെവിടെ..'' ചോര തളംകെട്ടി കിടന്ന മുറിയില്‍ മായ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഉത്തരം പറയാതെ ദുര്‍ഗ്ഗയും.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - നിതിന്‍ ജെ. ഓണംപള്ളി

Writer

Similar News

കടല്‍ | Short Story