ഒരേ കമ്പനിയിൽ വർഷങ്ങളോളം തുടർന്നാൽ താനേ ശമ്പളം കൂടുമെന്ന് കരുതുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് തെറ്റി! കരിയറിൽ കാത്തിരുന്നതുകൊണ്ട് മാത്രം ഒരു കാര്യവുമില്ലെന്ന് ഓർമിപ്പിക്കുകയാണ് 15 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള പ്രൊഫഷണലായ ക്ഷിതിജ് കുമാർ.
ഉയർന്ന ശമ്പളവും മികച്ച കരിയർ വളർച്ചയും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ച് തന്റെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ തുറന്നു സംസാരിക്കുകയാണ് അദ്ദേഹം.
കരിയറിൽ നിങ്ങൾ ആഗ്രഹിക്കുന്ന സാമ്പത്തിക മുന്നേറ്റം തടയുന്ന പ്രധാന ശീലങ്ങൾ ഇവയാണ്:
വിശ്വസ്തതയ്ക്ക് വിപണി മൂല്യമില്ല; കംഫർട്ട് സോൺ ഉപേക്ഷിക്കുക
കമ്പനിയോടുള്ള വിശ്വസ്തത കൊണ്ട് മാത്രം നിങ്ങൾക്ക് അധിക വേതനം ലഭിക്കില്ല. നിങ്ങളുടെ കഴിവിനാണ് തൊഴിൽ വിപണിയിൽ മൂല്യമുള്ളത്. നിലവിലെ ജോലി നൽകുന്ന അമിതമായ സുരക്ഷിതത്വബോധവും മാറ്റങ്ങളെക്കുറിച്ചുള്ള ഭയവുമാണ് പലരെയും പിന്നോട്ടടിക്കുന്നത്. റിസ്ക് എടുക്കാനും പുതിയ തൊഴിലിടങ്ങൾ തേടാനും തയാറായില്ലെങ്കിൽ വലിയൊരു ശമ്പള വർധനവ് സ്വപ്നം മാത്രമായി ശേഷിക്കും.
ബിരുദമല്ല, പുതിയ നൈപുണ്യങ്ങളാണ് ശമ്പളം തീരുമാനിക്കുന്നത്
നിങ്ങളുടെ പഴയ വിദ്യാഭ്യാസ യോഗ്യതകളോ അക്കാദമിക് ബിരുദങ്ങളോ അല്ല നിങ്ങളുടെ ശമ്പളം നിശ്ചയിക്കുന്നത്. നിലവിലെ തൊഴിൽ വിപണിക്ക് അനുയോജ്യമായ രീതിയിൽ നിങ്ങൾ പുതുതായി പഠിച്ചെടുക്കുന്ന കഴിവുകളാണ് നിങ്ങളുടെ മൂല്യം കൂട്ടുന്നത്. നിരന്തരം പുതിയ കാര്യങ്ങൾ പഠിക്കാൻ തയാറാകുന്നവർക്ക് മാത്രമേ സാമ്പത്തിക മുന്നേറ്റം സാധ്യമാകൂ.
ജോബ് പോർട്ടലുകളേക്കാൾ പ്രധാനം പ്രൊഫഷണൽ നെറ്റ്‌വർക്കിങ്
മികച്ച ജോലി അവസരങ്ങൾ പലപ്പോഴും ജോബ് പോർട്ടലുകളിൽ പരസ്യപ്പെടുത്താറില്ല, മറിച്ച് വ്യക്തിഗത റെഫറൻസുകളിലൂടെയാണ് ലഭിക്കുന്നത്. സ്വന്തം മേഖലയിലുള്ള മറ്റ് പ്രൊഫഷണലുകളുമായി നല്ല ബന്ധം സ്ഥാപിക്കുന്നത് നിങ്ങളുടെ മാർക്കറ്റ് വാല്യൂ കൂട്ടുകയും പുതിയ വാതിലുകൾ തുറന്നുതരികയും ചെയ്യും.
പ്രശ്നം ശമ്പളത്തിലല്ല, കരിയർ സ്ട്രാറ്റജിയിലാണ്!
"പലരുടെയും പ്രശ്നം അവരുടെ നിലവിലെ ശമ്പളത്തിലല്ല, മറിച്ച് വ്യക്തമായ ഒരു കരിയർ പ്ലാൻ ഇല്ലാത്തതിലാണ്" എന്ന് ക്ഷിതിജ് കുമാർ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം കരിയർ തന്ത്രങ്ങളിൽ കൃത്യമായ മാറ്റം വരുത്തിയാൽ ശമ്പളം ഇരട്ടിയോ മൂന്നിരട്ടിയോ ആയി വർധിപ്പിക്കാൻ സാധിക്കും.
ലളിതമായ ഈ കരിയർ ഉപദേശങ്ങൾ അടങ്ങിയ വീഡിയോ നിമിഷങ്ങൾക്കകമാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. കംഫർട്ട് സോൺ വിട്ട് പുതിയ അവസരങ്ങൾ തേടിയപ്പോൾ കരിയറിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് നിരവധി പ്രൊഫഷണലുകളാണ് വീഡിയോയ്ക്ക് താഴെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നത്.