ചെറിയ ബാൽക്കണിയെ സ്വർഗതുല്യമാക്കാം; സുഗന്ധമുള്ള വർണാഭമായ ഏഴ് പൂച്ചെടികൾ

അധികം സ്ഥലം ആവശ്യമില്ലാത്ത ഈ ചെടികൾ ചട്ടികളിലും തൂക്കുചട്ടികളിലും വളർത്താൻ കഴിയും

Update: 2026-10-24 11:55 GMT

ബാൽക്കണി പലർക്കും ഒരു വികാരമാണ്. ബാൽക്കണിയിലിരുന്ന് ചായയോ കാപ്പിയോ കുടിച്ചുകൊണ്ട് മഴയും മറ്റ് കാഴ്ചകളും ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഏറെയും. എങ്കിൽ ആ ബാൽക്കണിയിൽ പൂക്കളുടെ മനോഹാരിതയും സു​ഗന്ധവും കൂടിയുണ്ടെങ്കിലോ… അത് വേറെ തന്നെ ഒരു വൈബാണ്. എങ്കിൽ ഇതാ നിങ്ങളുടെ ബാൽക്കണികളെ മനോഹരമാക്കാൻ സഹായിക്കുന്ന ഏഴ് ഇന്ത്യൻ പൂച്ചെടികൾ... റോസയ്ക്കും ജമന്തിക്കും പുറമേ കുറഞ്ഞ സ്ഥലത്ത് എളുപ്പത്തിൽ വളർത്താവുന്നതും നല്ല സുഗന്ധം പരത്തുന്നതുമാണ് ഈ ചെടികൾ.

1. ശംഖുപുഷ്പം

കടും നീലയോ വെള്ളയോ നിറത്തിലുള്ള ആകർഷകമായ പൂക്കളുള്ള ശംഖുപുഷ്പം ബാൽക്കണിയിലെ ചട്ടികളിൽ എളുപ്പത്തിൽ വളർത്താവുന്നതാണ്. ഇതിന്റെ ആഴത്തിലുള്ള നീലപ്പൂക്കൾ ചായകളിലും മറ്റ് പാനീയങ്ങളിലും നിറം നൽകാൻ പരമ്പരാഗതമായി ഉപയോഗിക്കാറുണ്ട്. സൂര്യപ്രകാശവും ആവശ്യത്തിന് വെള്ളവും താങ്ങുകളുമുണ്ടെങ്കിൽ ഈ പടർന്നുകയറുന്ന വള്ളിച്ചെടി നന്നായി വളരും.

Advertising
Advertising

2. പിച്ചി/പിച്ചകം

മനോഹരമായ വെള്ള നിറത്തിലുള്ള പൂക്കളും ശക്തമായ സുഗന്ധവുമുള്ള പടർന്നുകയറുന്ന കുറ്റിച്ചെടിയാണിത്. കൈവരികളുള്ള ബാൽക്കണികൾക്ക് പിച്ചകം ഏറ്റവും അനുയോജ്യമാണ്. ആവശ്യത്തിന് സൂര്യപ്രകാശവും പരിചരണവും ലഭിച്ചാൽ ലളിതമായ ഒരു ബാൽക്കണിയെ സുഗന്ധപൂരിതമായ ഉദ്യാനമാക്കി മാറ്റാൻ പിച്ചകത്തിന് സാധിക്കും.

3. പാരിജാതം

രാത്രിയിൽ വിരിയുകയും അതിരാവിലെ കൊഴിഞ്ഞുവീഴുകയും ചെയ്യുന്ന സുന്ദരമായ പൂക്കളാണ് പാരിജാതത്തിന്റേത്. നേരിയതും എന്നാൽ നിലനിൽക്കുന്നതുമായ സുഗന്ധം ബാൽക്കണിയിൽ നിറയ്ക്കാൻ ഇതിന് കഴിയും. ഒരു കുറ്റിച്ചെടിയായോ ചെറിയ മരമായോ വളരുന്നതിനാൽ ബാൽക്കണിയിൽ വളർത്താൻ അൽപ്പം വലിപ്പമുള്ള ചട്ടി തിരഞ്ഞെടുക്കുക.

4. മുല്ല

ചൂടുള്ള സായാഹ്നങ്ങളിൽ ബാൽക്കണിയിലെ അന്തരീക്ഷം ഉന്മേഷദായകമാക്കാൻ മുല്ലച്ചെടികൾ. ധാരാളം സൂര്യപ്രകാശവും വളർച്ചാകാലയളവിൽ കൃത്യമായ നനയും മുല്ലയ്ക്ക് ആവശ്യമാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ ചട്ടിയിൽ മികച്ച നീർവാർച്ചാ സൗകര്യം ഉണ്ടായിരിക്കണം.

5. യശോദപ്പൂവ്/മധുമാലതി/തൂക്കുചെത്തി/പുല്ലാന്നി

വളരെ വേഗത്തിൽ പടർന്നുകയറുന്ന വള്ളിച്ചെടിയാണിത്. ഇതിന്റെ പൂക്കൾ വിരിയുന്ന സമയത്ത് വെള്ള നിറത്തിലായിരിക്കുകയും പിന്നീട് പക്വത പ്രാപിക്കുമ്പോൾ പിങ്ക് നിറത്തിലേക്കും ഒടുവിൽ ചുവപ്പിലേക്കും മാറുന്നു. ഭിന്നിച്ചുകിടക്കുന്ന പൂങ്കുലകളായുള്ള യശോദപ്പൂവ് മതിലുകൾ, കൈവരികൾ, ആർച്ചുകൾ എന്നിവയ്ക്ക് മുകളിലൂടെ പടർത്തിവിടാൻ അനുയോജ്യമാണ്. അൽപ്പം വലിയ ചട്ടികളിൽ വളർത്താവുന്ന ഇത് ബാൽക്കണിക്ക് വെർട്ടിക്കൽ ഗാർഡൻ ലുക്ക് നൽകും.

6. ബൊഗെയ്ൻവില്ല

കുറഞ്ഞ പരിപാലനം മതിയെന്നതാണ് ബൊഗെയ്ൻവില്ലയുടെ പ്രധാന പ്രത്യേകത. പിങ്ക്, ഓറഞ്ച്, പർപ്പിൾ തുടങ്ങിയ നിറങ്ങളിൽ ബാൽക്കണിയെ വർണാഭമാക്കാൻ ബൊഗെയ്ൻവില്ല  സഹായിക്കും. കടുത്ത സൂര്യപ്രകാശത്തിൽ നന്നായി വളരുന്ന ഇവ ബാൽക്കണിയിൽ സ്വകാര്യത ഉറപ്പാക്കാനും വളരെ മികച്ചതാണ്. ഇതിന്റെ യഥാർഥ പൂക്കൾ ചെറുതാണെങ്കിലും, അതിനെ ചുറ്റിനിൽക്കുന്ന വർണാഭമായ ഭാഗങ്ങളാണ് ഭംഗി നൽകുന്നത്.

7. ചെമ്പകം

മനോഹരവും ശക്തമായ സുഗന്ധവുമുള്ള ചെമ്പകം, വെയിൽ ലഭിക്കുന്ന ബാൽക്കണിയെ ശാന്തമായ ഒരു സങ്കേതമാക്കി മാറ്റുന്നു. നല്ല നീർവാർച്ചയുള്ള മണ്ണും ധാരാളം സൂര്യപ്രകാശവും നൽകിയാൽ വലിയ ചട്ടികളിൽ ചെമ്പകം വിജയകരമായി വളർത്താം.

Tags:    

Writer - അതുല്യ സെബാസ്റ്റ്യൻ

contributor

Editor - അതുല്യ സെബാസ്റ്റ്യൻ

contributor

By - അതുല്യ സെബാസ്റ്റ്യൻ

contributor

Similar News