കുട്ടികൾ കുറുമ്പുകൾ കാണിക്കുമ്പോൾ ഈ ശിക്ഷകൾ നൽകരുത്; മാനസികാരോഗ്യം തകർക്കും

തെറ്റുകളെക്കുറിച്ച് അവരുമായി ശാന്തമായി സംസാരിച്ച് മനസിലാക്കാൻ ശ്രമിക്കുന്നത് പോസിറ്റീവ് ഫലം ചെയ്യും

Update: 2026-10-18 16:21 GMT

ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടികൾ നല്ല പെരുമാറ്റമുള്ളവരായിരിക്കണമെന്നും ശരിയും തെറ്റും തിരിച്ചറിയണമെന്നുമാണ് ആഗ്രഹിക്കുന്നത്. കുട്ടികൾ കുറുമ്പുകൾ കാണിക്കുമ്പോൾ ക്ഷമയില്ലാതെ മാതാപിതാക്കൾ ശിക്ഷിക്കാറുണ്ട്. എന്നാൽ, ആ സമയത്തെ ദേഷ്യം കാരണം കടുത്ത രീതിയിൽ കുട്ടികളെ ശിക്ഷിക്കുന്നതും വഴക്ക്പറയുന്നതുമെല്ലാം അവരുടെ മാനസിക ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കും.

കുട്ടികളുടെ മനസ്സിന് ആഴത്തിൽ മുറിവേൽപ്പിക്കുന്ന മാതാപിതാക്കൾ ഒരിക്കലും നൽകരുതാത്ത, ശിക്ഷകളെക്കുറിച്ച് വ്യക്തമാക്കുകയാണ് പാരന്റിങ് കോച്ചായ രേണു ഗിർധർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ. അവ ഏതൊക്കെയാണെന്ന് നോക്കാം.

Advertising
Advertising

കുട്ടികളെ മുറിയിലോ ബാത്റൂമിലോ അടച്ചുപൂട്ടുന്നത്

പല മാതാപിതാക്കളും കുട്ടികൾക്ക് നൽകുന്ന ശിക്ഷയാണ് കുട്ടികളെ മുറിയിലോ ബാത്റൂമിലോ അടച്ചുപൂട്ടിയിടുന്നത്. കുട്ടികൾ ഇനി ആ തെറ്റുകൾ ചെയ്യില്ലെന്നാവാം ഇത്തരത്തിലൊരു ശിക്ഷ നൽകുന്നതിന് കാരണം. എന്നാൽ, ഇത് വിപരീത ഫലമാണ് നൽകുക. കുട്ടികളുടെ മനസിൽ ഭയം വരാനും കൂടാതെ തനിച്ചിരിക്കാനും ഇരുട്ടിൽ പോകാനും ഇടുങ്ങിയ സ്ഥലങ്ങളിൽ കഴിയാനുമൊക്കെ അവർ ഭയപ്പെടാൻ ഇതുവഴി കാരണമായേക്കാം. ക്രമേണ അവരുടെ ചിന്തകളുടെ ഭാ​ഗമാകാം ഇത്.

കുട്ടികളോട് സംസാരിക്കാതിരിക്കുക

കുട്ടികൾക്ക് അവരുടെ ഏറ്റവും പ്രിയപ്പെട്ടവർ അവരുടെ മാതാപിതാക്കൾ തന്നെയാണ്. എന്നാൽ കുട്ടികൾ കുറുമ്പുകൾ കാണിച്ചാൽ പല മാതാപിതാക്കളും സംസാരിക്കാതിരിക്കാറുണ്ട്. തെറ്റ് ആവർത്തിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും സംസാരിക്കാതിരിക്കുന്നത് കുട്ടികളെ ഉള്ളിൽ നിന്ന് തകർക്കും. ഇത് അവരുടെ ആത്മവിശ്വാസം തകർത്തേക്കാം. അവ​ഗണിച്ചെന്ന ഫീലും ഉണ്ടാക്കും. സ്നേഹിക്കപ്പെടാൻ അർഹരല്ലെന്ന് തോന്നലുണ്ടാക്കാം.

ശിക്ഷയ്ക്ക് പകരമായി എന്തുചെയ്യാം?

ക്ഷമ ഇല്ലാത്ത മാതാപിതാക്കളും അത്രത്തോളം അക്ഷമരായ കുട്ടികളുമാണെങ്കിൽ ഒട്ടുമിക്ക വീടുകളിലും കുറുമ്പുകൾ കാണിക്കുന്ന കുട്ടികളോട് മാതാപിതാക്കൾ ഇതുതന്നെയാവും ശിക്ഷയായി നൽകാറുള്ളത്. എന്നാൽ തെറ്റുകളെക്കുറിച്ച് അവരുമായി ശാന്തമായി സംസാരിച്ച് മനസിലാക്കാൻ ശ്രമിക്കുന്നത് അവരിൽ പോസിറ്റീവ് ഫലം ചെയ്യുമെന്ന് ഓർത്തിരിക്കണം. തെറ്റുകൾ ചെയ്താലും സ്നേഹത്തിൽ കുറവൊന്നും വരുത്തരുത്.

ഭയം, തല്ലുക, അല്ലെങ്കിൽ മിണ്ടാതിരിക്കുക തുടങ്ങിയവയാണ് ശിക്ഷയായി അവർക്ക് നൽകുന്നതെങ്കിൽ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കും. സ്നേഹത്തിലൂടെയും നന്നായി സംസാരിക്കുന്നതിലൂടെയും‌ പരസ്പര ധാരണയിലൂടെയുമാണ് കുട്ടികളെ തിരുത്തേണ്ടതെന്ന് ഓരോ മാതാപിതാക്കളും ഓർത്തിരിക്കണം.

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - അഭിരാമി ഒതയോത്ത്

contributor

Similar News