നിയമസഭാ ചോദ്യത്തിന് വിചിത്ര മറുപടി; പരാതിയുമായി രമേശ് ചെന്നിത്തല
ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാത്ത എക്‌സിക്യൂട്ടീവിന്റെ നിലപാടിൽ പ്രതിഷേധിച്ച് ചെന്നിത്തല സ്പീക്കർക്ക് കത്തുനൽകി
തിരുവനന്തപുരം: നിയമസഭയിൽ മന്ത്രി ഒ.ആർ കേളുവിനോട് ചോദിച്ച ചോദ്യത്തിന് വിചിത്ര മറുപടി ലഭിച്ചെന്ന പരാതിയുമായി ചെന്നിത്തല. ചെന്നിത്തലയുടെ ചോദ്യത്തിന് ഫയലിന്റെ പകർപ്പ് വിവരാവകാശം നിയമപ്രകാരം ശേഖരിക്കാനായിരുന്നു മറുപടി. നിയമസഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാത്ത എക്‌സിക്യൂട്ടീവിന്റെ നിലപാടിൽ പ്രതിഷേധിച്ച് ചെന്നിത്തല സ്പീക്കർക്ക് കത്തുനൽകി.
ചെന്നിത്തലയുടെ നിയോജക മണ്ഡലമായ ഹരിപ്പാട്ട് സൈബർ ശ്രീയുടെ പ്രവർത്തനം നിർത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് കൃത്യമായ മറുപടി ലഭിക്കാത്തത്. പട്ടികജാതി പട്ടികവർഗ വകുപ്പ് സ്ഥാപിച്ച സൗജന്യ കമ്പ്യൂട്ടർ പരിശീലന കേന്ദ്രമായ സൈബർ ശ്രീ സെന്ററിന്റെ പ്രവർത്തനം നിർത്തിയതിന്റെ കാരണം എന്താണെന്നും ഇത് സംബന്ധിച്ച സെക്രട്ടറിയേറ്റിലെ നോട്ട് ഫയൽ, നടപ്പുഫയൽ എന്നിവയുടെ പകർപ്പ് ലഭ്യമാക്കാമോ എന്നുമായിരുന്നു ചോദ്യം. എന്നാൽ പ്രവർത്തനം നിർത്തിയതിന്റെ കാരണം വ്യക്തമാക്കാൻ മന്ത്രി ഒ.ആർ കേളു തയാറായിട്ടില്ല. കൂടാതെ ഫയലിന്റെ പകർപ്പ് ആവശ്യപ്പെട്ടതിന് മറുപടിയായി വിവരാവകാശ നിയമപ്രകാരം വിവരം ശേഖരിക്കാൻ നിർദേശം നൽകി.
ഇത് ഉദ്യോഗസ്ഥ വീഴ്ചയും സഭയോടുള്ള അനാദരവുമാണെന്ന് ചെന്നിത്തല ആരോപിച്ചു. നിയമസഭാ സാമാജികരുടെ ചോദ്യങ്ങൾക്ക് വിവരാവകാശ നിയമപ്രകാരം മറുപടി സ്വീകരിക്കാൻ നിർദേശിക്കുന്നത് നിയമസഭയോടുള്ള അവഹേളനവും തന്റെ പ്രത്യേക അവകാശങ്ങളെ ലംഘിക്കുന്നതുമാണെന്ന് ചെന്നിത്തല സ്പീക്കർക്ക് നൽകിയ കത്തിൽ പറയുന്നു. സഭയെ അവഹേളിക്കുന്ന തരത്തിൽ ഉത്തരം തയാറാക്കി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.