Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കൊച്ചി: മൂവാറ്റുപുഴയില്‍ ബാറ്ററി മോഷണം ആരോപിച്ച് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. പെരുമ്പല്ലൂര്‍ സ്വദേശി അമല്‍ ആന്റണിക്കാണ് നട്ടെല്ലിനും കാലിനും ഗുരുതര പരിക്കേറ്റത്. നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതോടെ അമലിനെ പൊലീസ് വിട്ടയക്കുകയായിരുന്നു.
ഈ മാസം പന്ത്രണ്ടിന് മൂവാറ്റപുഴ പേട്ടയിലെ പൂക്കടയില്‍ നിന്നും മോഷണം പോയ ബാറ്ററി അന്വേഷിച്ചാണ് എസ് ഐ യും സംഘവും അമലിന്റെ വീട്ടിലെത്തിയത്.അമല്‍ ആക്രിക്കടയില്‍ ഒരു ബാറ്ററി വിറ്റിരുന്നു.
ഇതറിഞ്ഞ പൊലീസ് കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കാതെ അമലിനെ വീട്ടില്‍ നിന്നും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് വാഹനത്തില്‍ വെച്ച് അമല്‍ ക്രൂരമര്‍ദ്ദനത്തിനിരയായി.
മോഷണം പോയത് രണ്ട് വര്‍ഷം പഴക്കമുള്ള ബാറ്ററിയും അമല്‍ വിറ്റത് പത്ത് വര്‍ഷം പഴക്കമുള്ളതുമാണെന്ന് വ്യക്തമായതോടെ പൊലീസ് നാണം കെട്ടു. അമലിനെ വിട്ടയച്ച് കൈകഴുകാനായിരുന്നു പൊലീസിന്റെ ശ്രമം.
പൊലീസ് മര്‍ദ്ദനത്തിനെതരെ ആലുവ റൂറല്‍ എസ്പിക്ക് അമല്‍ പരാതി നല്‍കി. അമലിന്റെ പരാതിയില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയെ എസ് പിയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.