മന്ത്രിമാർ ആരും എന്നെ വന്ന് കണ്ടില്ല, ആരും വിളിച്ചിട്ടില്ല; മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ ഭർത്താവ്
ബിന്ദുവിനെ കാണാനില്ലെന്ന് അപ്പോൾ തന്നെ പറഞ്ഞിരുന്നു. എന്നാൽ തങ്ങളുടെ ആവശ്യം കേട്ടില്ലെന്ന് ഭർത്താവ് ആരോപിക്കുന്നു
കോട്ടയം: സർക്കാരിനും മന്ത്രിമാർക്കുമെതിരെ ആരോപണങ്ങളുമായി കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ. സ്ഥലത്തുണ്ടായിരുന്നിട്ടും മന്ത്രിമാർ ആരും തന്നെ വന്ന് കാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ല. ആരോഗ്യ മന്ത്രിയോ കലക്ടറ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ല തുടങ്ങിയ ആരോപണങ്ങളാണ് ഭർത്താവ് വിശ്രുതൻ ഉന്നയിക്കുന്നത്.
ബിന്ദുവിനെ കാണാനില്ലെന്ന് അപ്പോൾ തന്നെ പറഞ്ഞിരുന്നു. എന്നാൽ തങ്ങളുടെ ആവശ്യം കേട്ടില്ലെന്ന് ഭർത്താവ് ആരോപിക്കുന്നു. സാമ്പത്തിക സഹായത്തെ സംബന്ധിച്ച കാര്യത്തിൽ ബോർഡ് യോഗം ചേർന്ന് തീരുമാനിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ജീവൻ പോകുമ്പോൾ സർക്കാർ കൂടെ നിൽക്കണം. സർക്കാർ തലത്തിൽ നിന്ന് രേഖാമൂലം ഒന്നും അറിയിച്ചിട്ടില്ല. രണ്ട് ദിവസം കഴിയുമ്പോൾ ഇതെല്ലാം തേച്ച് മാച്ച് കളയരുതെന്നും വിശ്രുതൻ പറഞ്ഞു.
അതേസമയം, മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ബിന്ദുവിന്റെ വീട്ടിൽ അന്തിമോപചാരം അർപ്പിക്കാൻ ചാണ്ടി ഉമ്മൻ എത്തിയിരുന്നു. പത്തുദിവസത്തിനുള്ളിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ തുക നൽകുമെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
watch video: