'എന്നെക്കുറിച്ച് സുധാകരന്‍ പറഞ്ഞത് നല്ല വാക്കുകള്‍ മാത്രം, അദ്ദേഹത്തിന്‍റെ അനുഗ്രഹം മൂന്ന് തവണ കിട്ടി '; സണ്ണി ജോസഫ്
സണ്ണി ജോസഫ് തന്‍റെ നോമിനി അല്ലെന്ന് കെ.സുധാകരൻ മീഡിയവണ്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു
കൊച്ചി: താന്‍ കെപിസിസി പ്രസിഡന്‍റായതില്‍ കെ.സുധാകരന് സന്തോഷമെന്ന് സണ്ണി ജോസഫ്. കെ.സുധാകരന്‍റെ മീഡിയവണ്‍ അഭിമുഖത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സുധാകരന്‍റെ അനുഗ്രഹം എനിക്ക് മൂന്ന് തവണ കിട്ടി.കെപിസിസി പ്രസിഡന്റായി പ്രഖ്യാപിച്ച സമയത്ത് കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് വരാൻ പറഞ്ഞു.അവിടെ വെച്ച് കെട്ടിപ്പിടിച്ച് മധുരം തന്ന് ഷാളണിയിച്ചു.തിരുവനന്തപുരത്ത് വെച്ച് കെട്ടിപ്പിടിച്ചു. തലയിൽതൊട്ടനുഗ്രഹിച്ചു.എന്റെ പേര് മാധ്യമങ്ങളിൽ വന്ന സമയത്തും ഞാനദ്ദേഹത്തെ പോയി കണ്ടിരുന്നു. താനാണ് വരുന്നതെങ്കിൽ ഞാൻ തലയിൽതൊട്ടനുഗ്രഹിക്കുമെന്നും പറഞ്ഞിരുന്നു. സണ്ണി ജോസഫ് എന്റെ സഹോദരൻ എന്നാണ് സുധാകരൻ പറഞ്ഞത്. എന്റെ ജേഷ്ഠസഹോദരൻ എന്നാണ് അധ്യക്ഷപദവി ഏറ്റെടുക്കുന്ന സമയത്ത് ഞാൻ വിശേഷിപ്പിച്ചത്'..സണ്ണി ജോസഫ് കൊച്ചിയില്‍ പറഞ്ഞു.
അതേസമയം, കെപിസിസി പ്രസിഡൻറ് സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നിൽ പ്രവർത്തിച്ചത് ചില വക്രബുദ്ധിക്കാരാണെന്ന കെ.സുധാകരന്‍റെ പ്രതികരണത്തോടുള്ള ചോദ്യത്തിൽ നിന്ന് സണ്ണി ജോസഫ് ഒഴിഞ്ഞ് മാറി.
സണ്ണി ജോസഫ് തന്‍റെ നോമിനി അല്ലെന്നായിരുന്നു കെ.സുധാകരൻ മീഡിയവണിനോട് പറഞ്ഞത്. 'സണ്ണിയെ കോൺഗ്രസിൽ ഉയർത്തിക്കൊണ്ടുവന്നത് താനാണ്. അദ്ദേഹവുമായുള്ളത് സഹോദരതുല്യമായ ബന്ധമാണ്. സണ്ണിയും ഞാനും തമ്മിലുള്ള ബന്ധം പലരും ഇപ്പോഴാണ് എല്ലാവരും മനസിലാക്കുന്നത്. സണ്ണി വന്നതില്‍ മറ്റാരെങ്കിലും വന്നതിനേക്കാള്‍ സന്തോഷമുണ്ട്. സണ്ണി ക്രൈസ്തവ സഭയുടെ പ്രതിനിധിയല്ല. എന്നാല്‍ തന്നെ അനുനയിപ്പിക്കാനല്ല സണ്ണിയെ പ്രസിഡന്‍റാക്കിയത്. കെപിസിസി പ്രസിഡന്‍റിനെ മാറ്റുമ്പോൾ പ്രതിപക്ഷ നേതാവിനെ കൂടി മാറ്റുകയാണ് പതിവ്'. എന്നാൽ അത് ഉണ്ടായില്ല തനിക്ക് അങ്ങനെയൊരു ആവശ്യവുമില്ലെന്നും സുധാകരൻ പറഞ്ഞു.