'പിണറായിയുടെ പാദസേവ ചെയ്യുന്ന ഒരു മഹതിയാണ് പോസ്റ്റ് ഇട്ടത്'; ദിവ്യ എസ് അയ്യർക്കെതിരെ കെ.മുരളീധരൻ
സോപ്പിടുമ്പോൾ വല്ലാതെ പതപ്പിച്ചാൽ ഭാവിയിൽ ദോഷം ചെയ്യുമെന്നും പരിഹാസം
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ.രാഗേഷിനെ പുകഴ്ത്തിയ പോസ്റ്റ് ചെയ്ത ദിവ്യ എസ് അയ്യർക്കെതിരെ കെ.മുരളീധരൻ.പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് മുരളീധരൻ വിമർശിച്ചു. പിണറായിയുടെ പാദസേവ ചെയ്യുന്ന ചുരുക്കം ചില ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് ദിവ്യ.അതിന് അത്രവില മാത്രമാണ് ഞങ്ങള്‍ കല്‍പ്പിക്കുന്നത്. സോപ്പിടുമ്പോൾ വല്ലാതെ പതപ്പിച്ചാൽ ഭാവിയിൽ ദോഷം ചെയ്യുമെന്നും അദ്ദേഹം പരിഹസിച്ചു.
പിണറായി വിജയന് ഇഷ്ടപ്പെട്ടവരെ ഏത് കോടതി തെറ്റുകാരൻ എന്ന് വിളിച്ചാലും അംഗീകരിക്കില്ലെന്നും മുരളീധരൻ പറഞ്ഞു.അവരെ ഏത് വൃത്തികെട്ട മാർഗത്തിലൂടെയും സംരക്ഷിക്കും.അതാണ് കെ എം എബ്രഹാമിൻ്റെ കാര്യത്തിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കെ.കെ രാഗേഷിനെ പുകഴ്ത്തിയുള്ള സമൂഹമാധ്യമ പോസ്റ്റിലെ വിമർശനത്തിന് മറുപടിയുമായി ദിവ്യ എസ്.അയ്യർ രംഗത്തെത്തി. നന്മയുള്ളവരെക്കുറിച്ച് നാലാളോട് പറയാൻ പ്രയാസം വേണ്ട. ഒന്നര വർഷമായി താൻ നേരിടുന്ന വിമർശനത്തിന് കാരണം ഈ പ്രകൃതമെന്നും ഇൻസ്റ്റാഗ്രമിൽ പങ്കുവെച്ച വീഡിയോയിൽ ദിവ്യ പറഞ്ഞു.
നമ്മളാരും എല്ലാം തികഞ്ഞവരല്ല. നമുക്ക് ചുറ്റുമുള്ളവരിൽ നന്മയും നമുക്ക് പഠിക്കാനുള്ള നിരവധി കാര്യങ്ങളും ഉണ്ടാകും. നമ്മൾ കണ്ടെത്തുന്ന ഈ നന്മകളെക്കുറിച്ച് നാലാളോട് പറയാൻ പ്രയാസം വേണ്ട. പക്ഷെ കഴിഞ്ഞ ഒന്നര വർഷമായി താൻ നേരിടുന്ന വിമർശനത്തിന് കാരണം എന്റെ ഉത്തമബോധ്യത്തിൽ ചില മനുഷ്യരിൽ ഞാൻ കണ്ടെത്തിയ നന്മയെക്കുറിച്ച് സംസാരിക്കുന്നതാണ്. എത്ര വിചിത്രമായ ലോകമാണിത്, ദിവ്യ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസമാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ എംപിയുമായ കെ.കെ രാഗേഷിനെ പുകഴ്ത്തി ദിവ്യ എസ്. അയ്യർ പോസ്റ്റ് പങ്കുവെച്ചത്. കർണന് പോലും അസൂയ തോന്നും വിധം ഈ കെകെആർ കവചം എന്ന തലക്കെട്ടോടെയാണ് ഇൻസ്റ്റഗ്രാമിൽ കുറിപ്പ്.
ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽനിന്ന് വീക്ഷിച്ച എനിക്ക് ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം. കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്- പോസ്റ്റിൽ പറയുന്നു. പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ രൂക്ഷ വിമർശനമാണ് ദിവ്യക്ക് നേരെ ഉയർന്നത്.