'ഇവിടെ ആക്രമണം നടത്തിയ ഒരു പാക് ഭീകരവാദിയെ എങ്കിലും പിടികൂടാനായോ?': വെടിനിർത്തലിന് ശേഷം ചോദ്യങ്ങളുമായി വി.ടി ബല്‍റാം
അമേരിക്കൻ പ്രസിഡന്റ് നേരിട്ടിടപ്പെട്ട് ഇന്ത്യക്കും പാകിസ്താനും ബാധകമായ ഒരു തീരുമാനം പ്രഖ്യാപിക്കുന്ന സാഹചര്യം എങ്ങനെയുണ്ടായെന്നും ബൽറാം
തിരുവനന്തപുരം: ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാല് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം.
യുദ്ധം ഒരു ദിവസമെങ്കിലും നേരത്തെ അവസാനിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് നേരിട്ടിടപ്പെട്ട് ഇന്ത്യക്കും പാകിസ്താനും ബാധകമായ ഒരു തീരുമാനം പ്രഖ്യാപിക്കുന്ന സാഹചര്യം എങ്ങനെയുണ്ടായെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ബല്‍റാം ചോദിക്കുന്നു.
ഈ വെടിനിർത്തൽ കൊണ്ട് ഇന്ത്യ എന്താണ് നേടിയത്? ഇന്ത്യയിൽ ആക്രമണം നടത്തിയ ഒരു പാക് ഭീകരവാദിയെ എങ്കിലും ഇതിനിടയിൽ പിടികൂടാനായോ? അവരെ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനെക്കൊണ്ട് ഏറ്റെടുപ്പിക്കാനായോ?- ബല്‍റാം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
യുദ്ധം ഒരു ദിവസമെങ്കിൽ ഒരു ദിവസം നേരത്തെ അവസാനിക്കുന്നതിൽ സന്തോഷമുണ്ട്.
എന്നാൽ മൂന്ന് നാല് ചോദ്യങ്ങൾ ബാക്കിനിൽക്കുന്നു:
1) കശ്മീർ എന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരു ബൈലാറ്ററൽ വിഷയമാണെന്നും ഒരു മൂന്നാം കക്ഷിയേയും അതിൽ ഇടപെടുത്തില്ലെന്നുമായിരുന്നു ഇതുവരെ ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. ഇന്നിപ്പോൾ അമേരിക്കൻ പ്രസിഡണ്ട് നേരിട്ടിടപ്പെട്ട് ഇന്ത്യക്കും പാക്കിസ്ഥാനും ബാധകമായ ഒരു തീരുമാനം പ്രഖ്യാപിക്കുന്ന സാഹചര്യം എങ്ങനെയുണ്ടായി?
2) ഈ വെടിനിർത്തൽ കൊണ്ട് ഇന്ത്യ എന്താണ് നേടിയത്? ഇന്ത്യയിൽ ആക്രമണം നടത്തിയ ഒരു പാക് ഭീകരവാദിയെ എങ്കിലും ഇതിനിടയിൽ പിടികൂടാനായോ? അവരെ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനെക്കൊണ്ട് ഏറ്റെടുപ്പിക്കാനായോ?
3) ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യയുടെ ആദ്യ സൈനിക നടപടി മിതവും ലക്ഷ്യ കേന്ദ്രിതവും യുദ്ധവ്യാപനത്തിലേക്ക് നയിക്കാത്ത തരത്തിലുള്ളതുമായിരുന്നു. എന്നാൽ ഇതിനേത്തുടർന്ന് പാക്കിസ്ഥാൻ നമ്മുടെ സിവിലിയൻ മേഖലയിലാണ് ഷെൽ ആക്രമണം നടത്തി നിരവധി സാധാരണ പൗരന്മാരെ കൊന്നൊടുക്കിയത്. ഇതിന് പാക്കിസ്ഥാന് തിരിച്ചടി നൽകാൻ നമുക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ടോ?
4) 1948ലെ വെടിനിർത്തലിന്റെ പേരിൽ ജവഹർലാൽ നെഹ്രുവിനെയും സിംല കരാറിന്റെ പേരിൽ ഇന്ദിരാഗാന്ധിയെയും ഇപ്പോഴും അധിക്ഷേപിക്കുന്ന സംഘ് പരിവാർ ഇന്നിപ്പോൾ ഒരു നേട്ടവും നേടിയെടുക്കാതെ മോദി സർക്കാർ സ്വീകരിച്ച വെടിനിർത്തലിനെ എന്ത് പറഞ്ഞു ന്യായീകരിക്കും?