'ബിജെപി ജയിക്കാന്‍ ഉദ്ദേശിക്കുന്നിടത്ത് ജമ്മു കശ്മീരില്‍ നിന്നുവരെ ആളുകളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും'; ബി.ഗോപാലകൃഷ്ണൻ
ജയിക്കാൻ വേണ്ടി വ്യാപകമായി ഞങ്ങൾ വോട്ട് ചേർക്കുമെന്നും നാളെയും ചെയ്യുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു
കൊച്ചി: ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന് സമ്മതിച്ച് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ. ഒരു വർഷം മുന്‍പ് അങ്ങനെ ആളുകളെ കൊണ്ടുവന്ന് വോട്ട് ചേർക്കുന്നതിൽ എന്താണ് തെറ്റ്?ബിജെപി ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്ന് വരെ ആളുകളെ കൊണ്ട് വന്ന് താമസിപ്പിക്കുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
'സുരേഷ് ഗോപിക്ക് വേണ്ടി 86 കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപിക്കുന്നത്. തൃശൂരിൽ സുരേഷ് ഗോപി 74,682 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 2019ൽ 4.16 ലക്ഷം വോട്ടുണ്ടായിരുന്ന കോൺഗ്രസിന് 2024 ൽ 3.27 ലക്ഷം ആയി കുറഞ്ഞു.ബാക്കി 90,000 എവിടെ പോയി?തൃശൂരില്‍ മരിച്ച ആളുടെ പേരിൽ ആരും വോട്ട് ചെയ്തിട്ടില്ല. ഒരാൾ രണ്ടുവോട്ടുകളും ചെയ്തിട്ടില്ല. ഏത് വിലാസത്തിൽ വേണമെങ്കിലും വോട്ട് ചേർക്കാം. ജയിക്കാൻ വേണ്ടി വ്യാപകമായി ഞങ്ങൾ വോട്ട് ചേർക്കും. ഞങ്ങൾ ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ ജമ്മു കശ്മീരിൽ നിന്നും ആളുകളെ കൊണ്ടുവന്ന് ഒരു വർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും.നാളെയും ചെയ്യും'. അദ്ദേഹം പറഞ്ഞു.
'നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതുപോലെ വോട്ട് ചേർക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ല.അത് തെരഞ്ഞെടുപ്പ് സമയത്ത് ആലോചിച്ച് തീരുമാനിക്കും.ഇത്തവണ ലോക്‌സഭയിൽ ജയിക്കാനാണ് തീരുമാനിച്ചത്. ഞാൻ മത്സരിച്ച് ജയിക്കാനാഗ്രഹിക്കുന്ന ഒരാൾ ജമ്മു കശ്മീരിലുണ്ട്. അയാള് അവിടെ വോട്ട് ചെയ്യാതെ ഇവിടെ ഒരുവർഷം താമസിച്ച് വോട്ട് ചെയ്യുന്നതിൽ എന്താണ് അധാർമികത?'. ബിജെപിയുടെ സ്ഥാനാർഥിയെ തോൽപ്പിക്കാൻ ബിജെപിയും കോൺഗ്രസും വോട്ട് വിൽക്കുന്നത് ധാർമികതയാണോ എന്നും അദ്ദേഹം ചോദിച്ചു.
ഒന്നോ രണ്ടോ സ്ഥലത്ത് മാത്രമേ ഉടമ അറിയാതെ ആളുകളെ വോട്ട് ചേർത്തിട്ടൊള്ളൂവെന്നും ഗോപാലകൃഷ്ണൻ സമ്മതിച്ചു. സുരേഷ് ഗോപിയുടെ 'വാനരൻ' പരാമർശത്തെയും ഗോപാലകൃഷ്ണൻ ന്യായീകരിച്ചു. എന്ത് ചെയ്യാലും അതുപോലെ പകർത്തുക എന്നതാണ് സുരേഷ് ഗോപി ഉദ്ദേശിച്ചതെന്നും ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.