Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഒരു ദിവസം ബാക്കിയിരിക്കെയാണ് സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ഇന്ന് സഭ പാസാക്കിയത് 11 ബില്ലുകളാണ്.
ശബരിമല സ്വർണപ്പാളി കൊള്ളയിൽ കഴിഞ്ഞ നാല് ദിവസമായി അസാധാരണ രംഗങ്ങളാണ് നിയമസഭയിൽ അരങ്ങേറിയത്. ചോദ്യോത്തര വേള തടസ്സപ്പെടുത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഭരണപക്ഷവുമായി വാക്കു തുറക്കവും വാച്ച് ആൻഡ് വാർഡുമായി കയ്യാങ്കളിയും പലതവണ സഭയിൽ അരങ്ങേറി.
അതിനൊടുവിലാണ് മൂന്ന് കോൺഗ്രസ് എംഎൽഎമാർക്കെതിരായ സസ്പെൻഷൻ നടപടി. കോവളം എംഎൽഎ എം വിൻസെന്റ്, അങ്കമാലി എംഎൽഎ റോജി എം. ജോൺ, ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് ഈ സമ്മേളന കാലയളവ് വരെ സസ്പെൻഡ് ചെയ്തത്.