‘വീട്ടിലെ സുഖപ്രസവം ലോട്ടറി അടിക്കുന്നത് പോലെയാണ്, രണ്ടു ജീവനുകൾ കൊണ്ടുള്ള ഞാണിന്മേൽ കളി’
വീട്ടിലെ പ്രസവം ഒരിക്കലും മാതൃകയാക്കരുതെന്ന് ഡോ. മനോജ് വെള്ളനാട്
കോഴിക്കോട്: വീട്ടിലെ സുഖപ്രസവം എന്നത് ലോട്ടറി അടിക്കുന്നത് പോലെയാണെന്ന് ന്യൂറോ സർജൻ ഡോ. മനോജ് വെള്ളനാട്. വീട്ടിൽ പ്രസവിച്ചതിനാൽ കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിക്കുന്നുവെന്ന ദമ്പതികളുടെ പരാതി വാർത്തയായതിന് പിന്നാലെയാണ് ഡോക്ടറുടെ കുറിപ്പ് വരുന്നത്. ‘വീട്ടിലെ സുഖപ്രസവം എന്നത് ലോട്ടറി അടിക്കുന്നത് പോലെയാണ്. രണ്ടു ജീവനുകൾ വച്ചു കൊണ്ടുള്ള ഒരു ഞാണിന്മേൽ കളി. ആ കളിയിൽ പണ്ട് ഒരുപാട് പേർ തോറ്റിട്ടുണ്ട്. ഇന്ന് മാതൃ-ശിശു മരണ നിരക്കുകൾ ഇത്രയും കുറഞ്ഞതിന് കാരണം ഗർഭകാലം മുതൽ എല്ലാ പരിചരണങ്ങളും ആശുപത്രികളിൽ നടക്കുന്നത് കൊണ്ടാണ്’ -ഡോക്ടർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പെട്ടെന്നൊരു ദിവസം ഏതെങ്കിലും ദമ്പതികൾ ഒരു കുട്ടിയെ കൊണ്ടുവന്ന് കാണിച്ചിട്ട് ബർത്ത് സർട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞാൽ കൊടുക്കാൻ പറ്റുമോ? ആരോഗ്യകരമായ പ്രസവം, വാക്സിനേഷൻ, ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം ഒക്കെ കുട്ടികൾക്കുണ്ട്. അതൊക്കെ വേറെ വിഷയമാണ്. അത് മാറ്റിവച്ച് ചിന്തിച്ചാലും നിലവിൽ കണ്ണുമടച്ച് സർട്ടിഫിക്കറ്റ് കൊടുക്കാൻ സാധിക്കില്ലല്ലോ. അതിന് കുട്ടി അവരുടേതാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞാലല്ലേ പറ്റൂ. DNA പരിശോധനകൾ നടത്തി അത് തെളിയിക്കട്ടെ.
വീട്ടിലെ സുഖപ്രസവം എന്നത് ലോട്ടറി അടിക്കുന്നത് പോലെയാണ്. രണ്ടു ജീവനുകൾ വച്ചു കൊണ്ടുള്ള ഒരു ഞാണിന്മേൽ കളി. ആ കളിയിൽ പണ്ട് ഒരുപാട് പേർ തോറ്റിട്ടുണ്ട്. ഇന്ന് മാതൃ-ശിശു മരണ നിരക്കുകൾ ഇത്രയും കുറഞ്ഞതിന് കാരണം ഗർഭകാലം മുതൽ എല്ലാ പരിചരണങ്ങളും ആശുപത്രികളിൽ നടക്കുന്നത് കൊണ്ടാണ്.
ജനിക്കുന്ന കുഞ്ഞ് കരയാൻ 5 മിനിട്ട് വൈകിയാൽ, അതിനിടയിൽ കൃത്യമായ മെഡിക്കൽ സപ്പോർട്ട് നൽകാൻ കഴിഞ്ഞില്ലെങ്കിൽ ആ കുട്ടി ജീവിച്ചാൽ പോലും തലച്ചോർ വളർച്ചയില്ലാതെ ജീവിതകാലം മുഴുവൻ കുടുംബത്തിന് തന്നെ ഒരു സങ്കടക്കാഴ്ചയായി ജീവിക്കും. തലച്ചോറിലേക്ക് കുറച്ചു നേരത്തേക്ക് ആവശ്യത്തിന് ഓക്സിജൻ കിട്ടാതെ വരുന്ന ഹൈപ്പോക്സിക് ഇസ്കീമിക് എൻസെഫലോപതി എന്ന അവസ്ഥ കാരണമാണത്. മിനിട്ടുകളും സെക്കൻ്റുകളും ഒരാളുടെ വിധി നിർണയിക്കുന്നത് ഇങ്ങനെയൊക്കെയാണ്. അല്ലാതെ മതപുസ്തകങ്ങളും ജാതകങ്ങളും നോക്കിയിട്ടല്ല. ഇതൊരു ഒറ്റ ഉദാഹരണം പറഞ്ഞു എന്നേയുള്ളു. ഇങ്ങനെ നിരവധി പ്രശ്നങ്ങൾ വേറെ ഉണ്ടാവാം.
ഗർഭവും പ്രസവവും ഒക്കെ ഒന്നല്ല, രണ്ട് ജീവൻ കൈയിൽ പിടിച്ചുള്ള വലിയ ഗെയിമാണ്. സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടത്. വീട്ടിലെ പ്രസവം ഒരിക്കലും മാതൃകയാക്കരുത്. എടുക്കുന്ന എല്ലാവർക്കും ലോട്ടറി അടിക്കില്ലാ എന്ന തത്വം ഓർക്കുന്നത് ഇവിടെ വളരെ അനുയോജ്യമാണ്.
മനോജ് വെള്ളനാട്