കൊഴുവ ഫ്രൈ എടുത്തതിനെ ചൊല്ലി തർക്കം; യുവാവിനെ മർദിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ
പൈനൂർ സ്വദേശികളായ മാളുത്തറ കിഴക്കേനട വീട്ടിൽ സനത് (22) സഞ്ജയ് (25) താന്ന്യം ചെമ്മാപ്പള്ളി സ്വദേശി വടക്കൻതുള്ളി വീട്ടിൽ സഞ്ജു എന്ന് വിളിക്കുന്ന ഷാരോൺ (40) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
വലപ്പാട്: കൊഴുവ ഫ്രൈ എടുത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മർദിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വലപ്പാട് ബീച്ച് പാണാട്ട് അമ്പലം സ്വദേശി ഷൈലേഷ് തൃപ്രയാർ കള്ള് ഷാപ്പിൽ കൊഴുവ വറുത്തത് കഴിക്കുന്നതിനിടെ പ്ലെയിറ്റിൽ നിന്നും പ്രതികൾ അനുവാദം കൂടാതെ മീൻ വറുത്തത് എടുത്തത് തടഞ്ഞതിലുള്ള വൈരാഗ്യം മൂലം ഷൈലേഷിനെ മർദിക്കുകയായിരുന്നു. കള്ള് ഷാപ്പിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ഷൈലേഷിനെ തൊട്ടടുത്തുള്ള ഹൈവേ മേൽപാലത്തിനടിയിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് മർദിച്ചത്.
പൈനൂർ സ്വദേശികളായ മാളുത്തറ കിഴക്കേനട വീട്ടിൽ സനത് (22) സഞ്ജയ് (25) താന്ന്യം ചെമ്മാപ്പള്ളി സ്വദേശി വടക്കൻതുള്ളി വീട്ടിൽ സഞ്ജു എന്ന് വിളിക്കുന്ന ഷാരോൺ (40) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. സനതും സഞ്ജയിയും സഹോദരങ്ങളാണ്.
സനത് വധശ്രമക്കേസിലും, സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത കേസിലും, പൊതു സ്ഥലത്ത് ലഹരിക്കടിമപ്പെട്ട് ശല്യമുണ്ടാക്കിയ കേസിലും, മയക്കുമരുന്ന് ഉപയോഗിച്ച കേസിലും പ്രതിയാണ്. സഞ്ജയ് അന്തിക്കാട് സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത കേസിലും, അടിപിടിക്കേസിലും പ്രതിയാണ്.