മകളെ കൊന്നതിന് ഒരു വര്‍ഷത്തിന് ശേഷം അച്ഛന്‍റെ പ്രതികാരം; കൊലയാളിയുടെ പിതാവിനെ കൊലപ്പെടുത്തി
കര്‍ണാടകയിലെ മാണ്ഡ്യയിൽ ചൊവ്വാഴ്ചയാണ് സംഭവം
മാണ്ഡ്യ: മകളുടെ കൊന്നതിന് ഒരു വര്‍ഷത്തിന് ശേഷം പ്രതികാരം ചെയ്ത് അച്ഛൻ. കൊലയാളിയുടെ പിതാവിനെ കൊലപ്പെടുത്തിയായിരുന്നു പ്രതികാരം. കര്‍ണാടകയിലെ മാണ്ഡ്യയിൽ ചൊവ്വാഴ്ചയാണ് സംഭവം.
പാണ്ഡവപുര താലൂക്കിലെ മാണിക്യനഹള്ളിയിൽ താമസിക്കുന്ന നരസിംഹെ ഗൗഡ (53)യാണ് മരിച്ചത്. ഗൗഡയുടെ മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു കൊലപാതകം. പ്രതി വെങ്കിടേഷിനെ(56) പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ ഗ്രാമവാസികളാണ്. രാവിലെ എട്ട് മണിയോടെ ഗ്രാമത്തിലെ ഒരു കടയിൽ ചായ കുടിച്ചുകൊണ്ടിരുന്ന ഗൗഡയെ വെങ്കിടേഷ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെങ്കിടേഷിന്‍റെ മകൾ ദീപിക വി. ലോകേഷിനെ (28) കഴിഞ്ഞ വർഷം ജനുവരിയിൽ കാണാതായിരുന്നു. തുടർന്ന് മേലുകോട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. മെലുക്കോട്ടെ മലയുടെ താഴ്‌വരയിൽ വെച്ച് ഗൗഡയുടെ മകൻ നിതീഷ് ദീപികയെ കൊലപ്പെടുത്തിയതായി അന്വേഷണത്തിൽ വ്യക്തമായി.
നിതീഷിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചെങ്കിലും എന്നാൽ കൊലപാതകം ദീപികയുടെ അച്ഛൻ വെങ്കിടേഷിനെ തളർത്തി. അതിനിടെ ധർമ്മസ്ഥലയിൽ സഹോദരിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ നിതീഷ് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. നിതീഷിനെ കൊല്ലാൻ വെങ്കിടേഷ് പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം അയാൾ ഗ്രാമത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വിവാഹത്തെക്കുറിച്ച് അറിഞ്ഞപ്പോൾ മകളുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ വെങ്കിടേഷ് തീരുമാനിച്ചു. ഗൗഡയെ കൊലപ്പെടുത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ വെങ്കിടേഷ് അറസ്റ്റിലായി.
"ലക്ഷ്യം ഞാനായിരുന്നു, പക്ഷേ എന്‍റെ അച്ഛനെയാണ് കൊന്നത്. ഞാൻ ദീപികയെ കൊന്നോ എന്ന് കോടതി തീരുമാനിക്കും. ഞാൻ അവളെ കൊന്നിട്ടില്ല. അയാൾ എനിക്കെതിരെ വധഭീഷണി മുഴക്കിയിരുന്നു. എന്നെ കിട്ടാത്തതുകൊണ്ടാണ് അവർ എന്‍റെ പിതാവിനെ കൊന്നത്. എന്‍റെ മൂത്ത സഹോദരിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു'' നിതീഷ് പറഞ്ഞു. "എന്‍റെ അച്ഛൻ ഒരു കർഷകനായിരുന്നു, ദിവസവും ഒന്നോ രണ്ടോ മണിക്കൂർ ആളുകളെ കാണാൻ പോകുമായിരുന്നു. ഒരു കാരണവുമില്ലാതെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. എനിക്ക് നീതി വേണം," അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലപ്പെട്ട ദീപിക അധ്യാപികയും ഒന്‍പതു വയസുകാരന്‍റെ അമ്മയുമാണ്. ലോകേഷാണ് യുവതിയുടെ ഭര്‍ത്താവ്. നിതീഷുമായി ദീപിക അടുപ്പത്തിലായിരുന്നു. ആ ബന്ധം രണ്ടുവർഷത്തോളം തുടർന്നെങ്കിലും പിന്നീട് പ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും പിരിയുകയായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അറിഞ്ഞ ലോകേഷ് നിതീഷിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ വർഷം ജനുവരി 20 ന് തന്‍റെ പിറന്നാൾ ആഘോഷിക്കാനെന്ന വ്യാജനേ നിതീഷ് ദീപികയെ മെലുക്കോട്ടെ കുന്നുകൾക്ക് സമീപം വിളിച്ചുവരുത്തുകയായിരുന്നു. ഇനിയൊരിക്കലും കാണാൻ വരില്ലെന്ന് ദീപിക പറഞ്ഞതിനെ തുടര്‍ന്നാണ് പ്രതി കൊലപാതകം നടത്തിയത്.