Writer - രാഗേന്ദു പി.ആർ
Web Journalist
ഇന്‍ഡോര്‍: ഭോപ്പാല്‍ ബര്‍ക്കത്തുല്ല യൂണിവേഴ്‌സിറ്റിയുടെ പുനര്‍നാമകരണത്തിനുള്ള നിര്‍ദേശം പാസാക്കി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍. 'വാഗ്‌ദേവി ഭോജ്പാല്‍' സര്‍വകലാശാല എന്ന പേരിനാണ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. പുതിയ പേര് ചാന്‍സലറുടെ അംഗീകാരത്തിനായി അയച്ചു.
സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ 'ആദ്യ പ്രധാനമന്ത്രി' കൂടിയായ മൗലാന ബര്‍ക്കത്തുല്ലയുടെ പേരിലാണ് ഭോപ്പാല്‍ സര്‍വകലാശാല ഇതുവരെ അറിയപ്പെട്ടിരുന്നത്. നേരത്തെ 'ഭോപ്പാല്‍ സര്‍വകലാശാല' എന്നായിരുന്നു ബര്‍ക്കത്തുല്ല യൂണിവേഴ്‌സിറ്റിയുടെ പേര്.
നിലവില്‍ സര്‍വകലാശാലയുടെ പുനര്‍നാമകരണം ഭോപ്പാലിലെ രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ്. യൂണിവേഴ്‌സിറ്റിയുടെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തി. പുതിയ തീരുമാനത്തിന് പിന്നില്‍ മൗലാന ബര്‍ക്കത്തുല്ലയുടെ പാരമ്പര്യം ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ചൂണ്ടിക്കാട്ടി.
അധ്യാപക സംഘടനായ ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റീസ് ആന്‍ഡ് കോളേജ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍, വിദ്യാര്‍ത്ഥി സംഘടനകളായ എസ്എഫ്‌ഐ, എസ്ഐഒ എന്നിവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സര്‍വകലാശാലയുടെ പേര് മാറ്റുന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി മതപരമായ അതിരുകള്‍ ലംഘിച്ച് അഹോരാത്രം പ്രവര്‍ത്തിച്ച ബര്‍ക്കത്തുല്ലയുടെ പാരമ്പര്യം ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് എഐഎഫ്‌യുസിടിഒ പറഞ്ഞു.
ചരിത്രം മാറ്റിയെഴുതാന്‍ ശ്രമിക്കുന്നത് അപകടമാണ്. എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ നീക്കം അക്കാദമിക് സമൂഹത്തെ ധ്രുവീകരിക്കും. ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പൈതൃകത്തോട് കാണിക്കുന്ന അനാദരവ് കൂടിയാണ് ഈ നടപടിയെന്നും എഐഎഫ്‌യുസിടിഒ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
മുസ്‌ലിം സ്വാതന്ത്ര്യസമര സേനാനികളെ ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാനും ഇന്ത്യന്‍ ചരിത്രത്തിന്റെ അടിത്തറയിളക്കാനുമാണ് ഈ പേരുമാറ്റത്തിലൂടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ലക്ഷ്യമിടുന്നതെന്ന് എസ്‌ഐഒ പ്രതികരിച്ചു.
ഹിന്ദു രാജകുമാരനായ രാജേന്ദ്ര മഹേന്ദ്ര പ്രതാപ്, സഹപ്രവര്‍ത്തകനും ഇസ്‌ലാമിക ചിന്തകനുമായ മൗലാന ഉബൈദുല്ല സിന്ധി തുടങ്ങിയവരുമായി ചേര്‍ന്ന് 1915ല്‍ കാബൂളില്‍ വെച്ച് ഇന്ത്യയുടെ ആദ്യത്തെ 'പ്രവാസ സര്‍ക്കാര്‍' സ്ഥാപിച്ച വ്യക്തിയാണ് മൗലാന ബര്‍ക്കത്തുല്ല. ഈ സര്‍ക്കാരില്‍ ബര്‍ക്കത്തുല്ല പ്രധാനമന്ത്രിയും രാജേന്ദ്ര മഹേന്ദ്ര പ്രതാപ് പ്രസിഡന്റുമായിരുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജപ്പാന്‍, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ യാത്ര ചെയ്ത വ്യക്തി കൂടിയാണ് ബര്‍ക്കത്തുല്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യം ലക്ഷ്യമിട്ട് അദ്ദേഹം നിരവധി സഖ്യങ്ങളും രൂപീകരിച്ചിരുന്നു. സായുധ പോരാട്ടത്തിലൂടെ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ആഗ്രഹിച്ച ബര്‍ക്കത്തുല്ല, ഗദ്ദര്‍ പാര്‍ട്ടിയിലും അംഗമായിരുന്നു. പ്രവാസികളായ ഇന്ത്യക്കാര്‍ ചേര്‍ന്ന് രാജ്യത്തെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതിനായി രൂപീകരിച്ച സംഘടനയാണ് ഗദ്ദര്‍ പാര്‍ട്ടി.
1927ല്‍ യുഎസില്‍ വെച്ചാണ് ബര്‍ക്കത്തുല്ല മരണപ്പെട്ടത്. പിന്നീട് 1988ല്‍ അദ്ദേഹത്തോടുള്ള ബഹുമാനര്‍ത്ഥമാണ് ഭോപ്പാല്‍ സര്‍വകലാശാലക്ക് ബര്‍ക്കത്തുല്ലയുടെ പേര് നല്‍കിയത്.