അടുക്കളയിലും അലമാരയിലുമുണ്ട് ലഹരി, വേണം അതിജാഗ്രത - ഭാഗം 2

കുട്ടികളെ ലഹരി വഴികളിൽനിന്ന് തടയാനും പിന്തിരിപ്പിക്കാനും ലഹരി ഉത്പന്നങ്ങളെയും അവയുടെ ദുരുപയോഗ സാധ്യതകളെയും അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്. പല ലഹരി ഉത്പന്നങ്ങളും നമ്മുടെ വീടുകളിലെ അടുക്കളയിലും മരുന്നുപെട്ടികളിലുമെല്ലാം അവശ്യവസ്തുവായി നാം തന്നെ സൂക്ഷിക്കുന്നവയാണ്. അത് അപകടകരമായ ലഹരി വസ്തുവായി കുട്ടികളിൽ എത്തിപ്പെടാതിരിക്കാനും രക്ഷിതാക്കൾക്ക് ജാഗ്രത വേണം

Update: 2025-03-19 07:34 GMT
Advertising

ലഹരി മരുന്ന് ഉപയോഗം എന്ന പ്രയോഗം കേൾക്കാത്തവർ ഇന്ന് കേരളത്തിൽ ഉണ്ടാകാനിടയില്ല. ഒരോ മനുഷ്യന്റെ സമീപ പരിസരങ്ങളിലും ലഹരിയുടെ ഉപഭോക്താക്കൾ മറഞ്ഞോ തെളിഞ്ഞോ വിഹരിക്കുന്നുണ്ട്. പലരെയും നമ്മൾ നേരിൽ കാണുന്നുമുണ്ട്. എന്നാൽ ലഹരിയെന്ന പേരിൽ ഇവർ ഉപയോഗിക്കുന്ന വസ്തുക്കൾ എന്താണ് എന്ന് അറിയുന്നവർ വളരെ വിരളമാണ്. കുട്ടികളുടെ കൈകളിലൂടെ കൈ മറിഞ്ഞുപോകുന്ന ലഹരി ഉത്പന്നങ്ങളുടെ വൈവിധ്യം അത്ഭുതപ്പെടുത്തുന്നതാണ്. ഈ ഉത്പന്നങ്ങളെക്കുറിച്ച സാമാന്യധാരണ ആർജിക്കുന്നത് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമാകും. നമ്മുടെ വീടുകളിലെ അറകളിലും അലമാരകളിലും നാം തന്നെ അവശ്യവസ്തുവായി സൂക്ഷിക്കുന്ന വീട്ടുസാധനങ്ങൾ വരെ ലഹരി ഉത്പന്നമായി തിരിഞ്ഞു കൊത്താതിരിക്കാനും ഈ അവബോധം അനിവാര്യമാണ്.

ലഹരിമരുന്നുകൾ മനുഷ്യന്റെ മസ്തിഷ്കത്തെയും ശരീരത്തെയും ബാധിക്കുന്ന രീതി അനുസരിച്ചാണ് തരംതിരിക്കുന്നത്. ഓരോ ലഹരിമരുന്നിനും വ്യത്യസ്തമായ ഉപയോഗരീതികളും പലയളവിലുള്ള അപകട സാധ്യതകളുമുണ്ട്. പതിവായി ചികിത്സ തേടിയെത്തുന്നവരിൽ നിന്ന് ലഭ്യമായ വിവരങ്ങളിൽ നിന്നാണ് കേരളത്തിൽ വ്യാപകമായി ഉപയോഗത്തിലുള്ള ലഹരി ഉത്പന്നങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞത്.

പ്രത്യാഘാതങ്ങളും ഉപയോഗ രീതികളും അടിസ്ഥാനമാക്കി ഏഴ് വിഭാഗം ലഹരി മരുന്നുകളാണ് ഇവിടെ പ്രചാരത്തിലുള്ളത് എന്ന് പറയാം. ഓരോന്നിന്റെയും പേരും ആഘാതവും അതിന്റെ രൂപ വൈവിധ്യങ്ങളും പരിചയപ്പെടാം.

1. ഡിപ്രസന്റുകൾ (Depressants):

മസ്തിഷ്കത്തിന്റെ പ്രവർത്തനം മന്ദഗതിയിലാക്കുന്നുവെന്നതാണ് ഡിപ്രസന്റുകളുടെ പ്രത്യേകത. പല രോഗങ്ങൾക്കുമുള്ള മരുന്നുകളും നിയമവിധേയമായ മദ്യവുമെല്ലാം ഈ വിഭാഗത്തിൽ ഉൾപെടുന്നതിനാൽ പല വീടുകളിലും ഇത് ലഭ്യമായിരിക്കും. കുട്ടികൾക്ക് എളുപ്പത്തിൽ എത്തിപ്പിടിക്കാവുന്നയായതിനാൽ ഇവയുടെ കാര്യത്തിൽ രക്ഷിതാക്കൾക്ക് പ്രത്യേക ശ്രദ്ധയുണ്ടാകണം.

ആൽക്കഹോളും കഫ് സിറപ്പും മുതൽ വേദന സംഹാരികൾ, ഉറക്ക ഗുളികകൾ തുടങ്ങി, Benzos" എന്നറിയപ്പെടുന്ന ഡയസെപാം, ആൽപ്രാസൊലാം, ലോറാസെപാം തുടങ്ങിയവ അപസ്മാരത്തിനും മറ്റുമുള്ള ബാർബിറ്റ്യൂറേറ്റുകൾ പോലുള്ളവ ഇക്കൂട്ടത്തിലുണ്ട്. രോഗികൾക്ക് ഇത് ഫലപ്രദമായ മരുന്നാണെങ്കിലും ലഹരി ഉപയോക്താക്കൾ ഇത് ലഹരി ഉത്പന്നമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. സിറപ്പായും ക്യാപ്സ്യൂളുകളായും ഇവ ലഭ്യമാണ്.

മയക്കം, ഏകോപനക്കുറവ്, തളർച്ച, മന്ദഗതിയിലുള്ള ശ്വസനം, അവ്യക്തമായ സംസാരം, ആശയക്കുഴപ്പം, ഓർമ്മക്കുറവ് എന്നിവ ഇതുമൂലമുണ്ടാകും. അമിത ഉപഭോഗം മരണകാരണമാകാം. ഇവയെ മറ്റു ലഹരിമരുന്നുകളുമായി കലർത്തി ഉപയോഗിക്കുന്നവരുണ്ട്. ഇവ ലഭ്യമല്ലാതായാൽ ഉത്കണ്ഠയും ഭയവും മുതൽ അപസ്മാരം വരെ സംഭവിക്കാം. ഹാലൂസിനേഷൻസ് (ഇല്ലാത്ത കാര്യങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുക), അസ്വസ്ഥത, അമിതമായവിയർപ്പ്, കൈകാലുകൾ മരവിക്കുക, ശരീരം വിറയൽ, ഡെലിറിയം ട്രെമെൻസ് (DT), ഓക്കാനം, ഛർദ്ദി, ഹൃദയമിടിപ്പ് കൂടുക, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയവും ഇവരിൽ പ്രകടമാകാറുണ്ട്. മരുന്നുകൾ അസ്വാഭാവികമായി കുട്ടികൾ കൈകാര്യം ചെയ്യുന്നുണ്ടെങ്കിൽ അതിൽ ജാഗ്രതവേണം.

2. ഉത്തേജകങ്ങൾ (Stimulants):

ശരീരാവയവങ്ങളുടെ പ്രവർത്തനം വേഗത്തിലാക്കുന്നുവെന്നതാണ് ഈ വിഭാഗത്തിൽപെട്ട ലഹരി മരുന്നുകളുടെ പ്രധാന പ്രവർത്തനം. ഇപ്പോൾ ഏറ്റവും വ്യപാകമായ എംഡിഎംഎയാണ് ഇക്കൂട്ടത്തിൽ ഉൾപെടുന്നതാണ്. Ecstasy, Molly, party drug, E, X,love drug തുടങ്ങി പല പേരിൽ MDMA വിപണിയിലെത്തുന്നുണ്ട്. Coke, Crack, Snow, Powder, charlie ഇങ്ങനെ പലപേരിൽ അറിയപ്പെടുന്ന കൊക്കെയ്ൻ; meth,crystal ,glass, ice, tik-tick തുടങ്ങിയ പേരിൽ കുട്ടികളിലേക്ക് എത്തുന്ന മെത്താംഫെറ്റാമിൻ; അംഫെറ്റമിനുകൾ എന്നിവയും ഇതിലുൾപെടും. ഇവ ഉപയോഗിക്കുന്ന കുട്ടികളുടെ സംസാരത്തിലും അവർക്കിടയിലെ ഫോൺ സംഭാഷണങ്ങളിലും ടെക്സ്റ്റ് മെസേജുകളിലുമെല്ലാം ഇത്തരം വാക്കുകളോ ഇതിനോട് സമാനമായ കോഡുകളോ പതിവാണ്.ഇവ പൊടിയായും കാപ്സ്യൂൾ ആയും പല രൂപത്തിൽ ഉപയോഗിക്കുന്നുണ്ട്. ഗുളിക/ക്യാപ്സ്യൂൾ ആയി കുട്ടികളിലേക്ക് എത്തുന്നത് മുഖ്യമായും Ecstasy, ADHD മരുന്നുകളാണ്. പൊടി മൂക്കിലൂടെ ഉള്ളിലേക്കു വലിച്ചും പാനീയങ്ങളിൽ കലർത്തിയും പൈപ്പിലൂടെ പുകവലിച്ചും മറ്റുലഹരിമരുന്നുകളുമായി കലർത്തിയുമെല്ലാം ഉപയോഗിക്കുന്നതായി കാണുന്നു.

ഇവയുടെ ഉപയോഗം മൂലം പലതരത്തിലുള്ള സൈഡ് എഫക്റ്റുകൾ ഉണ്ടാകാം. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിക്കൽ, ഉത്കണ്ഠ, ഉറക്കമില്ലായ്മ, ആക്രമണ സ്വഭാവം, ആത്മഹത്യാചിന്തകൾ തുടങ്ങി ഹൃദയാഘാതത്തിന് വരെ കാരണമായേക്കാം.

3. ഹലൂസിനോജെനുകൾ (Hallucinogens):

ഉപയോക്താവിന്റെ ധാരണകളെയും യാഥാർത്ഥ്യബോധത്തെയും തകിടംമറിക്കുന്നതാണ് ഈ ഇനത്തിൽപെട്ട ലഹരി ഉത്പന്നങ്ങൾ. കൗമാരക്കാർക്കിടയിൽ ഏറെ പ്രസിദ്ധമായ എൽ എസ് ഡി, കെറ്റാമിൻ എന്നിവ ഇതിലുൾപെടുന്നു. Acid, Stamps,tabs, blotters, liquid acid തുടങ്ങിയ പേരിലും രൂപത്തിലും എൽഎസ് ഡി കുട്ടികളിലേക്ക് എത്തുന്നുണ്ട്. മാജിക് മഷ്റൂംസ്, DMT, Special K, cat, K, cat valium തുടങ്ങിയ പേരിൽ അറിയപ്പെടുന്നവയാണ് കെറ്റാമിൻ. ബ്ലോട്ടർ പേപ്പർ, ടാബ്ലെറ്റുകൾ തുടങ്ങിയവ നാവിനു അടിയിൽ വച്ചും ഇഞ്ചക്ഷനായും, പാനീയം/ പഞ്ചാസാരക്കട്ടിയിൽ ചേർത്തുമെല്ലാം ഇവ ഉപയോഗിക്കുന്നു.

ഇത്തരം വസ്തുക്കൾ കണ്ടെത്തിയാലും കുട്ടികളുടെ സ്വാഭാവരീതികളിലെ മാറ്റങ്ങളിലൂടെയും അവരുപയോഗിക്കുന്ന ലഹരി ഉത്പന്നം ഏതാണെന്ന് രക്ഷിതാക്കൾക്ക് തന്നെ തിരിച്ചറിയാനാകും. മായക്കാഴ്ചകൾ കാണുക, കേൾക്കുക, ഭ്രാന്തമായ ചിന്തകൾ, ദൃശ്യപരമായ തകരാറുകൾ തുടങ്ങിയവ ആണ് ഇതുണ്ടാക്കുന്ന ആഘാതം. ദീർഘകാല മാനസിക പ്രശ്നങ്ങൾക്ക് ഇവ കാരണമായേക്കാം.

4. ഒപിയോയിഡുകൾ (Opioids)

വേദന കുറയ്ക്കുകയും മയക്കം ഉണ്ടാക്കുകയും ചെയ്യുന്നവയാണ് ഒപിയോയിഡുകൾ. വേദന നിവാരണ മരുന്നുകൾ, Smack, Brown Sugar, chitta, H, powder തുടങ്ങിയ പേരിൽ അറിയപ്പെടുന്ന ഹെറോയിൻ ഒക്കെ ഈ ഗണത്തിലുള്ളവ ആണ്. വെള്ളത്തിൽ കലർത്തിയോ ഇൻജക്ഷനെടുത്തോ ഫോയിലിൽ ചൂടാക്കി പുകവലിച്ചോ പുകയിലയിൽ കലർത്തിയോ പാച്ചുകൾ തൊലിപുറത്തു ഒട്ടിച്ചുവച്ചോ ഒക്കെ ഇവ ഉപയോഗിക്കുന്നതായി കാണാം. ഇവ ഉപയോഗിക്കാൻ സഹായിക്കുന്ന സാധനസാമഗ്രികൾ കുട്ടികളുടെ കൈവശം സ്ഥിരമായി കണ്ടാൽ അത് അപായ സൂചനയാണെന്ന് മനസ്സിലാക്കണം.

ഇവ ഉപയോഗിച്ചാൽ അമിത ഉത്സാഹം, തുടർന്ന് ഉറക്കം വരൽ, ഓക്കാനം, ഛർദ്ദി, വയറുവേദന, ശ്വാസം മന്ദഗതിയിലാകൽ തുടങ്ങിയ ശാരീരിക മാറ്റങ്ങളും സംഭവിക്കും. ഇതും രക്ഷിതാക്കൾക്കുള്ള സൂചകങ്ങളാണ്.

5. കഞ്ചാവ് (Cannabis/ Marijiuana)

നമ്മുടെ നാട്ടിൽ എല്ലാ ലഹരി ഉത്പന്നങ്ങൾക്കും ലഹരി ഉപയോക്താക്കൾക്കും പൊതുവായി പറയപ്പെടുന്ന പേരാണ് കഞ്ചാവ്. എന്നാൽ മറ്റ് ലഹരി ഉത്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ താരതമ്യേന ആഘാതശേഷി കുറഞ്ഞ ഉത്പന്നമാണ് കഞ്ചാവ്. ഗഞ്ച, വീഡ്, ഹാഷ്, ചരസ്, ബ്രൗണീസ്, പോട്ട്, മലാന ക്രീം, ഓയിൽ തുടങ്ങിയ പേരുകളിലെല്ലാം ഇവ കൗമാരക്കാരെ ആകർഷിക്കുന്നുണ്ട്. പുകവലിയിൽ അല്ലെങ്കിൽ ഭക്ഷ്യവസ്തുക്കളിൽ കലർത്തിയോ ഒക്കെ ഉപയോഗിക്കാറുണ്ട്.

ഇവ കാഴ്ചയിലും കേൾവിയിലും മാറ്റങ്ങൾ വരുത്തും. ഓർമ്മക്കുറവ്, ഉത്കണ്ഠ, വിശപ്പ് കൂടുക. മാനസിക പ്രശ്നങ്ങൾ തുങ്ങിയവക്ക് ഇത് കാരണമായേക്കാം.

6. ഇൻഹാലന്റുകൾ (Inhalants)

നിത്യജീവിതത്തിൽ പലതരം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന അംഗീകൃത ഉത്പന്നങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതാണ് ഇൻഹാലന്റുകൾ. ഗാർഹികാവശ്യങ്ങൾക്ക് അനിവാര്യമായതിനാൽ മിക്ക വീടുകളിലും ഇവ അനായാസം ലഭ്യമാകും. മരുന്നുകളെപ്പോലെ വീട്ടുകാരുടെ നിരന്തര ശ്രദ്ധയിൽ സൂക്ഷിക്കുന്നവയുമാകില്ല ഇവ. അതിനാൽ കുട്ടികൾ അവ ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെയേറെക്കൂടുതലാണ്.

കേക്കുകളും പലഹാരങ്ങളുമൊക്കെയുണ്ടാക്കാൻ ഉപയോഗിക്കുന്ന വിപ്പറ്റുകൾ, പശ, പെട്രോൾ, തിന്നർ, ലാഫിംഗ് ഗ്യാസ്, പി വി സി സോൾവൻറ്സ്, സൈക്കിൾ ട്യൂബ് സോൾവെന്റ്സ് തുടങ്ങിയവയെല്ലാം ഇങ്ങിനെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. മുക്കിലൂടെ വലിക്കൽ (sniffing/inhaling), ബലൂണുകളിൽ നിന്ന് ശ്വസിക്കൽ, തുണിയിൽ പുരട്ടി തൂവാലയായി കൈവശംവക്കൽ തുടങ്ങിയ രീതികളിലാണ് ഇത് ഉപയോഗിക്കുന്നത്.

തലകറക്കം, അവ്യക്തമായ സംസാരം, ഹാലുസിനേഷൻ, ആശയക്കുഴപ്പം, ഹൃദയഘാതം മൂലമുള്ള പെട്ടെന്നുള്ള മരണം തുടങ്ങിയവക്കെല്ലാം ഇത് കാരണമായേക്കാം.

7. സിന്തറ്റിക് മരുന്നുകൾ( Synthetic drugs)

ഇപ്പോൾ കേരളത്തിൽ പ്രചാരത്തിലുള്ള ലഹരി ഉത്പന്നങ്ങളിൽ ഏറ്റവും അപകടകരമായ ഒന്നാണ് സിന്തറ്റിക് ഡ്രഗ്സ്. രസവസ്തുക്കൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ലഹരിമരുന്നുകളെയാണ് സിന്തറ്റിക് മരുന്നുകൾ എന്ന് വിളിക്കുന്നത്. ഇതിന്റെ ഉപഭോക്താക്കൾ അപ്രതീക്ഷിതമായി രീതിയിൽ അക്രമാസക്തരായി മാറും. മറ്റുള്ളവരെ ആക്രമിക്കുക മാത്രമല്ല, സ്വയം ഉപദ്രവമേൽപ്പിക്കലും പൊതു പ്രവണതയാണ്. ചുഴലിരോഗവും ഹൃദയാഘാതവും ഇതിന്റെ പാർശ്വഫലങ്ങൾ ആണ്. K2, spice, fake weed തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന സിന്തറ്റിക് കഞ്ചാവുകളിലാണ് കൗമാരക്കാർ കൂടുതലും കുരുങ്ങുന്നത്. എന്നാൽ കുളിക്കാനും മറ്റും ഉപയോഗിക്കുന്ന ബാത്ത് സാൾട്ടുകൾ എന്ന പേരിൽ സിന്തറ്റിക് ലഹരികൾ കുട്ടികളിലേക്ക് എത്തുന്നുണ്ട്. Flakka, meow meow, MDVP തുടങ്ങിയ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.

കടുത്ത പാരാനോയയും ഹാലൂസിനേഷനും ഇതുപയോഗിക്കുന്നവരിൽ കണ്ടുവരുന്നുണ്ട്. ബാത്ത് സാൾട്ടുകൾ സ്ഥിരമായി ഉപയോഗിക്കുന്ന കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ കൈവശമുള്ള ഉത്പന്നത്തെക്കുറിച്ച് വിശദ പരിശോധന രക്ഷിതാക്കൾ നിർബന്ധമായും നടത്തണം.

സ്വഭാവവൈകല്യങ്ങളാൽ ഈയിടെ ചികിത്സക്കെത്തിയ ഒരു യുവതി ലഹരിക്ക് അടിമയാണെന്ന് പരിശോധനയിൽ കണ്ടെത്തി. എന്നാൽ ലഹരി ഉപയോഗിക്കുന്നുവെന്ന് സമ്മതിക്കാൻ അവർ തയാറായില്ല. ഒരു മാസത്തിലേറെ നീണ്ട കൗൺസിലിങ്ങിനൊടുവിലാണ് അവർ ഉപയോഗം സമ്മതിച്ച് ചികിത്സക്ക് സന്നദ്ധയായത്. ചികിത്സക്ക് വിധേയരാകാനും ഉപയോഗം സമ്മതിക്കാനും ഇത്തരമാളുകൾ പൊതുവെ തയ്യാറാകില്ല . ചികിത്സയോടുള്ള പ്രതിരോധവും നിഷേധാത്മക സമീപനവും മറികടക്കാൻ അവരുപയോഗിക്കുന്ന ലഹരി ഉത്പന്നങ്ങളെക്കുറിച്ച് നേരത്തെതന്നെ ധാരണ ലഭിക്കുന്നത് സഹായകരമാകും. കുട്ടികളെ ലഹരി വഴികളിൽനിന്ന് തടയാനും പിന്തിരിപ്പിക്കാനും ഇത്തരം ഉത്പന്നങ്ങളെയും അവയുടെ ദുരുപയോഗ സാധ്യതകളെയും അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്. പല ലഹരി ഉത്പന്നങ്ങളും നമ്മുടെ വീടുകളിലെ അടുക്കളയിലും മരുന്നുപെട്ടികളിലുമെല്ലാം അവശ്യവസ്തുവായി നാം തന്നെ സൂക്ഷിക്കുന്നവയാണ്. അത് അപകടകരമായ ലഹരി വസ്തുവായി കുട്ടികളിൽ എത്തിപ്പെടാതിരിക്കാനും രക്ഷിതാക്കൾക്ക് ജാഗ്രത വേണം. 

തുടരും

Reena V R

Sr. psychologist

The Insight Centre

Trivandrum

8590043039

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - റീന വി.ആർ

Senior Consultant, Mental Health

Reena VR is senior consultant, mental health

Similar News