വഖ്ഫ് ഭേദഗതി നിയമം നിരുപാധികം പിൻവലിക്കുക: യൂത്ത് ഇന്ത്യ സെൻട്രൽ പ്രൊവിൻസ്
'ഇന്ത്യൻ ഭരണഘടനയിലെ 14, 25, 26 ഖണ്ഡികകളിൽ ഊന്നിപറയുന്ന മൗലികാവകാശങ്ങളുടെ നഗ്‌ന ലംഘനമാണ് പുതിയ ഭേദഗതി'
റിയാദ്: വഖ്ഫ് സ്വത്തുക്കളെ അന്യാധീനപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മുസ്ലിം ഉന്മൂലന രാഷ്ട്രീയത്തിന്റെ പുതിയ തന്ത്രവുമായി രംഗത്തിറങ്ങിയ കേന്ദ്രസർക്കാറിന്റെ ജനാധിപത്യ വിരുദ്ധ നടപടികളെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് യൂത്ത് ഇന്ത്യ സെൻട്രൽ പ്രൊവിൻസ് ആഹ്വാനം ചെയ്തു. മുസ്ലിം സമുദായത്തിന്റെ മത സാമൂഹ്യ ജീവിതത്തെ അടിസ്ഥനപ്പെടുത്തിയിരിക്കുന്ന ഭൗതിക അടിത്തറയാണ് വഖ്ഫ്. അല്ലാഹുവിലേക്ക് വിശ്വാസികൾ സമർപ്പിച്ച വഖ്ഫ് സ്വത്തുക്കൾ ഒരു ഭരണകൂടത്തിന്റെയും ഉടമസ്ഥതയിലേക്ക് വഴിമാറ്റപ്പെടാവതല്ല.
ഇന്ത്യൻ ഭരണഘടനയിലെ 14, 25, 26 ഖണ്ഡികകളിൽ ഊന്നിപറയുന്ന മൗലികാവകാശങ്ങളുടെ നഗ്‌ന ലംഘനമാണ് പുതിയ ഭേദഗതി. നിലവിലെ വഖ്ഫ് നിയമത്തെ ദുർബലമാക്കുന്ന പുതിയ ഭേദഗതി വഖ്ഫ് സ്വത്തുക്കളുടെ കയ്യേറ്റത്തിനും കൊള്ളക്കും നിയമ പ്രാബല്യം നൽകും. സി.എ.എ നിയമത്തെ ആർജവത്തോടെ ഒറ്റക്കെട്ടായി നേരിട്ടപോലെ, വഖ്ഫ് ഭേദഗതി നിയമത്തെയും ശക്തിയുക്തം നേരിടേണ്ടതുണ്ട്. അതിനായി മുന്നിട്ടിറങ്ങിയ മുഴുവൻ പോരാളികൾക്കും യൂത്ത് ഇന്ത്യ അഭിവാദ്യമർപ്പിച്ചു.
ഒരുവശത്ത് തങ്ങൾ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിനെതിരാണെന്ന് പ്രസംഗിക്കുകയും മറുവശത്ത് അത്തരം സമരങ്ങളെ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത രീതിയിൽ പൊലീസിനെ ഉപയോഗിച്ച് നിഷ്ഠൂരമായി നേരിടുകയുമാണ് പിണറായി സർക്കാർ ചെയ്യുന്നത്. വഖഫ് ബില്ലിനെതിരെ കോഴിക്കോട് വിമാനത്താവളം ഉപരോധിച്ച സോളിഡാരിറ്റി - എസ്.ഐ.ഒ സമരത്തെ അതിക്രൂരമായാണ് കേരള സർക്കാർ നേരിട്ടത്. ജനാധിപത്യ സംവിധാനങ്ങൾക്ക് നിരക്കാത്ത ഇത്തരം നടപടി അങ്ങേയറ്റം അപലപനീയമാണ്. ധീരമായി അറസ്റ്റുവരിച്ച് പിന്നീട് ജാമ്യത്തിലിറങ്ങിയ സംസ്ഥാന പ്രസിഡന്റുമാരടക്കമുള്ള സോളിഡാരിറ്റി - എസ്.ഐ.ഒ നേതാക്കൾക്കും യൂത്ത് ഇന്ത്യയുടെ അഭിവാദ്യമർപ്പിച്ചു.