ഫലസ്തീന്‍ പ്രശ്ന പരിഹാരത്തിന് ദ്വിരാഷ്ട്ര ഫോര്‍മുല ചര്‍ച്ച ചെയ്ത് അന്റാലിയ മന്ത്രിതല യോഗം
യോഗത്തിൽ യൂറോപ്യൻ യൂണിയൻ, റഷ്യ, ചൈന, നോർവെ, സ്‌പെയിൻ, സ്ലൊവേനിയ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു
ഫലസ്തീൻ പ്രശ്‌ന പരിഹാരത്തിന് ദ്വിരാഷ്ട്ര ഫോർമുല ചർച്ച ചെയ്ത് അന്റാലിയ മന്ത്രിതല യോഗം. തുർക്കിയിൽ നടന്ന യോഗത്തിൽ ചൈന, റഷ്യ, യൂറോപ്യൻ യൂണിയൻ പ്രതിനിധികളും പങ്കെടുത്തു. ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെയാണ് അറബ് ഇസ്ലാമിക രാജ്യങ്ങളുടെ മന്ത്രിമാരും പ്രശ്‌നപരിഹാരം ആഗ്രഹിക്കുന്ന രാജ്യങ്ങളും ഒരുമിച്ചിരുന്നത്. തുർക്കിയിലെ അന്റാലിയയിൽ നടന്ന യോഗത്തിൽ യൂറോപ്യൻ യൂണിയൻ, റഷ്യ, ചൈന, നോർവെ, സ്‌പെയിൻ, സ്ലൊവേനിയ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.
ദ്വിരാഷ്ട്ര ഫോർമുല കേന്ദ്രീകരിച്ചാണ് പ്രധാനമായും ചർച്ചകൾ നടന്നത്. 1967 ലെ അതിർത്തികൾ പ്രകാരം കിഴക്കൻ ജറുസലേം ആസ്ഥാനമായി ഫലസ്തീൻ രാജ്യം നിലവിൽ വരണമെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി യോഗത്തിൽ ആവശ്യപ്പെട്ടു, മാനുഷിക സഹായങ്ങളെ ഇസ്രായേൽ രാഷ്ട്രീയ ആയുധമാക്കുകയാണ്. ഗസ്സ ജനതയെ ഒന്നടങ്കം ശിക്ഷിക്കാനുള്ള മാർഗമായി മാനുഷിക സഹായങ്ങൾ തടയുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.