'ഒരേസമയം യാചകനും രാജാവുമാകാന്‍ മമ്മൂട്ടിക്ക് പറ്റും, മോഹന്‍ലാലിന് അത് സാധിക്കില്ല'; വൈറലായി ഉര്‍വശിയുടെ വാക്കുകൾ
മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയുടെ രണ്ട് തൂണുകളാണ്
കൊച്ചി: മമ്മൂട്ടിയാണോ മോഹൻലാലാണോ മികച്ച നടൻ? കാലങ്ങളായി മലയാള സിനിമാപ്രേക്ഷകര്‍ക്കിടയിൽ നടക്കുന്ന ചര്‍ച്ചയാണിത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ തന്‍റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് നടി ഉര്‍വശി. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് ഉര്‍വശിയുടെ തുറന്നുപറച്ചിൽ.
മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയുടെ രണ്ട് തൂണുകളാണ്. രണ്ടു പേരുമില്ലാതെ മലയാള സിനിമയ്ക്ക് നിലനില്‍പ്പില്ലെന്നും ഉര്‍വശി പറയുന്നു. മമ്മൂട്ടിയ്ക്ക് യാചകനാകാനും രാജാവാകാനും സാധിക്കും. എന്നാല്‍ മോഹന്‍ലാലിന് ചില പരിമിധികളുണ്ടെന്നും ഉര്‍വശി പറയുന്നു.
''രണ്ട് പാളങ്ങളുമില്ലാതെ റെയില്‍ പാളങ്ങളുണ്ടാകില്ല. അങ്ങനെയാണ് അവര്‍. ഒരു തൂണു കൊണ്ട് മാത്രം ഒന്നും നില്‍ക്കില്ല, രണ്ട് തൂണും വേണം. സ്ലാങ് ഉപയോഗിക്കുന്നതിലും വേഷ ചേര്‍ച്ചയിലും മമ്മൂക്കയാണ്. അത് സത്യസന്ധമായ കാര്യമാണ്. ഒരേ സമയം ഭിക്ഷക്കാരനാകാനും രാജാവാകാനും ജഗതി ശ്രീകുമാറിനും മമ്മൂട്ടിയ്ക്കും പറ്റും. പക്ഷെ മോഹന്‍ലാലിന് സാധിക്കില്ല.'' ഉര്‍വശി പറയുന്നു.
''അദ്ദേഹത്തിന്റെ ശാരീരികമായ സാന്നിധ്യത്തിന് കുറച്ച് പണിയുണ്ട്. അദ്ദേഹം വഴിയരികിലിരുന്ന് അമ്മാ വല്ലതും തരണേ എന്ന് പറഞ്ഞാല്‍ നല്ല കൊഴുത്ത് തടിച്ചിരിക്കുവാണല്ലോ പോയ് പണിയെടുത്ത് ജീവിക്കെടോ എന്ന് പറയും. ആര് വിശ്വസിക്കില്ല. സഹതാപം ക്രിയേറ്റ് ചെയ്യാനാകില്ല. അല്ലാത്തപക്ഷം ഭയങ്കര നടനാണ്. മമ്മൂട്ടി ഏത് സ്ലാങ് ഉപയോഗിച്ചാലും അനായാസമാകും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഭാഷ സരളമായി വരും. അത് എന്നും ഒരു പ്ലസ് ആയിട്ട് നില്‍ക്കും'' എന്നും അവര്‍ പറയുന്നു.