'ഭര്‍തൃവീട്ടില്‍ ജീവിക്കേണ്ടവള്‍ എന്ന രീതിയില്‍ വളര്‍ത്തി, ചെന്ന് കയറിയ വീട്ടില്‍ നിന്നാണ് മദ്യപാനം തുടങ്ങിയത്': ഉര്‍വശി

കുടുംബം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നവരാണ്. മദ്യം വളരെ സരളമായി ഉപയോഗിക്കുന്നവരാണ്

Update: 2025-12-14 05:12 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: മദ്യപാനം തുടങ്ങിയതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഉര്‍വശി. ആദ്യ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് താന്‍ മദ്യപാനം ശീലിച്ചതെന്നും പിന്നീടത് നിര്‍ത്താൻ പ്രയാസമായിരുന്നുവെന്നും നടി പറയുന്നു. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

''വലിയ മാറ്റമായിരുന്നു. ഞങ്ങളുടെ കുടുംബത്തില്‍ ഇല്ലാത്ത ചിട്ടകളുള്ള കുടുംബത്തിലേക്കാണ് ചെന്നത്. അവര്‍ വളരെ ഫോര്‍വേര്‍ഡായിരുന്നു. കുടുംബം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നവരാണ്. മദ്യം വളരെ സരളമായി ഉപയോഗിക്കുന്നവരാണ്. അച്ഛനും അമ്മയും മക്കളുമെല്ലാം അങ്ങോട്ടും ഇങ്ങോട്ടും എല്ലാം പങ്കുവെക്കുന്നവരാണ്. വളരെ ഹാപ്പിയായി അടിച്ചുപൊളിച്ച് ജീവിക്കുന്നവരാണ്. ആ അന്തരീക്ഷത്തിലേക്ക് ചെന്നപ്പോള്‍ എനിക്ക് അത്ഭുതമായിരുന്നു. ഇതൊക്കെ സാധ്യമുള്ള കാര്യമാണോ? എങ്ങനെയാണ് ഇതുപോലെ ആകാന്‍ പറ്റുന്നത്? എന്ന ചിന്തകളായിരുന്നു.

Advertising
Advertising

അതുമായി പൊരുത്തപ്പെട്ട് പോകാന്‍ ശ്രമിച്ചു. എല്ലാം കഴിഞ്ഞ് രാവിലെ വയറ്റിപ്പിഴപ്പിനായി ഓടുകയും വേണം. എല്ലാം കൂടി ചേര്‍ന്ന് എന്നെ വേറൊരു ആളായി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന വിവരം അറിയാന്‍ ഒരുപാട് അങ്ങ് വൈകിപ്പോയി. എനിക്കിത് പ്രകടിപ്പിക്കാനും ആരുമില്ല. പിന്നെ ഞാന്‍ ചെയ്തത് ശരിയാണെന്ന് എന്റെ കുടുംബത്തെ കാണിക്കാനുള്ള വാശി ഒരു ഭാഗത്ത്. വീട്ടില്‍ എല്ലാം അറിയുന്നവര്‍ കല ചേച്ചിയായിരുന്നു. അതിനാല്‍ അവളുടെ ഭാഗത്തു നിന്നും നേരെയാക്കാനുള്ള ശ്രമങ്ങളുണ്ടായിരുന്നു. പക്ഷെ കുഴിയിലേക്ക് പൊക്കോണ്ടിരിക്കുകയാണ്, വേറൊരു ആളായി മാറുകയാണെന്ന് മനസിലായി.

കേട്ടിട്ടുണ്ട്, ശ്രീദേവി മാഡം ഷൂട്ട് കഴിഞ്ഞ് വരുമ്പോള്‍ അവരുടെ അമ്മ തന്നെ ഡ്രിങ്‌സ് കൊടുക്കുമെന്ന്. കാരണം വളരെ ഹെവിയായി ജോലി ചെയ്ത് ക്ഷീണിതയായിട്ടാണ് അവര്‍ വരുന്നത്. അതിനാല്‍ മദ്യം കൊടുത്താണ് അവരെ റിലാക്‌സ് ആക്കുന്നതെന്ന് അവരുടെ ഒപ്പം അഭിനയിച്ചിട്ടുള്ളവര്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ എനിക്ക് ചെന്നു കയറിയ വീട്ടില്‍ നിന്നായിരുന്നു ആ അനുഭവമുണ്ടായത്. അവിടെ നിന്നും മനസിലാക്കിയത്, ജോലി കഴിഞ്ഞ് വരുമ്പോള്‍ ഒന്ന് റിലാക്‌സ് ചെയ്യാനാണെന്നാണ്. പിന്നെ പിന്നെ നമ്മള്‍ മാത്രം ഒറ്റയാള്‍ പട്ടാളമായി മാറുകയും, സമ്പാദ്യത്തിന് മാത്രമുള്ള ആളായി മാറി ഇഷ്ടമില്ലാതെ അതിന് പോകേണ്ടി വരികയും വന്നു. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോള്‍ ഇത് കൂടുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്തു.

ഉറക്കം നഷ്ടമായി. ഭക്ഷണം കഴിക്കാതാവുക. മാനസികമായ ശരിയല്ലെങ്കില്‍ ആദ്യം ഉപേക്ഷിക്കുക ഭക്ഷണമാണ്. രണ്ടും കൂടി വന്നതോടെ മാനസിക നില വേറെ നിലയിലേക്കായി. ചുറ്റുപാടും മറന്നു. ഈ പ്രശ്‌നങ്ങള്‍ മാത്രമായി. ഉറക്കമില്ലാത്ത ഒരാള്‍ ആ അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടും. അതില്‍ നിന്നും ഇറങ്ങുന്നത് എന്‍റെ പേഴ്‌സണല്‍ സ്റ്റാഫും സുഹൃത്തുക്കളും ചേര്‍ന്ന് തീരുമാനിച്ചതോടെയാണ്. എല്ലാവരും ചേര്‍ന്ന് ബലമായി ഇത് മാത്രമേ മാര്‍ഗമുള്ളൂവെന്ന് പറഞ്ഞു. ആരുടേയും കുറ്റമല്ല. അവര്‍ക്ക് അങ്ങനൊരു ജീവിതം സാധിക്കുന്നുണ്ട്. എനിക്ക് സാധിച്ചിരുന്നില്ല. അങ്ങനെ ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നു.

ആ സമയത്ത് എന്റെ വീട്ടില്‍ നിന്നും പിന്നെ കുറച്ചു ആളുകള്‍ പറഞ്ഞു ഒന്നും ഇനി ആരോടും പറയണ്ട എന്ന്. ഭര്‍ത്താവിന്റെ വീട്ടില്‍ പോയി ജീവിക്കാന്‍ ഉള്ളവള്‍ ആണ് പെണ്‍കുട്ടി എന്ന രീതിയില്‍ ആണ് എന്നെ വളര്‍ത്തിയത്. ആ രീതിയില്‍ ഞാന്‍ ജീവിച്ചു, അത് മാറാന്‍ കുറേകാലം എടുത്തു'' ഉര്‍വശി കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News