'വീരുവിന്‍റെ വേഷം ചെയ്തില്ലെങ്കിൽ ഹേമമാലിനിയെ കിട്ടില്ലെന്ന് പറഞ്ഞു, അങ്ങനെയാണ് ഷോലെയിലെ കഥാപാത്രമാകുന്നത്': ധര്‍മേന്ദ്രയെക്കുറിച്ച് രമേശ് സിപ്പി
വെള്ളിയാഴ്ചയാണ് ചിത്രം വീണ്ടും റിലീസ് ചെയ്തത്
മുംബൈ: അനശ്വര നടൻ ധര്‍മേന്ദ്രയും ഡ്രീം ഗേൾ ഹേമമാലിനിയും പ്രണയബദ്ധരാകുന്നത് ഷോലെയുടെ സെറ്റിൽ വച്ചായിരുന്നു. ആദ്യ റിലീസ് കഴിഞ്ഞ് പതിറ്റാണ്ടുകൾക്ക് ശേഷം ഐക്കണിക് ചിത്രം തിയറ്ററുകളിലേക്ക് തിരിച്ചെത്തുമ്പോൾ ചിത്രത്തെക്കുറിച്ചും ധര്‍മേന്ദ്രയെക്കുറിച്ചുമുള്ള ഓര്‍മകൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ രമേശ് സിപ്പി.
വെള്ളിയാഴ്ചയാണ് ചിത്രം വീണ്ടും റിലീസ് ചെയ്തത്. ഷോലെ: ദി ഫൈനൽ കട്ട് എന്ന പേരിൽ തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റ ക്ലൈമാക്സിൽ ധര്‍മേന്ദ്രക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ഒരു വൈകാരിക കുറിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. ഷോലെയുടെ ചിത്രീകരണം നടക്കുമ്പോൾ ധർമേന്ദ്രയും ഹേമമാലിനിയും തമ്മിലുള്ള ബന്ധം അതിന്‍റെ ഉച്ചസ്ഥായിയിലായിരുന്നുവെന്ന് സിപ്പി അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ചിത്രത്തിലെ പ്രണയരംഗങ്ങൾ ഷൂട്ട് ചെയ്തത് അതേ തീവ്രതയോടെയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
''അവൻ വല്ലാത്തൊരു മൂഡിലായിരുന്നു. കുറച്ചു മദ്യപിച്ചു. വാട്ടർ ടാങ്കിൽ കയറുന്നതും ഇറങ്ങുന്നതും കണ്ടപ്പോൾ എനിക്ക് അത് മനസ്സിലായി. അതുകണ്ട് ഞാൻ പേടിച്ചു, ഞാനവനെ പിന്തുടരുമ്പോൾ ഒന്നും സംഭവിക്കില്ലെന്നും ഇതെല്ലാം അഭിനയമാണെന്നും എന്നോട് പറഞ്ഞു. അതുകേട്ടപ്പോൾ എല്ലാ സ്വാതന്ത്ര്യവും ഞാൻ അവന് നൽകി. കാരണം അത് എല്ലാവരുടെയും മുന്നിൽ അവന്‍റെ സ്നേഹപ്രഖ്യാപനമായിരുന്നു.അവന്‍റെ യഥാര്‍ഥ പ്രണയത്തിന്‍റെ ഏറ്റുപറച്ചിലായിരുന്നു അത്'' സിപ്പി സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിൽ പറയുന്നു.
മെത്തേഡ് ആക്ടിംഗായിരുന്നു ധര്‍മേന്ദ്രയുടേതെന്ന് രമേശ് സിപ്പി പറയുന്നു. ഹേമയോടുള്ള അദ്ദേഹത്തിന്‍റെ തീവ്രപ്രണയം പ്രകടിപ്പിക്കാൻ അദ്ദേഹത്തിനെക്കൊണ്ട് ആവുന്നതെല്ലാം ചെയ്തു. ഒരു ദിവസത്തെ ഷൂട്ടിംഗ് അവസാനിച്ചതിന് ശേഷം ധർമേന്ദ്രയും ഹേമയും തങ്ങളുടെ ബന്ധം അംഗീകരിച്ച നിമിഷത്തെക്കുറിച്ചും സംവിധായകൻ സംസാരിച്ചു. സിനിമയിൽ സംഭവിക്കുന്നത് പോലെ തന്നെയായിരുന്നു ഷോലെയുടെ ചിത്രീകരണ സമയത്ത് അവരുടെ ജീവിതത്തിലും സംഭവിച്ചത്. യഥാർഥ പ്രണയം സ്‌ക്രീനിലും പ്രതിഫലിക്കുന്നതിനാൽ അത് സിനിമയ്ക്ക് നല്ലതാണെന്ന് എനിക്ക് തോന്നി,” അദ്ദേഹം പറഞ്ഞു.
1973-ൽ പുറത്തിറങ്ങിയ സീത ഔർ ഗീത എന്ന കോമഡി ചിത്രത്തിൽ സിപ്പി രണ്ട് അഭിനേതാക്കളുമായും സഹകരിച്ചിരുന്നു . ഷോലെയിലെ ഗബ്ബറിനെയോ താക്കൂറിനെയോ അവതരിപ്പിക്കാൻ ധർമ്മേന്ദ്ര താൽപര്യം പ്രകടിപ്പിച്ചപ്പോൾ, "അല്ലെങ്കിൽ നിങ്ങൾക്ക് ഹേമ മാലിനിയെ കിട്ടില്ല!" എന്ന് പറഞ്ഞുകൊണ്ടാണ് വീരുവിന്റെ വേഷം ചെയ്യാൻ നടനെ പ്രേരിപ്പിച്ചതെന്നും സിപ്പി പറയുന്നു.