'വിവാഹമോചന വാർത്തയെല്ലാം കേട്ടറിയുന്ന മകളുണ്ട്, കുടുംബത്തെ കുറിച്ചുള്ള കെട്ടിച്ചമച്ച വാർത്തകൾ ഞാൻ പൊറുക്കില്ല'; അഭിഷേക് ബച്ചൻ
എല്ലാം അസംബന്ധമാണ്. എനിക്ക് ഐശ്വര്യയെയും അവൾക്ക് എന്നെയും അറിയാം
മുംബൈ: താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹമോചന വാര്‍ത്തകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആരാധകര്‍ക്കിടയിൽ ഇതൊരു ചര്‍ച്ചാവിഷയമാണ്. അഭിഷേക് ഐശ്വര്യയെ വഞ്ചിച്ചുവെന്നും ഇരുവരും വിവാഹമോചനം നേടിയെന്നുമുള്ള വാര്‍ത്തകൾക്കിടെ ഈ വിഷയത്തിൽ മൗനം വെടിഞ്ഞിരിക്കുകയാണ് അഭിഷേക്.
"നിങ്ങൾ ഒരു പൊതു വ്യക്തിയാണെങ്കിൽ, ആളുകൾ ഓരോ ചെറിയ കാര്യത്തെക്കുറിച്ചും ഊഹാപോഹങ്ങൾ നടത്തും. എഴുതിയിരിക്കുന്നതെല്ലാം തികച്ചും തെറ്റാണ്. അതിലൊന്നും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ല. അത് തെറ്റാണ്, മനഃപൂർവം വേദനിപ്പിക്കുന്നതുമാണ്" പീപ്പിങ് മൂണിന് നൽകിയ അഭിമുഖത്തിൽ അഭിഷേക് പറഞ്ഞു. വിവാഹത്തിന് മുമ്പ് എന്നാണ് വിവാഹമെന്നും അതിനു ശേഷം ദമ്പതികൾ എപ്പോൾ വേര്‍പിരിയുമെന്ന് ആളുകൾ കഥകൾ മെനയുമെന്നും വേര്‍പിരിയൽ അവര്‍ തന്നെയാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"എല്ലാം അസംബന്ധമാണ്. എനിക്ക് ഐശ്വര്യയെയും അവൾക്ക് എന്നെയും അറിയാം.ഞങ്ങൾ സന്തുഷ്‌ടവും ആരോഗ്യകരവുമായ ഒരു കുടുംബത്തിലേക്കാകും മടങ്ങിപ്പോവുക. അതാണ് ഏറ്റവും പ്രധാനം. ഈ പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും വാസ്തവം ഉണ്ടെങ്കിൽ അതെന്നെ ബാധിക്കും. പക്ഷേ, ഇതെന്നെ ബാധിക്കുന്നില്ല. അത്യന്തം ബഹുമാനത്തോട് കൂടി പറയട്ടെ, മാധ്യമങ്ങൾക്ക് എപ്പോഴും ഇക്കാര്യത്തിൽ തെറ്റുപറ്റുന്നു. രാഷ്ട്രത്തിന്റെ മനഃസാക്ഷിയാണ് മാധ്യമങ്ങൾ എന്ന് കേട്ടുവളർന്നയാളാണ് ഞാൻ. എന്ത് ചെയ്താലും അതിന്റെ അവസാനം നിങ്ങൾ മറ്റൊരാളെ കുറിച്ചാണ് പറയുന്നത് എന്ന് മനസിലാക്കണം. അത് മറ്റൊരാളുടെ കുഞ്ഞോ പിതാവോ ഭർത്താവോ ഭാര്യയോ ആയിരിക്കാം...ജൂനിയര്‍ ബച്ചൻ പറഞ്ഞു.
പറഞ്ഞു പരത്തുമ്പോൾ ഒരൽപം ഉത്തരവാദിത്തം ആവശ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം നിങ്ങൾക്ക് പറയാനുള്ളത് പറയാം. എന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കൂ, പക്ഷേ അതേസമയം നിങ്ങൾ എന്നെ നേരിടേണ്ടി വരും. കാരണം നിങ്ങൾ അവിടെ പരിധിക്ക് പുറത്താണ്. ഞാൻ ഒരിക്കലും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ വിശ്വസിക്കില്ല. എന്നെയോ, എന്റെ കുടുംബത്തെയോ കുറിച്ചുള്ള കെട്ടിച്ചമച്ച വാർത്തകൾ ഞാൻ പൊറുക്കില്ല. അതിന് അവിടെ വിരാമമാകും," അഭിഷേക് പറഞ്ഞു.
"എനിക്ക് വേണം എന്ന് തോന്നുമ്പോൾ ഞാൻ ചെയ്യും. ഞാൻ തെറ്റായി ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് ഓരോവിഷയത്തിലും വ്യക്തത വരുത്തേണ്ട കാര്യം എനിക്കുള്ളതായി തോന്നുന്നില്ല. അതിന്റെ കാര്യമില്ല. എപ്പോഴെങ്കിലും എന്തെങ്കിലും എന്റെ കൈവിട്ടു പോയെന്നു തോന്നിയാൽ, അതായത് നിങ്ങൾ എന്റെ കുടുംബത്തെ കുറിച്ച് മോശമായി എന്തെങ്കിലും പറഞ്ഞാൽ, ഞാൻ നിങ്ങളെ തിരുത്തും," അഭിഷേക് വ്യക്തമാക്കി.