മെലിഞ്ഞ് എല്ലുകളുന്തി 'മാനഗരം' നായകൻ; നടൻ ശ്രീയെ കണ്ടെത്തി ആശുപത്രിയിലാക്കി

താരം കുറച്ചുനാളുകളായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും വീഡിയോകളും സംശയമുണര്‍ത്തിയിരുന്നു.

Update: 2025-04-18 11:17 GMT
Editor : Jaisy Thomas | By : Web Desk
Advertising

ചെന്നൈ: ആരാധകരുടെയും സഹപ്രവര്‍ത്തകരുടെയും ദിവസങ്ങളോളം നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കും ശേഷം തമിഴ് നടൻ ശ്രീ എന്ന ശ്രീറാം നടരാജനെ കണ്ടെത്തി. ശ്രീയെ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സംവിധായകൻ ലോകേഷ് കനകരാജ് വെള്ളിയാഴ്ച അറിയിച്ചു. ലോകേഷ് സംവിധാനം ചെയ്ത മാനഗരത്തിലെ നായകനായിരുന്നു ശ്രീ.

താരം കുറച്ചുനാളുകളായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും വീഡിയോകളും സംശയമുണര്‍ത്തിയിരുന്നു. മെലിഞ്ഞ് എല്ലുകളുന്തി, കണ്ണുകൾ കുഴിഞ്ഞ് മുടി നീട്ടി വളര്‍ത്തി കളര്‍ ചെയ്ത നിലയിലുള്ള ചിത്രങ്ങളാണ് ശ്രീ പോസ്റ്റ് ചെയ്തിരുന്നു. താരത്തിന്‍റെ മാനസിക നില തകരാറിലാണോ എന്ന ആശങ്കയുമുണ്ടായിരുന്നു. കുടുബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകന്നുകഴിയുകയായിരുന്നു നടൻ. ശ്രീയുടെ ഏറ്റവും പുതിയ ഫോട്ടോകൾ കണ്ട് ഞെട്ടിയ ആരാധകര്‍ ലോകേഷ് കനകരാജിനെ ടാഗ് ചെയ്ത് അദ്ദേഹത്തെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കുവയ്ക്കുകയായിരുന്നു.

"എല്ലാ അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളും മാധ്യമപ്രവർത്തകരും അറിയിനായി, നടൻ ശ്രീറാം വിദഗ്ധ ചികിത്സയിലാണെന്നും ഡോക്ടറുടെ ഉപദേശപ്രകാരം സോഷ്യൽ മീഡിയയിൽ നിന്ന് ഇപ്പോൾ കുറച്ച് സമയം അവധിയെടുക്കുകയാണെന്നും" ലോകേഷ് പങ്കുവച്ച പ്രസ്താവനയിൽ പറയുന്നു. അദ്ദേഹത്തിന്‍റെ സ്വകാര്യത മാനിക്കണമെന്നും ആവശ്യപ്പെട്ടു. ''ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും അങ്ങേയറ്റം ദുഃഖകരമായിരിക്കും, അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് കിംവദന്തികളോ സ്ഥിരീകരിക്കാത്ത അപ്‌ഡേറ്റുകളോ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ എല്ലാ ഓൺലൈൻ, ഓഫ്‌ലൈൻ മാധ്യമ പ്ലാറ്റ്‌ഫോമുകളോടും ഞങ്ങൾ അഭ്യർഥിക്കുന്നു, ”പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ശ്രീയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോകളും അഭിമുഖങ്ങളും നീക്കം ചെയ്യണമെന്നും ലോകേഷ് പറഞ്ഞു.

2023ൽ യുവരാജ് ശയാലൻ സംവിധാനം ചെയ്ത 'ഇരുഗപത്രു'വിലാണ് ശ്രീ അവസാനമായി അഭിനയിച്ചത്. താൻ അഭിനയിച്ച സിനിമകൾക്ക് പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് മാസങ്ങൾക്ക് മുമ്പ് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. സംവിധായകൻ ബാലാജി ശക്തിവേലിന്‍റെ 'വഴക്ക് എൻ 18/9' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം 'ഓണയും ആട്ടുകുട്ടിയും', 'സോനാ പാപ്ഡി', 'വിൽ അമ്പു' തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News