എമ്പുരാൻ ഒടിടിയിലേക്ക്; ഏപ്രിൽ 24ന് ജിയോ ഹോട്ട് സ്റ്റാറിൽ കാണാം

ഹിറ്റ് ചിത്രം ലൂസിഫർ’ ന്‍റെ രണ്ടാം ഭാഗമാണിത്

Update: 2025-04-18 07:11 GMT
Editor : Jaisy Thomas | By : Web Desk
Advertising

മോഹൻലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ എമ്പുരാൻ ഒടിടിയിലേക്ക്. ഏപ്രിൽ 24 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം കാണാം. മുരളി ഗോപി രചിച്ച ഈ ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരൻ ആണ്. ചരിത്രവിജയം നേടിയ ‘ലൂസിഫർ’ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണിത്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരും ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലനും ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമിച്ചിരിക്കുന്നത്.

മഞ്ജു വാര്യർ, അഭിമന്യു സിംഗ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ബൈജു സന്തോഷ്, അനുഷ്ക രുദ്ര വർമ്മ, സച്ചിൻ ഖേദേക്കർ, അലക്സ് ഒ നെൽ, ശിവജി ഗുരുവായൂർ, നന്ദു, ഫാസിൽ, ശിവദ നായർ, സുരാജ് വെഞ്ഞാറമൂട്, നൈല ഉഷ എന്നിവർ ഈ ആക്ഷൻ ത്രില്ലറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കേരളത്തിൽ എല്ലാം മാറി മറിഞ്ഞുകഴിഞ്ഞു. സ്റ്റീഫൻ നെടുമ്പള്ളി ദൈവപുത്രന്‍റെ കൈകളിൽ ഏല്പിച്ചിട്ടു പോയ പാർട്ടിയും കേരളവും ഇപ്പോൾ സുരക്ഷിതമല്ല.ഏവരും വർഷങ്ങൾക്ക് മുൻപ് അപ്രത്യക്ഷനായ സ്റ്റീഫൻ നെടുമ്പള്ളിയുടെ വരവിനായി കാത്തിരിക്കുന്നു. സ്റ്റീഫൻ ഇപ്പോൾ എവിടെയാണ്? ആരാണ് ഖുറേഷി അബ്രാം? തന്‍റെ നാടിനെ രക്ഷിക്കാൻ സ്റ്റീഫൻ തിരിച്ചെത്തുമോ? എന്നിവയിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

ഉയർന്ന സാങ്കേതിക നിലവാരവും ആവേശജനകമായ ആക്ഷൻ രംഗങ്ങളുംകൊണ്ട് എമ്പുരാൻ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിലിരുത്തുന്ന ഗംഭീര ദൃശ്യാനുഭവമായി മാറുന്നു. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ എഡിറ്റിങ് അഖിലേഷ് മോഹനും സംഗീത സംവിധാനം ദീപക് ദേവുമാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ നാല് ഭാഷകളിലാണ് എമ്പുരാൻ സ്ട്രീം ചെയ്യുന്നത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News